ന്യൂദൽഹി: ഉന്നാവോ കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ മുൻ ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം ദൽഹി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത.
ദൽഹി ഹൈക്കോടതിയുടെ തീരുമാനം തന്റെ കുടുംബത്തിന്റെ മരണത്തിന് തുല്യമാണെന്ന് അവർ പറഞ്ഞു. അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ദൽഹി ഹൈക്കോടതി കേസിലെ പ്രതിയായ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം മരവിപ്പിക്കുകയും പിന്നാലെ ജാമ്യം അനുവദിക്കുകയും ചെയ്തത്.
2019 ഡിസംബറിൽ വിചാരണ കോടതിവിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് പ്രതിക്ക് ദൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
‘ഇതുപോലുള്ള ഒരു കേസിൽ കുറ്റവാളിക്ക് ജാമ്യം ലഭിച്ചാൽ, രാജ്യത്തെ പെൺമക്കൾ എങ്ങനെ സുരക്ഷിതരായിരിക്കും? ഞങ്ങൾക്ക് ഈ തീരുമാനം മരണത്തിന് തുല്യമാണ്. പണമുള്ളവർ ജയിക്കുന്നു, പണമില്ലാത്തവർ തോൽക്കുന്നു,’ അതിജീവിത പറഞ്ഞു.
പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ മൗണ്ടി ഹൗസിൽ തങ്ങൾ പ്രതിഷേധം നടത്തുമെന്നും ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.
അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കുൽദീപ് സിങ് സെൻഗർ വരരുതെന്നും അതിജീവിതയെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നും ദൽഹി ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ സ്വയമേവ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി നിർദേശിച്ചു
ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കുൽദീപ് സിങ് സെൻഗാർ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ തുടരും.
2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവോയിലെ ബി.ജെ.പി നേതാവും എം.എൽ.എയുമായ കുൽദീപ് സിങ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പോലീസ് കേസെടുക്കാൻ മടിക്കുകയും പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളടക്കം നടത്തുകയും ചെയ്‌തിരുന്നു.
പിന്നീട് റായ്ബറേലിയിൽ നടന്ന വാഹനാപകടത്തിൽ അതിജീവിതയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസിൽ കുൽദീപിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുൽദീപിനെ ബി.ജെ.പിയിൽ നിന്നും പുറത്താക്കിയത്.
കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയുടെ പിതാവിനെ എം.എൽ.എ യുടെ സഹോദരൻ അടക്കമുള്ളവർ മർദിക്കുകയും കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ വീടിനു മുന്നിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് കസ്റ്റഡിയിൽ മരിക്കുകയായിരുന്നു.
Content Highlight: Unnao gang rape case: Survivor says she will approach Supreme Court against bail granted to BJP leader