'ഭീകരവാദികള്‍ നിങ്ങളെ കൊല്ലും'; ചിരാഗ് പാസ്വാന് ഭീഷണി സന്ദേശം
India
'ഭീകരവാദികള്‍ നിങ്ങളെ കൊല്ലും'; ചിരാഗ് പാസ്വാന് ഭീഷണി സന്ദേശം
റെന്വര്‍ പി
Tuesday, 1st September 2026, 9:25 pm

ന്യൂദല്‍ഹി: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ചിരാഗ് പാസ്വാന് വധ ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ്. പാസ്വാന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാര്‍ സിങ് ഇന്ന് (സെപ്റ്റംബര്‍ ഒന്ന്, ചൊവ്വ) കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഈ കാര്യം പറയുന്നത്.

പാസ്വാന്റെ ജീവന് നേരിട്ട് ഭീഷണിയുണ്ടെന്ന സന്ദേശം മന്ത്രാലയത്തിന് ലഭിച്ചതായി കത്തില്‍ പറയുന്നു. ‘ഭീകരവാദികള്‍ നിങ്ങളെ ഉടന്‍ കൊല്ലും’ എന്നാണ് സന്ദേശം. രണ്ട് ഫോണ്‍ നമ്പറുകളും ഈ ഭീഷണി സന്ദേശത്തിലുണ്ടായിരുന്നതായും കത്തില്‍ പറയുന്നു.

സന്ദേശം ‘ഗുരുതരമായ ആശങ്ക’ ഉണ്ടാക്കുന്ന കാര്യമാണ്. മന്ത്രിയുടെ സുരക്ഷയെ കുറിച്ച് ‘ഗുരുതരമായ ആശങ്കകള്‍’ ഇത് ഉയര്‍ത്തുന്നുവെന്നും അലോക് കുമാര്‍ സിങ് കത്തില്‍ പറഞ്ഞു.

സന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. പാസ്വാന് നല്‍കിയ സുരക്ഷയെക്കുറിച്ച് പുനരവലോകനം നടത്തണമെന്നും ഓഫീസ് ആവശ്യപ്പെട്ടു. നിലവില്‍ ആഭ്യന്തര മന്ത്രാലയം പാസ്വാന് ഇസഡ്-കാറ്റഗറി പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്.

അടുത്തിടെ പട്ടികജാതി സംവരണവുമായി ബന്ധപ്പെട്ട് ചിരാഗ് പാസ്വാന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തരംതിരിക്കണമെന്ന കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു ചിരാഗ് പാസ്വാന്റെ പ്രതികരണം.

എസ്.സി-എസ്.ടി സംവരണത്തിന് ഉപ സംവരണം ആവശ്യപ്പെട്ട ജിതന്‍ റാം മാഞ്ചി രാജിവെക്കണമെന്നും പാസ്വാന്‍ ആവശ്യപ്പെട്ടിരുന്നു.

സാമ്പത്തിക കാരണങ്ങളാല്‍ സംവരണം ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. അത്തരമൊരു മാനദണ്ഡം അവതരിപ്പിക്കുന്നത് വഴി സാമൂഹിക നീതിയുടെ തത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നും ദളിതര്‍ക്കെതിരായ വിവേചനം തുടരാന്‍ കാരണമാവുമെന്നും പാസ്വാന്‍ പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു.

‘ക്രീമി ലെയര്‍ എന്തുകൊണ്ട് പാടില്ല എന്ന് ചോദിക്കുന്നവര്‍ ആദ്യം സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ഉപേക്ഷിക്കണം. ജിതന്‍ റാം മാഞ്ചി ക്രീമി ലെയറില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം ആദ്യം രാജിവയ്ക്കണം. അദ്ദേഹത്തിന്റെ മകനും രാജിവയ്ക്കണം,’ എന്നും പാസ്വാന്‍ അഭിപ്രായപ്പെട്ടിരുന്നു.

സമൂഹത്തിന്റെ വിശാലമായ താല്‍പര്യത്തില്‍ ഉപ വര്‍ഗീകരണം ആവശ്യമാണെന്നായിരുന്നു പാസ്വാന്റെ വാദങ്ങള്‍ക്കെതിരെ ജിതന്‍ റാം മാഞ്ചി പ്രതികരിച്ചത്. പട്ടികജാതി വിഭാഗങ്ങളിലെ ദരിദ്രരുടെ കാര്യം ശ്രദ്ധിക്കാത്ത പാസ്വാന്‍ രാജിവെക്കണമെന്നും മാഞ്ചി പറഞ്ഞിരുന്നു.

പാസ്വാന്റെ പാര്‍ട്ടിയായ എല്‍.ജെ.പി (ആര്‍.വി), മാഞ്ചിയുടെ എച്ച്.എ.എം എന്നിവ ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ഡി.എ ഘടക കക്ഷികളാണ്. ദളിത് സമുദായങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ചിരാഗ് പാസ്വാനും ജിതന്‍ റാം മാഞ്ചിയും. പാസ്വാന്‍ സമുദായത്തില്‍ നിന്നാണ് ചിരാഗ് പാസ്വാനുള്ള പിന്തുണ.

Content Highlight: Union Minister Chirag Paswan Gets Death Threat From ‘Terrorists’, Office Seeks Enhanced Security

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.