| Monday, 30th June 2025, 7:15 pm

യു.പിയില്‍ ആയുധങ്ങളുമായെത്തിയ ബി.ജെ.പി എം.എല്‍.സിയുടെ ഗാര്‍ഡുകളെ സ്റ്റേഡിയത്തില്‍ കയറ്റില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥ; വാക്കുതര്‍ക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആയുധങ്ങളുമായെത്തിയ ബി.ജെ.പി എം.എല്‍.സിയുടെ സുരക്ഷാ ഗാര്‍ഡുകളെ സ്റ്റേഡിയത്തില്‍ കയറ്റില്ലെന്ന് പറഞ്ഞതോടെ വാക്കുതര്‍ക്കം. ബി.ജെ.പി എം.എല്‍.സി അരുണ്‍ പഥകും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഞ്ജലി വിശ്വകര്‍മയും തമ്മിലാണ് തര്‍ക്കമുണ്ടായത്.

ഇന്നലെ (ഞായര്‍)യാണ് സംഭവം നടന്നത്. കാണ്‍പൂര്‍ നഗരത്തിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥയും അരുണ്‍ പഥകും ഏറ്റുമുട്ടിയത്. വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി.ജെ.പി എം.പി രമേശ് അവസ്തി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തിലേക്ക് ക്ഷണം ലഭിച്ചെത്തിയതാണ് അരുണ്‍ പഥക്. എന്നാല്‍ ആയുധങ്ങളുമായാണ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഗാര്‍ഡുകളെ സ്റ്റേഡിയത്തിനുള്ളിലേക്ക് കയറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.സി പൊലീസിനോട് കയര്‍ക്കുകയും ചെയ്തു. പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ജലി വിശ്വകര്‍മ ഗാര്‍ഡുകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. തുടർന്ന് ഉദ്യോഗസ്ഥയോട് അരുണ്‍ പഥക് കയര്‍ക്കുകയായിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ കാണ്‍പൂര്‍ മേയര്‍ പ്രമീള പാണ്ഡെയും മറ്റ് ബി.ജെ.പി നേതാക്കളും വിഷയത്തില്‍ ഇടപെടുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. സംഭവം വിവാദമായെങ്കിലും കാണ്‍പൂര്‍ പൊലീസോ യു.പി സര്‍ക്കാരോ ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: UP female police officer denies BJP MLC’s armed guards from entering stadium

We use cookies to give you the best possible experience. Learn more