മുംബൈ: എന്‍.സി.പി വിഭാഗങ്ങളെ ലയിപ്പിക്കുന്നതിനുള്ള അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി കഴിഞ്ഞ നാല് മാസമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.
അജിത് പവാറിന്റെ മരണത്തെ തുടര്‍ന്ന് താത്കാലികമായി ലയനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ശരദ് പവാര്‍ പറഞ്ഞു.
‘ഇപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അജിത് പവാര്‍, ശശികാന്ത് ഷിന്‍ഡെ, ജയന്ത് പാട്ടീല്‍ എന്നിവര്‍ ഇരു വിഭാഗങ്ങളുടെയും ലയനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ലയന തീയതി പോലും നിശ്ചയിച്ചിരുന്നു – ഫെബ്രുവരി 12 ന് അത് നിശ്ചയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, അജിത് അതിനുമുമ്പ് ഞങ്ങളെ വിട്ടുപോയി,’ ശരദ് പവാര്‍ പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമാവാന്‍ സുനേത്ര പവാര്‍ തീരുമാനിച്ചതിനെപ്പറ്റി എന്‍.സി.പി നേതൃത്വത്തിനും തനിക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ പത്‌നി സുനേത്ര പവാര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രതയുടെ സാന്നിധ്യത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.
ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ വിടവ് നികത്താനാണ് രാജ്യസഭാ എം.പിയായ സുനേത്ര പവാറിനെ പാര്‍ട്ടി ഈ പദവിയിലേക്ക് കൊണ്ടുവരുന്നത്.
അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്ര പവാര്‍ തുടര്‍ന്ന് കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പ് താത്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യും.