തൃശ്ശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പുറത്തുവരുന്ന വാർത്തകൾ ഏറെ നടുക്കുന്നതാണെന്നും, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും മോണിറ്റർ ചെയ്യന്നതിനും പ്രത്യേക സംവിധാനം ഒരിക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മരണപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകീട്ട് 3:30 നോടടുപ്പിച്ച് നടന്ന സ്‌ഫോടനത്തിൽ ഇതുവരെ ഒൻപത് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടയിലായിരുന്നു സ്ഫോടനം.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :-
തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനവാർത്ത ഏറെ നടുക്കുന്നതാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കിയിട്ടുണ്ട്.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.
Content Highlight: Unexpected explosion; Medical assistance will be provided; Chief Minister reacts to the explosion in Thrissur