വഴി കാട്ടാന്‍ കോടതികള്‍, ഏക സിവില്‍ കോഡ് തൊട്ടരികെ
Uniform Civil Code
വഴി കാട്ടാന്‍ കോടതികള്‍, ഏക സിവില്‍ കോഡ് തൊട്ടരികെ
ഫാറൂഖ്
Wednesday, 12th September 2018, 9:18 am

ഇന്ത്യക്ക് എഴുപത് വയസ്സ് കഴിഞ്ഞു, പാര്‍ലമെന്റിന് അത് മനസിലാവുന്നില്ലെങ്കിലും കോടതികള്‍ക്ക് മനസ്സിലാവുന്നുണ്ട്. എഴുപത് വയസ്സ് ഒരു രാജ്യത്തെ സംബന്ധിച്ച് വലിയ ആയുസ്സല്ല, എന്നാല്‍ ചെറുതുമല്ല. ശൈശവത്തിലും കൗമാരത്തിലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ഇനി ഇന്ത്യന്‍ ജനതക്ക് മനസ്സിലാവും,അത്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ് തുടര്‍ച്ചായി വരുന്ന വിധികളിലൂടെ സുപ്രീം കോടതി.

സ്വകാര്യത, ഹാദിയ, മുത്വലാഖ്, 377 തുടങ്ങി ഒട്ടനവധി വിധികളിലൂടെ കോടതി പറയാന്‍ ശ്രമിക്കുന്ന പ്രധാന കാര്യം വ്യക്തി സ്വാതന്ത്ര്യം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ സമൂഹം അല്ലെങ്കില്‍ കുറേപേര്‍ എന്ത് പറയുന്നു അല്ലെങ്കില്‍ ചിന്തിക്കുന്നു എന്നതിന് നിയമപരമായി യാതൊരു പ്രസക്തിയുമില്ല എന്നതാണ്. വ്യക്തിയുടെ മൗലികാവകാശങ്ങള്‍ പരമ പ്രധാനമാണ് എന്ന് മാത്രമല്ല മറ്റെല്ലാം അപ്രസക്തമാണെന്നു കൂടിയാണ് സുപ്രീംകോടതി വീണ്ടും വീണ്ടും പറയുന്നത്.

ജനാധിപത്യം സ്വാഭാവികമായി ഉണ്ടായതല്ല ഇന്ത്യയില്‍. വിദേശ വിദ്യാഭ്യാസവും വിശാലമായ വായനയും ലോക പരിചയവും കൈമുതലായിട്ടുണ്ടായിരുന്ന നെഹ്രുവിനെയും അംബേദ്കറെയും പോലെയുള്ളവര്‍ ജന്മിത്വവും തൊട്ടുകൂടായ്മയും ജാതി വിവേചനങ്ങളും നിലനിന്നിരുന്ന ഒരു സമൂഹത്തിലേക്ക് ജനാധിപത്യം അടിച്ചേല്‍പ്പിക്കുകയായിരുന്നു. അത് തെറ്റായിരുന്നു എന്നല്ല, പക്ഷെ ജനാധിപത്യം എന്നാല്‍ മജോറിറ്റേറിയനിസം അല്ല എന്ന് ജനങ്ങള്‍ക്ക് മനസ്സിലാവാത്ത അവസ്ഥ ഇന്ത്യയില്‍ എഴുപത് വര്‍ഷത്തിന് ശേഷം ഇന്നും നിലനില്‍ക്കുന്നു.

 

ഇന്ത്യയില്‍ 99% ശതമാനവും സ്വവര്‍ഗരതി നിയമ വിധേയമാക്കുന്നതിനു എതിരാണെന്നും ജനാധിപത്യ രാജ്യമെന്ന നിലയില്‍ അവരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട ഒരു മതസംഘടനയുടെ അഭിഭാഷകനോട് ജനാധിപത്യവും മെജോറിറ്റേറിയനിസവും തമ്മിലുളള വ്യത്യാസം പഠിച്ചു വരാന്‍ ജഡ്ജിക്ക് ആവശ്യപ്പെടേണ്ട സ്ഥിതി വരെയുണ്ടായി. വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് തെളിച്ചു തന്നെ പറഞ്ഞു “Supreme Court calls the Constitution of India a great social document, almost revolutionary in its aim of transforming a medieval, hierarchical society into a modern, egalitarian democracy”. വിവര്‍ത്തനം ചെയ്യുന്നത് എളുപ്പമല്ല,ബ്രാന്‍ഡസിനെയും,പിക്കാസോയെയും, വോള്‍ട്ടറിനെയും ഉദ്ധരിച്ചു കൊണ്ട് മീശകേസില്‍ വിധി പറഞ്ഞ ജഡ്ജിമാരാണ്, നെയ്പോളിന്റെ ഭാഷാസാമര്‍ത്യമാണ് ജഡ്ജ്മെന്റ് മുഴുവന്‍.

