ന്യൂദല്‍ഹി: ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി.
10 വര്‍ഷത്തെ തടവ് താത്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍ഗാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഉന്നാവോ ബലാത്സംഗ കേസില്‍ സെന്‍ഗാറിന്റെ ജീവപര്യന്തം തടവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചിരുന്നു.
അതേസമയം കുല്‍ദീപിന്റെ ജീവപര്യന്തം തടവ് മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീല്‍ പരിഗണിച്ചായിരുന്നു നടപടി. സെന്‍ഗാറിന്റെ ജാമ്യവും കോടതി സ്റ്റേ ചെയ്തിരുന്നു.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച പൊലീസ് പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടർന്ന് റായ്ബറേലിയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
പിന്നാലെ കുല്‍ദീപിനെ പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി പുറത്താക്കി. കേസ് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു.
ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. സെന്‍ഗാറിന്റെ നിര്‍ദേശമനുസരിച്ച് ആയുധ നിയമപ്രകാരമായിരുന്നു അറസ്റ്റ്. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2018 ഏപ്രിലിലാണ് അതിജീവിതയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ഗാറിന്റെ അറിവോടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് എഫ്.ഐ.ആര്‍.
കേസില്‍ സെന്‍ഗാറിനും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷത്തെ തടവാണ് ദല്‍ഹിയിലെ വിചാരണ കോടതി വിധിച്ചത്.