ഒരുതരി ലാഗ് പോലും ഫീല്‍ ചെയ്യിക്കാതെ ആദ്യാവസാനം ഫണ്‍ റൈഡ് ഓഫര്‍ ചെയ്യുന്ന ചിത്രമാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായതിന്റെ ക്ഷീണമെല്ലാം രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ തീര്‍ത്തിട്ടുണ്ട്. മോളിവുഡില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ഗംഭീര ഡാര്‍ക്ക് കോമഡി ചിത്രമെന്നാണ് മോഹിനിയാട്ടത്തെ പലരും വിശേഷിപ്പിക്കുന്നത്.
സിനിമ കണ്ട് കഴിഞ്ഞ് ഇരുത്തി ചിന്തിച്ചാല്‍ ഇത്രയും വയലന്‍സ് നിറഞ്ഞ ഒരു പ്ലോട്ടിനെയാണോ ചിരിച്ചുകൊണ്ട് കണ്ടത് എന്ന് എല്ലാ പ്രേക്ഷകര്‍ക്കും തോന്നും. എന്നാല്‍ ഒരു തുള്ളി ചോര പോലും കാണിക്കാതെ വലിയൊരു വയലന്‍സ് സിറ്റുവേഷനെ പക്കാ കോമഡിയായാണ് കൃഷ്ണദാസ് മുരളി അവതരിപ്പിച്ചത്. ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള ഒരുപാട് സീനുകള്‍ക്കിടയില്‍ ചെറിയ ചില കോമഡികളും വലിയ ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്.
മോഹിനിയാട്ടം Photo: Screen grab/ Think Music India
അത്തരത്തിലൊന്നാണ് കലാരഞ്ജിനിയും സൈജു കുറുപ്പും തമ്മിലുള്ള സംഭാഷണങ്ങള്‍. ചിത്രത്തില്‍ കുടുംബക്കാര്‍ ഒരാളെ കൊന്നതിന് ശേഷം വീട്ടിലേക്ക് ശശിധരന്‍ എത്തുന്ന രംഗമുണ്ട്. ഒന്നും സംഭവിക്കാത്ത രീതിയില്‍ എല്ലാവരും നില്‍ക്കുമ്പോള്‍ ‘ദാ മോനേ ചായ’ എന്ന് പറഞ്ഞ് സരസ്വതിയമ്മ മകന് നല്‍കുന്ന ടാങ്ക് ആണ്. പിന്നീട് പല സീനിലും സരസ്വതിയമ്മ ടാങ്കുമായി വരുമ്പോള്‍ ചിരി പടരുന്നുണ്ട്.
‘പൊലീസ് എല്ലാം മണത്തറിഞ്ഞ് വരുന്നതിന് മുമ്പ് നമുക്ക് കുറച്ച് അച്ചപ്പവും മുറുക്കുമായി സ്റ്റേഷനില്‍ പോയി സംസാരിച്ച് തീര്‍ക്കാം’ എന്ന് സരസ്വതിയമ്മ മകന് ഐഡിയ പറഞ്ഞുകൊടുക്കുന്ന രംഗമുണ്ട്. സീരിയസായിട്ടുള്ള അവസ്ഥയിലും ഇത്തരം നോര്‍മല്‍ ഡയലോഗുകള്‍ ചിരിയുടെ പൂരമാണ് തീര്‍ക്കുന്നത്. ഭരതനാട്യത്തിലെ സുഭാഷ് രണ്ടാം പകുതിയിലെത്തുമ്പോള്‍ അയാള്‍ക്ക് വീട്ടുകാര്‍ കൊടുക്കുന്നതും അച്ചപ്പവും മുറുക്കുമാണ്.
മോഹിനിയാട്ടം Photo: Screen grab/ Think Music India
വിജയ് ബാബു അവതരിപ്പിച്ച മോഹന്‍ദാസ് എന്ന കഥാപാത്രവും ചിരിയുടെ പൂരം തീര്‍ക്കുന്നുണ്ട്. രണ്ട് സീനില്‍ മാത്രമാണ് ഈ കഥാപാത്രം വരുന്നത്. ഭരതന്‍ നായരും ടീമും ഉണ്ടാക്കിയെടുത്ത വ്യാജ അമ്പലത്തിന്റെ കഥ നാട്ടില്‍ പാട്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മോഹന്‍ദാസിന്റെ ‘കഴിഞ്ഞയാഴ്ച മലപ്പുറത്ത് ഹനുമാന്‍കൈന്‍ഡിന് അമ്പലമുണ്ടാക്കാന്‍ നോക്കിയ ഒരു ടീമിനെ പൊക്കിയതേയുള്ളൂ’ എന്ന ഡയലോഗിനും ഗംഭീര കൈയടിയായിരുന്നു.
നാട്ടുകാരെ പറ്റിക്കാനായി കെട്ടിയ ഉഡായിപ്പ് അമ്പലത്തിലേക്ക് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച പാര്‍ത്ഥന്‍ എന്ന കഥാപാത്രം അന്വേഷണത്തിനായി പോകുന്നുണ്ട്. തങ്ങളുടെ ഉഡായിപ്പ് പിടിക്കപ്പെടുമ്പോഴും ആചാരത്തെ വിട്ടുകളിക്കാന്‍ നിസ്താര്‍ സേട്ട് അവതരിപ്പിച്ച ബേബി എന്ന കഥാപാത്രം തയാറാകാത്തതും ചിരി പടര്‍ത്തി. ‘സാറേ, പാന്റ് ധരിച്ച് അമ്പലത്തില്‍ കയറാന്‍ പറ്റില്ല’ എന്ന് പറഞ്ഞാണ് ബേബി പാര്‍ത്ഥനെ തടയുന്നത്.
മോഹിനിയാട്ടം Photo: Screen grab/ Think Music India
ഒ.ടി.ടി റിലീസിന് ശേഷം ഓരോ ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. അത്രമാത്രം ബ്രില്യന്റായിട്ടുള്ള സ്‌ക്രിപ്റ്റും അവതരണവുമാണ് മോഹിനിയാട്ടത്തിന്റേത്.
Content Highlight: Unnoticed comedy dialogues in Mohiniyattam movie