ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
India
ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശ്രീലക്ഷ്മി എ.വി.
Sunday, 28th December 2025, 6:58 pm

ന്യൂദൽഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എൽ.എയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവടക്കമുള്ള പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ദൽഹി പൊലീസ്.

പാർലമെന്റിന് സമീപം കുത്തിയിരിപ്പ് സമരം നടത്തിയ ആക്ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ എന്നിവരടക്കമുള്ള നിരവധി പ്രതിഷേധക്കാരെയാണ് ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

എം.എൽ.എയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പാർലമെന്റ് സമീപത്തെത്തി റോഡിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പാർലമെന്റിന് സമീപമുള്ള പ്രദേശം പ്രതിഷേധക്കാർക്കുള്ള സ്ഥലമല്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായപ്പോൾ അവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തരവിനെതിരെ അതിജീവിതയും അമ്മയും ഹൈക്കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അതിജീവിത നേരത്തെ പറഞ്ഞിരുന്നു.

2017 ൽ 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം തടവ് ഈ മാസം 23 നായിരുന്നു ദൽഹി ഹൈക്കോടതി റദ്ദാക്കിയത്.

അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ യാത്ര ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജി ഡിസംബർ 29 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സുപ്രീം കോടതിയുടെ കോസ് ലിസ്റ്റ് അനുസരിച്ച്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി കേൾക്കും.

Content Highlight: Unnao rape case: Police take into custody Congress leader and others who protested against High Court order

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.