ഉന്നാവ് ബലാത്സംഗ കേസ്: കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം മരവിപ്പിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
India
ഉന്നാവ് ബലാത്സംഗ കേസ്: കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം മരവിപ്പിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
നിഷാന. വി.വി
Friday, 15th May 2026, 3:29 pm

ന്യൂദൽഹി: ഉന്നാവ് ബലാത്സംഗ കേസ് പ്രതിയും മുൻ ബി.ജെ.പി നേതാവുമായ കുൽദീപ് സിങ് സൻഗാറിന്റെ ജീവപര്യന്തം തടവ് മരവിപ്പിച്ച ദൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി.

ശിക്ഷ മരവിപ്പിക്കണമെന്ന സെൻഗാറിന്റെ അപേക്ഷ വേനൽഅവധിക്ക് മുമ്പായി വീണ്ടും കേൾക്കാൻ സുപ്രീംകോടതി ബെഞ്ച് ഡൽഹി ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെയുള്ള അപ്പീൽ രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സെൻഗാറിന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസിന്റെ മെറിറ്റിനെക്കുറിച്ച് തങ്ങൾ ഒരു അഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതിക്ക് പുതുതായി മുന്നോട്ട് പോവാൻ സ്വാതന്ത്രമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സെൻഗാറിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്, പോക്സോ നിയമത്തിലെ സെക്ഷൻ 5(സി), ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376(2) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ഈ കേസിൽ നിലനിൽക്കില്ല എന്നാണ്. ഈ വകുപ്പുകൾ പ്രകാരം ഒരു എം.എൽ.എയെ ‘പൊതുസേവകൻ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ മരവിപ്പിച്ചത്.

എന്നാൽ, ഹൈക്കോടതിയുടെ ഈ തീരുമാനം പോക്സോ നിയമത്തിന്റെ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തുന്നതാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും സി.ബി.ഐ വാദിച്ചു. ഒരു എം.എൽ.എ പൊതു സേവകനല്ലെന്ന ഹൈക്കോടതിയുടെ വ്യാഖ്യാനം കുട്ടികൾക്ക് ലൈംഗികാതിക്രമത്തിനെതിരെ നൽകുന്ന സുരക്ഷയില്ലാതാക്കുമെന്ന് സി.ബി.ഐ പറഞ്ഞു.

2017 ലായിരുന്നു കേസിൽനാസ്പദമായ സംഭവം. ഉന്നാവിലെ 17 വയസ്സുകാരിയായ പെൺകുട്ടിയെയായിരുന്നു ബി.ജെ.പി എം.എൽ.എയായിരുന്ന സെൻഗാർ പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് 2018 ഏപ്രിലിൽ അതിജീവിത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഈ കേസ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്.

തുടർന്ന് അതിജീവിതയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് അദ്ദേഹം മരണപ്പെടുകയും ചെയ്തു. 2019-ൽ അതിജീവിതയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ ഒരു ട്രക്ക് ദുരൂഹമായ രീതിയിൽ ഇടിക്കുകയും, അപകടത്തിൽ അതിജീവിതയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

2019 ഡിസംബറിൽ ഡൽഹിയിലെ പ്രത്യേക കോടതി കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവ് ശിക്ഷയും 25 ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സെൻഗാറിന് 2020 മാർച്ചിൽ കോടതി 10 വർഷം കഠിന തടവ് ശിക്ഷയും വിധിച്ചിരുന്നു.

ഡൽഹി ഹൈക്കോടതി 2025 ഡിസംബറിൽ സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇരയുടെ സുരക്ഷയും കേസിന്റെ ഗൗരവവും കണക്കിലെടുത്ത് സി.ബി.ഐ സമർപ്പിച്ച അപ്പീലിന്മേൽ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സെൻഗാറിന്റെ ജയിൽ ശിക്ഷ പുനസ്ഥാപിക്കുകയും ചെയ്തു.

Content Highlight: Unnao rape case: Supreme Court quashes High Court verdict freezing Kuldeep Sengar’s life sentence

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.