ഗസ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 571 ഫലസ്തീൻ ജീവനക്കാരെ പിരിച്ചുവിടുന്നെന്ന് യു.എൻ.ആർ.ഡബ്ല്യു.എ.
ഏഴ് പതിറ്റാണ്ടിലേറെയായി ഗസ, വെസ്റ്റ് ബാങ്ക്, ലെബനൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ ഫലസ്തീൻ അഭയാർത്ഥികൾക്ക് ഐക്യരാഷ്ട്ര സഭയുടെ യു.എൻ.ആർ.ഡബ്ല്യു.എ സഹായങ്ങൾ നൽകി വരുന്നുണ്ട്.
എന്നാൽ ഏജൻസിയിലേക്കുള്ള സംഭാവനകൾ കുറഞ്ഞുവരുന്നെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു.
2025ൽ UNRWA പ്രവർത്തനങ്ങൾക്ക് ഏകദേശം 880 മില്യൺ ഡോളർ ചെലവ് വന്നിരുന്നു. എന്നാൽ ഏജൻസിക്ക് സംഭാവനയായി ലഭിച്ചത് 570 മില്യൺ ഡോളർ മാത്രമാണെന്ന് യു.എൻ വക്താവ് പറഞ്ഞു.
നിലവിലെ സ്ഥിതിയിൽ 2026 ൽ ഗണ്യമായ കുറവുണ്ടാകുമെന്നും യു.എൻ വക്താവ് കൂട്ടിച്ചേർത്തു.
പിരിച്ചുവിടുന്ന ജീവനക്കാർക്ക് 10 മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്നും യു.എൻ.ആർ.ഡബ്ല്യു.എയുടെ നിയന്ത്രണങ്ങൾ കാരണം ജോലി എപ്പോൾ തുടരാൻ കഴിയുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കം മുതൽ ഗസയിൽ 300-ലധികം ജീവനക്കാർ കൊല്ലപ്പെട്ടെന്നും ഏജൻസിയിൽ ഇപ്പോഴും 12,000 ഫലസ്തീനികൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങൾ UNRWAക്കുള്ള ധനസഹായം നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്തത് ഏജൻസിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
കിഴക്കൻ ജെറുസലേമിലെ UNRWA ആസ്ഥാനത്തിന് നേരെ ഇസ്രഈൽ സൈന്യത്തിന്റെ അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അന്താരാഷ്ട്ര സമൂഹങ്ങൾ അപലപിച്ചിരുന്നു.
ഇസ്രഈലിന്റെ പുതിയ നിയന്ത്രണ പ്രകാരം, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, ഓക്‌സ്ഫാം, നോർവീജിയൻ അഭയാർത്ഥി കൗൺസിൽ, കാരിത്താസ്, കെയർ, ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റി എന്നിവയുൾപ്പെടെയുള്ള പ്രധാന മാനുഷിക സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഇസ്രഈൽ വിലക്കേർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.
Content Highlight: UNRWA lays off 571 Palestinian staff due to severe financial crisis