ഏകദേശ തര്‍ജമ ഇതാണ് – മധ്യകാല പൗരോഹിത്യ വ്യവസ്ഥയില്‍ നിന്ന് വ്യക്തികള്‍ക്ക് തുല്യ പ്രാധാന്യമുള്ള ആധുനിക വ്യവസ്ഥയിലേക്ക് നയിക്കേണ്ട വിപ്ലവത്തിന്റെ മാനിഫെസ്റ്റോ ആണ് ഇന്ത്യന്‍ ഭരണഘടന. അത് കൊണ്ട് സാമൂഹ്യ ധാര്‍മികത, വികാരം വൃണപ്പെടല്‍, ഭൂരിപക്ഷ വികാരം , മതവികാരം, കുടുംബത്തിന്റെ അഭിമാനം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു ഇനി ഈ കോടതിയിലേക്ക് വരണ്ട – അവസാന വാചകം ഞാന്‍ കൂട്ടി ചേര്‍ത്തതാണു.

എന്നാല്‍ പാര്‍ലമെന്റിനു ഇത് വല്ലതും മനസ്സിലാവുന്നുണ്ടോ? 2005 ലെ വിവരാകാശ നിയമത്തിനു ശേഷം സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുള്ള എന്തെങ്കിലും നിയമങ്ങള്‍ നമ്മുടെ പാര്‍ലമെന്റോ നിയമസഭകളോ പാസ്സാക്കിയിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല പ്രതിലോമകരമായ ഒട്ടനവധി നിയമങ്ങള്‍ പാസ്സാക്കിയിട്ടുമുണ്ട്. ഏറ്റവും അവസാനത്തേതാണ് പഞ്ചാബ് അസംബ്ലി പാസ്സാക്കാന്‍ തീരുമാനിച്ച ബ്ലാസ്ഫമി ലോ , മത ഗ്രന്ഥങ്ങളെ അപമാനിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ നല്കാനുദ്ദേശിച്ചു കൊണ്ടുള്ള നിയമം.

 

പാകിസ്ഥാന്‍ പോലുള്ള മതാധിഷ്ടിത രാജ്യങ്ങളില്‍ ന്യുനപക്ഷങ്ങളെയും യുക്തിവാദികളെയും പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്ന നിയമത്തിനു സമാനമായ നിയമം കൊണ്ട് വരുന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആണെന്നതാണ് കൗതുകകരം. ഇപ്പോഴത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭൂരിഭാഗവും ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നും ഗോമൂത്രത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കാമെന്ന് വിശ്വസിക്കുന്നവര്‍ ആണെന്നിരിക്കെ കോടതികള്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

ഈ ഒരു പരിസരത്തിലാണ് വ്യക്തി നിയമങ്ങള്‍ ഇനിയെത്ര കാലം എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. വ്യക്തി നിയമങ്ങള്‍ എന്ന് നാം വിളിക്കുന്ന നിയമങ്ങള്‍ വ്യക്തിയുമായി ബന്ധപ്പെട്ടതല്ല, വ്യക്തികളുടെ മൗലികാവകാശങ്ങള്‍ക്കപ്പുറം അവര്‍ ജനിച്ച മതങ്ങളുടേതെന്ന് ബ്രിട്ടീഷുകാര്‍ക്ക് തോന്നിയ നിയമങ്ങളാണത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തുമായി ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മത കാര്യത്തിലല്ലാതെ സമത്വം, മൗലികാവകാശം തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു താല്പര്യവുമില്ലെന്നുള്ള ബോധത്തില്‍ നിന്നുണ്ടാക്കിയതാണ് ഇന്ന് കാണുന്ന വ്യക്തി നിയമങ്ങള്‍. സ്വാതന്ത്രത്തിനു ശേഷം ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് വ്യക്തിനിയമങ്ങള്‍ മുഴുവന്‍ എടുത്തു കളഞ്ഞു ഏക സിവില്‍ കോഡ് കൊണ്ട് വരണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു.

