ന്യൂദല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയെ കുറ്റവാളിയെ പോലെയാണ് കൈകാര്യം ചെയ്തതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
കേസിലെ പ്രതി കുല്‍ദിപ് സിങ് സെന്‍ഗാറിന്റെ ജീവപരന്ത്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിക്കുന്നതിനിടെ സുരക്ഷാ സേന പെണ്‍കുട്ടിയെ ബലമായി നീക്കം ചെയ്ത നടപടിയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
‘കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചതാണോ അവരുടെ തെറ്റ്,’ രാഹുല്‍ പറഞ്ഞു.
കുല്‍ദീപ് സിങ്ങിന് ജാമ്യം നല്‍കിയ നടപടിയേയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി നടപടിയെ ‘നിരാശാജനകവും ലജ്ജാകകരവും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ബലാത്സംഗം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുന്നു. അതിജീവിതയോട് കുറ്റവാളികളെ പോലെ പെരുമാറുന്നു. ഇതെന്തുതരം നീതിയാണ്,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ഇന്നലെയായിരുന്നു ഉന്നാവോ കൂട്ട ബലാത്സംഗ കേസിലെ പ്രതി കുല്‍ദീപ് സിങ്ങിന് ജാമ്യം ലഭിച്ചത്. വിചാരണകോടതിയുടെ ജീവപര്യന്തം നല്‍കികൊണ്ടുള്ള വിധിയേയും ദല്‍ഹി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ചിരുന്നു.
2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവോയിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ മടിക്കുകയും പെണ്‍കുട്ടിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനടക്കമുള്ള ശ്രമങ്ങള്‍ അടക്കം നടത്തുകയും ചെയ്തു.
പിന്നീട് റായ്ബറേലിയില്‍ വെച്ച് അതിജീവിതയ്ക്ക് നേരെ കുല്‍ദീപും കൂട്ടാളികളും ചേര്‍ന്ന് ട്രക്ക് ഇടിച്ചു കയറ്റുകയും അതിജീവിതയ്ക്കും അഭിഭാഷകയ്ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ അതിജീവിതയുടെ മൂന്നോളം ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുല്‍ദീപിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എ യുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിക്കുകയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിനു മുന്നില്‍ അതിജീവിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് കസ്റ്റഡിയില്‍ മരിക്കുകയുമായിരുന്നു.
Content Highlight: Unnao rape case; Survivor treated like a criminal: Rahul Gandhi
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.