ഡ്രീം ബജറ്റെന്ന് പറഞ്ഞാല്‍ ഇതാണ്..... എല്ലാം സ്വപ്നങ്ങളില്‍ മാത്രം.....
union budget 2018
ഡ്രീം ബജറ്റെന്ന് പറഞ്ഞാല്‍ ഇതാണ്..... എല്ലാം സ്വപ്നങ്ങളില്‍ മാത്രം.....
കെ. സഹദേവന്‍
Friday, 1st February 2019, 7:49 pm

കര്‍ഷകര്‍ക്കും അസംഘടിത തൊഴിലാളി വിഭാഗത്തിനും ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് ഭക്തരാല്‍ പ്രകീര്‍ത്തിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ബജറ്റാണ് മോദി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഇടക്കാല ധനമന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യവസ്ഥാപിതമായ എല്ലാ ജനാധിപത്യ മര്യാദകളെയും പാര്‍ലമെന്ററി കീഴ്വഴക്കങ്ങളെയും ഉല്ലംഘിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ തനതു രീതിയില്‍ ഈ ബജറ്റവതരണവും നടത്തിയിരിക്കുന്നത്.

നാളിതുവരെ ഒരു സര്‍ക്കാരും ആറ് ബജറ്റ് അവതരണം നടത്തിയിട്ടില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവസാന ബജറ്റ് ഇടക്കാല ബജറ്റിന്റെ രൂപത്തിലാണ് അവതരിപ്പിക്കാറ്. ഈയൊരു കീഴ്‌വഴക്കത്തെ അട്ടിമറിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇത് ബജറ്റവതരണമായിരുന്നില്ല, മറിച്ച് മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണ്. ബജറ്റില്‍ പറഞ്ഞിരിക്കുന്ന നികുതിയിളവുകളും സൗജന്യങ്ങളും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകണമെങ്കില്‍ പാര്‍ലമെന്റില്‍ ഇവ പാസാക്കപ്പെടേണ്ടതുണ്ട്.

 

നൂറ് ദിവസം മാത്രം അധികാരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു സര്‍ക്കാരിന് ഇവ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ സാധ്യമല്ല എന്നതാണ് വസ്തുത. അതേസമയം സമ്പൂര്‍ണ്ണ ബജറ്റവതരണത്തിലൂടെ വരാനിരിക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തിക നയരൂപീകരണങ്ങളില്‍ ഇടപെടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ഈ ബജറ്റില്‍ നടത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്കുള്ള സൗജന്യം, അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി കൂടാതെ മധ്യവര്‍ഗ് വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള നികുതിയിളവ് എന്നിവയാണിവ. കര്‍ഷകര്‍ക്കുള്ള പ്രതിവര്‍ഷ സൗജന്യമായി 6000 രൂപ നല്‍കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. 75,000 കോടിരൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 6000 രൂപ മൂന്ന് തവണയായി നല്‍കുവാനാണ് നീക്കം. മേല്‍പ്പറഞ്ഞ പദ്ധതികള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ സാധ്യമല്ല എന്ന് സര്‍ക്കാരിന് നന്നായറിയാവുന്നതാണ്.

ഉദാഹരണത്തിന്, 5ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുള്ള നികുതിയിളവുകള്‍ ലഭ്യമാകണമെങ്കില്‍ അത് പാര്‍ലമെന്റില്‍ പാസാക്കപ്പെടണം. പാര്‍ലമെന്റില്‍ അത് പാസാക്കപ്പെടണമെങ്കില്‍ മെയ് കഴിയണം. അതായത് പുതിയ സര്‍ക്കാര്‍ വരണം. കര്‍ഷകര്‍, അസംഘടിത തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെല്ലാം തന്നെ കേവല വാഗ്ദാനങ്ങള്‍ക്കപ്പുറത്ത് മോദി സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നും തന്നെ ഈ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായില്ല.

 

പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. മുന്‍കാലങ്ങളില്‍ തങ്ങള്‍ അവതരിപ്പിച്ച ബജറ്റ് എങ്ങിനെ ജനങ്ങള്‍ക്ക് ഗുണകരമായി ഭവിച്ചു എന്ന് വിശദീകരിക്കാനുള്ള യാതൊരു സ്‌കോപ്പും ഇല്ലാ എന്ന വസ്തുത മുന്നില്‍ കണ്ടുകൊണ്ടാണ് മോദി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ഒരോ കാലത്തും ഓരോ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ ജനങ്ങള്‍ക്ക് ഗുണകരമായി മാറുന്നുണ്ടോ എന്നതിനെ സംബന്ധിച്ച യാതൊരു വിലയിരുത്തലുകളും നടത്താതെ പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നത് മോദിയുടെ സവിശേഷതയാണ്. പി എം ഫസല്‍ ഭീമ യോജന”, “പിഎം ആശാ യോജന” എന്നീ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് യാതൊരു ഗുണവും ലഭ്യമായിട്ടില്ല. ഫസല്‍ ഭീമ യോജന യഥാര്‍ത്ഥത്തില്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ താല്‍പര്യപ്രകാരം ഉണ്ടാക്കിയെടുത്ത ഒന്നായിരുന്നു. അതിലൂടെ ലാഭം കൊയ്തതും അവര്‍തന്നെയായിരുന്നു.