 

നെഹ്രുവും അംബേദ്കറുമടക്കം ശക്തമായി വാദിച്ച ഇക്കാര്യം അന്നത്തെ സാമൂഹ്യ അസ്ഥിരതയും കലാപങ്ങളും കണക്കിലെടുത്തു മറ്റൊരവസരത്തിലേക്ക് നീട്ടി വയ്ക്കുകയായിരുന്നു കോണ്‍സ്‌റിറ്റുവന്റ് അസംബ്ലി . മറ്റൊരവസരം എന്ന് അവരുദ്ദേശിച്ചത് എഴുപതു കൊല്ലം അല്ലെന്നുള്ളത് വ്യക്തം , കാരണം ഹിന്ദു വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച അംബേദ്കര്‍ 1951 ല്‍ നിയമ മന്ത്രി സ്ഥാനം രാജി വച്ചു. സ്ത്രീകള്‍ക്ക് സ്വത്തവകാശമോ വിവാഹമോചനാവകാശമോ നല്‍കാത്തതായിരുന്നു അന്നത്തെ ഹിന്ദു വ്യക്തി നിയമം. പിന്നീട് 1955 ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് ഉയര്‍ത്തിയ ശക്തമായ പ്രതിഷേധം വകവെക്കാതെ നെഹ്റു ഹിന്ദു വ്യക്തി നിയമം സമഗ്രമായി പരിഷ്‌കരിച്ചു. അതിനു ശേഷമാണ് ഹിന്ദു സ്ത്രീകള്‍ക്ക് അച്ഛനമ്മമാരുടെ സ്വത്തില്‍ അവകാശങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

ഈ ഒരു നിയമനിര്‍മാണത്തിന് ശേഷം പാര്‍ലമെന്റ് വ്യക്തി നിയമത്തില്‍ ഇടപെടുന്നത് 1986 ലെ ഷാബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. പക്ഷെ കോടതികള്‍ അടങ്ങിയിരുന്നില്ല, ചരിത്രപരമായ നിയമ പോരാട്ടത്തില്‍ മേരി റോയ് ( അരുന്ധതി റോയിയുടെ അമ്മ ) ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശം നല്‍കികൊണ്ടുള്ള വിധി നേടിയെടുത്തു. 1986 വരെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് മാതാ പിതാക്കളുടെ സ്വത്തില്‍ ആണ്‍മക്കളുടെ മൂന്നിലൊന്നു അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് മേരി റോയ്ക്കെതിരെ നിയമ പോരാട്ടം നടത്തിയ ക്രിസ്ത്യന്‍ സഭകള്‍ പോലും ഇന്ന് ഓര്‍മ്മിക്കാന്‍ ഇഷ്ടപെടുന്നുണ്ടാവില്ല. പിന്നീട് പാര്‍സി നിയമങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സുപ്രധാനമായ മറ്റൊരു വിധി വന്നത് ഈയടുത്തു മുത്വലാഖ് നിരോധനമാണ്.

 

അത്യന്തം വിവേചനപരമായ ഒരു പാട് വകുപ്പുകള്‍ ഇപ്പോഴും മിക്ക വ്യക്തി നിയമങ്ങളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും മുസ്ലിം, പാര്‍സി നിയമങ്ങളിലായിരുക്കും കാര്യമായ വിധികള്‍ ഇനി പ്രതീക്ഷിക്കേണ്ടത്. പാര്‍സിസമുദായത്തിന് പുറത്തു നിന്ന് കല്യാണം കഴിക്കുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ സ്വത്തവകാശമില്ല, അതെ സമയം ആണുങ്ങള്‍ക്കുണ്ട് താനും. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും പുരുഷന്റെ പാതിയെ സ്വത്തവകാശമുള്ളൂ, ബഹുഭാര്യത്വം, ദത്തെടുക്കല്‍ തുടങ്ങിയവയിലും ഭരണഘടനാ വിരുദ്ധമായ വിവേചനം നില നില്‍ക്കുന്നുണ്ട്. വ്യക്തി നിയമങ്ങള്‍ക്ക് ഭരണഘടനാ പരമായ സാധുതയുണ്ടെങ്കിലും അടിസ്ഥാന സങ്കല്പങ്ങളായ സമത്വം, വ്യക്തികളുടെ മൗലികാവകാശങ്ങള്‍ തുടങ്ങിയവ ലംഘിക്കുന്ന തരത്തില്‍ മറ്റൊരു നിയമവും അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് കാരണങ്ങള്‍ കൊണ്ട് സുപ്രീം കോടതിയുടെ ഈ വിഷയത്തിലുള്ള സുപ്രധാന വിധികള്‍ ഇനിയങ്ങോട്ട് നമുക്ക് പ്രതീക്ഷിക്കാം

