അസമില്‍ 10 അടി ഉയരമുള്ള നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍
India
അസമില്‍ 10 അടി ഉയരമുള്ള നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍
രാഗേന്ദു. പി.ആര്‍
Wednesday, 25th February 2026, 8:49 pm

ഗുവാഹത്തി: അസമില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍. അസമിലെ കാച്ചാര്‍ ജില്ലയിലാണ് സംഭവം. പൈലാപൂള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന 10 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച രാത്രിയാണ് തകര്‍ക്കപ്പെട്ടത്.

ജെ.സി.ബി ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിമ തകര്‍ക്കാന്‍ ഉപയോഗിച്ച ജെ.സി.ബിയും പൊലീസ് കണ്ടെത്തി.

സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ നിരന്തരമായി കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയും അധിക്ഷേപിക്കുന്ന സാഹചര്യത്തത്തിലാണ് നെഹ്റുവിന്റെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം.

പ്രതിമ തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായി ലഖിപൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ശങ്കര്‍ ദയാല്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ഒരു ദൃക്സാക്ഷിയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ദയാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


പ്രതികളെ കണ്ടെത്തണമെന്നും കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് അസം നേതൃത്വം ആവശ്യപ്പെട്ടു.

നെഹ്റുവിന്റെ പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് അസം കോണ്‍ഗ്രസിന്റെ പ്രതികരണം. പോസ്റ്റില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സഹായിയും ലഖിപൂര്‍ എം.എല്‍.എ കൗശിക് റായ്‌യുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണിതെന്ന് കോണ്‍ഗ്രസ് സില്‍ച്ചാര്‍ പ്രസിഡന്റ് സജല്‍ അച്ചര്‍ജി പറഞ്ഞു.

1965ല്‍ സ്ഥാപിതമായ നെഹ്റു കോളേജിന് മുന്നില്‍ 2000ലാണ് നെഹ്റുവിന്റെ പ്രതിമ സ്ഥാപിച്ചത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേവ്, മുന്‍ അസം മന്ത്രി ദിനേശ് പ്രസാദ് ഗോല എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രദീപ് കുമാര്‍ ഡേ പറഞ്ഞു.

‘1953ല്‍ നെഹ്റുവിന്റെ പേരില്‍ ഇതേ സ്ഥലത്ത് ഒരു ഹൈസ്‌കൂളും സ്ഥാപിച്ചു. ആദ്യത്തെ പ്രധാനമന്ത്രിയെ ആദരിക്കുന്ന ഒരു മഹത്തായ സംസ്‌കാരം നമുക്കുണ്ട്. എന്നാല്‍ ഇവിടെ അതല്ല സംഭവിച്ചത്,’ പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നെഹ്റുവിന്റെ പ്രതിമ തകര്‍ക്കപ്പെടുന്നത് ലജ്ജാകരമാണെന്ന് മുന്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അഭിജിത് പോള്‍ പറഞ്ഞു.

ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം ബംഗ്ലാദേശിന്റെ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റുമായ മുജിബുല്‍ റഹ്‌മാന്റെ പ്രതിമ തകര്‍ത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

Content Highlight: Unknown persons vandalize 10-foot Nehru statue in Assam

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.