ഇതിനൊക്കെ പുറമെയാണ് “പിഎം കിസാന്‍ സമ്മാന്‍ യോജന”എന്ന പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 6000 രൂപ ഒരു കുടുംബത്തിന് ലഭിക്കുമെന്നാണ് പറയുന്നത്. ഇന്ത്യന്‍ ജനതയെ തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന തുക പ്രതിമാസം 500 രൂപയായിരിക്കും. അതായത് അഞ്ച് പേരടങ്ങുന്ന ഒരു കര്‍ഷക കുടുംബത്തിലെ ഒരംഗത്തിന് ലഭിക്കുന്ന പ്രതിദിന സമ്മാനം 3.3രൂപ

 

രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ അഭൂതപൂര്‍വ്വമായ തോതില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത് നാം കാണുകയുണ്ടായി. കര്‍ഷക രോഷത്തില്‍ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കാലിലെ മണ്ണ് ചോര്‍ന്ന് പോകുന്നതും ബി.ജെ.പി അറിയുന്നുണ്ടായിരുന്നു. കര്‍ഷക വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രം എന്ന രീതിയിലാണ് പുതിയ സൗജന്യങ്ങള്‍ അനുവദിച്ചിരിക്കുന്നത്. തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളുടെ മാതൃകയില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് കേന്ദ്ര ഗവണ്‍മെന്റും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വളരെ തുച്ഛമായ ഈ തുക കാര്‍ഷിക മേഖലയില്‍ യാതൊരു ഉണര്‍വ്വും സൃഷ്ടിക്കാന്‍ പര്യാപ്തമല്ല എന്നതാണ് സത്യം.

കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ വിപണി ഒരുക്കിക്കൊടുക്കുക എന്ന പ്രാഥമിക കടമ പോലും നിര്‍വ്വഹിക്കാതെയാണ്. 16 രൂപ പ്രതിദിനം ഒരു കര്‍ഷക കുടുംബത്തിന് നല്‍കുമെന്ന് സര്‍ക്കാര്‍ യാതൊരു ലജ്ജയും കൂടാതെ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഈ സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോടിക്കണക്കിന് വരുന്ന ഭൂരഹിത കര്‍ഷകര്‍, പാട്ടക്കുടിയാന്മാര്‍ എന്നിവര്‍ക്ക് യാതൊരുവിധ ആശ്വാസ നടപടികളും ഈ ബജറ്റില്‍ ഇല്ല എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്.

കര്‍ഷകര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കുമായി പ്രഖ്യാപിച്ച പദ്ധതികള്‍ക്കായുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി സൂചിപ്പിക്കുന്നില്ല. സ്വാഭാവികമായും തെരഞ്ഞെടുപ്പിന് മുമ്പുള്ള ഗിമ്മിക്കുകളുടെ ഭാഗമായി സംഭവിക്കാന്‍ പോകുന്നത് വകമാറ്റി ചെലവു ചെയ്യുക എന്നത് തന്നെയായിരിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതിപോലുള്ള മേഖലകളായിരിക്കും ഇതിന് ഇരയാക്കപ്പെടുക എന്നത് വ്യക്തം. ഇത് ആത്യന്തികമായി സാധാരണക്കാരായ ജനങ്ങളുടെ വരുമാനത്തെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നതായിരിക്കും.

 

ഇടക്കാല ധനമന്ത്രിയായ പീയൂഷ് ഗോയല്‍ (ബിജെപി ട്രഷറര്‍ കൂടിയാണ് മാന്യദേഹം!) അവതരിപ്പിച്ച ബജറ്റനുസരിച്ച് ഗവണ്‍മെന്റ് ചെലവുകള്‍ക്കായി ഓരോ മണിക്കൂറും 80.36 കോടി രൂപ കടമെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ കണക്ക് ശ്രദ്ധിക്കുക.
പ്രതിദിന സര്‍ക്കാര്‍ ചെലവ് : 7627 കോടി, പ്രതിദിന വരുമാനം : 5418.33 കോടി, പ്രതിദിന കടം : 1928.76 കോടി. ഈയൊരു കണക്കനുസരിച്ച് അടുത്ത 100 ദിവസത്തിനുള്ളില്‍, അതായത് മോദി ഭരണത്തിന്റെ അവസാന നാള്‍ വരെ, അടുത്ത സര്‍ക്കാരിന് മേല്‍ വരുത്തിവെക്കുന്നത് 1,92,833 കോടിയുടെ അധിക ബാധ്യതയായിരിക്കും.

ഈ രീതിയിലൊരു ബജറ്റ് അവതരിപ്പിക്കാനുള്ള യാതൊരു അവകാശവും സര്‍ക്കാരിനില്ലെന്ന് അറിയാഞ്ഞിട്ടല്ല. ഈ കാര്യങ്ങളൊന്നും നടപ്പാക്കണമെന്ന ഉദ്ദേശവും മോദി സര്‍ക്കാരിനില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് എങ്ങിനെയെങ്കിലും അധികാരത്തില്‍ തിരികെയെത്തണം എന്ന ആഗ്രഹം മാത്രമാണ് ഈ പ്രഖ്യാപനങ്ങളുടെയെല്ലാം പിന്നില്‍.

സാധാരണഗതിയില്‍ ബജറ്റവതരണത്തിന് തൊട്ട് മുമ്പ് പുറത്തിറക്കാറുള്ള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിടാതെ മാറ്റിവെച്ചതും ഒക്കെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന്റെ ഭാഗം മാത്രമാണ്.

കെ. സഹദേവന്‍
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്