ഒന്ന്  ഏറ്റവും കൂടുതല്‍ യാഥാസ്ഥിതിക പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന് കരുതപെട്ട ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണ് ഹാദിയ, സ്വകാര്യത, 377 തുടങ്ങിയ അത്യന്തം പുരോഗമനപരമായ വിധികള്‍ ഉണ്ടായത്. ഇനി വരാന്‍ പോകുന്ന രഞ്ജന്‍ ഗോഗോയ് തുടങ്ങി മറ്റുള്ളവര്‍ പുരോഗമന പരമായ നിലപാട് പുലര്‍ത്തുന്നവരും മൗലികാവശങ്ങളുടെ കാര്യത്തില്‍ കണിശത പുര്‍ലര്‍ത്തുന്നവരുവാണ്. അത് കൊണ്ട് കോടതികള്‍ ശക്തമായി മുന്നോട്ട് പോകാനേ വഴിയുള്ളൂ.

 

രണ്ട് മുത്വലാഖ്കേസിലെ വിധിയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണം – മുത്വലാഖ് വിഷയത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ നാമമാത്രമായ പ്രധിഷേധം പത്ര പ്രസ്താവനകളിലൂടെ നടത്തിയിരുന്നെങ്കിലും മുസ്ലിം സമൂഹം പൊതുവെ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് ചെയ്തത്, പ്രത്യേകിച്ച് മുസ്‌ലിം യുവാക്കളും വിദ്യാസമ്പന്നരായ സ്ത്രീകളും. സ്വത്തവകാശത്തിന്റെയോ ബഹുഭാര്യത്തിന്റെയോ കാര്യത്തില്‍ വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ റദ്ദു ചെയ്യുന്ന ഒരു വിധിയുണ്ടായാല്‍ മുസ്‌ലിംകള്‍ സന്തോഷത്തോടെ സ്വീകരിക്കാനേ ഇന്ന് സാധ്യത കാണുന്നുള്ളൂ.

മൂന്ന്  377 വിധിയിലൂടെ ആക്ടിവിസ്റ്റുകള്‍ക്ക് ലഭിച്ച ആത്മവിശ്വാസം – സുപ്രീം കോടതിയില്‍ കേസ് നടത്തുക എന്നത് എളുപ്പമല്ല. അത്യധികം സമയവും സമ്പത്തും ആവശ്യമുള്ളതാണത്. എന്നെങ്കിലും ഒരു അനുകൂല വിധി ഉണ്ടാകും എന്നുറപ്പുണ്ടെങ്കിലേ ആക്ടിവിസ്റ്റികള്‍ ഇപ്പണിക്കിറങ്ങുകയുള്ളു. മുപ്പതും നാല്പതും വര്‍ഷങ്ങള്‍ക്കു ശേഷം 377, മുത്വലാഖ് വിഷയങ്ങളിലുണ്ടായ അനുകൂല വിധികള്‍ മറ്റു കേസുകള്‍ നടത്തുന്നവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഇന്ത്യക്ക് എഴുപത് വയസ്സായി എന്നത് പാര്‍ലമെന്റ് മറന്നാലും കോടതികള്‍ക്ക് മറക്കാന്‍ പറ്റില്ലല്ലോ.

പിന്‍കുറിപ്പ്: കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധികളിലെ ചില ഉദ്ധരണികളാവും ഭാവിയിലെ മിക്കവാറും വിധികളുടെ ആണിക്കല്ല്. ചിലത് താഴെ കൊടുക്കാം. വിവര്‍ത്തനം ചെയ്യാന്‍ മുതിരുന്നില്ല

“The majoritarian views and popular morality cannot dictate constitutional rights.” – Deepak Misra

“These fundamental rights do not depend upon the outcome of elections,” – Nariman

“Democratic as it is, our Constitution does not demand conformity. Nor does it contemplate the mainstreaming of culture,” – Chandrachud

“Our ability to recognize others who are different is a sign of our own evolution,” – Chandrachud

“Indian Constitution is a “living, breathing document, cannot remain oblivious to the fact that the society is constantly evolving”. þ Deepak Misra

“Does the Constitution allow a quiver of fear to become the quilt around the bodies of her citizens, in the intimacies which define their identities?” Chandrachud

“Supreme Court calls the Constitution of India a great social document, almost revolutionary in its aim of transforming a medieval, hierarchical society into a modern, egalitarian democracy”. Deepak Misra

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