| Sunday, 28th June 2026, 7:04 pm

'ജാമ്യവും ചികിത്സയും ലഭിച്ചിരുന്നെങ്കിൽ അബ്ദുല്‍ ഖാദർ മരിക്കുമായിരുന്നില്ല': വിചാരണ തടവെന്ന കാപിറ്റല്‍ പണിഷ്‌മെന്റ്- 01

റെന്വര്‍

ബെംഗളൂരു സ്ഫോടന കേസില്‍ 17 വര്‍ഷത്തോളമായി വിചാരണത്തടവുകാരനായി കഴിയുകയായിരുന്ന കുടക് സ്വദേശി അബ്ദുല്‍ ഖാദര്‍ ജയിലില്‍ ഹൃദയസ്തംഭനം വന്ന് അന്തരിച്ചത് 2026  ജൂണ്‍ 12നാണ്. കേസിലെ പ്രതികള്‍ക്ക് കുടകില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത് അബ്ദുല്‍ ഖാദറാണ്‌ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പ്രതികള്‍ക്ക് താമസമൊരുക്കുക എന്ന കുറ്റത്തിന്  പരമാവധി മൂന്ന് വര്‍ഷം തടവാണ് ശിക്ഷ ലഭിക്കുക. ആ മൂന്ന് വര്‍ഷത്തേക്കാള്‍ 14 വര്‍ഷം അധിക തടവ് അനുഭവിച്ച ശേഷമായിരുന്നു  അബ്ദുല്‍ ഖാദറിന്റെ മരണം.

പ്രതികള്‍ക്ക് താമസ സൗകര്യമൊരുക്കക എന്നത് പരമാവധി മൂന്ന് വര്‍ഷം തടവ് ലഭിക്കേണ്ട കുറ്റമാണെങ്കില്‍ യു.എ.പി.എ പ്രകാരമുള്ള ഈ കേസില്‍ ആ കുറ്റം മാത്രമല്ല അബ്ദുൽ ഖാദറിനെതിരെ ചുമത്തിയിട്ടുള്ളത്. എല്ലാ പ്രതികളെയും കേസിലെ ഗൂഡാലോചനയില്‍ പങ്കാളികളാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് ചുമത്തിയിട്ടുള്ളത്.

അബ്ദുല്‍ ഖാദർ: Photo: Facebook.com/Sadik.Uliyil

ഗൂഢാലോചന കുറ്റകുറ്റമായാലും ഈ 17 വര്‍ഷം എന്നത് വിചാരണ തടവിന് വലിയ കാലയളവാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. കേസില്‍ കുറ്റക്കാരനല്ലെങ്കില്‍  ഈ വിചാരണ തടവ് ഫലത്തിൽ ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയായി മാറുകയും ചെയ്യും.

17 വര്‍ഷമായി തടവിൽ കഴിയുക എന്നതിനപ്പുറം ആ തടവറയില്‍ വെച്ച് അബ്ദുല്‍ ഖാദര്‍ മരണപ്പെടുക കൂടി ചെയ്തിരിക്കുന്നു.

നവി മുംബൈ തലോജ ജയിലില്‍ വിചാരണ തടവില്‍ കഴിയവെ മരണപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി, മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയവെ മരണപ്പെടുകയും മരണ ശേഷം കോടതി വെറുതെ വിടുകയും ചെയ്ത കമാല്‍ അഹമ്മദ് അന്‍സാരി എന്നിവരെപ്പോലെ അബ്ദുല്‍ ഖാദറും വിചാരണ തടവിനിടെ ജയിലില്‍ വെച്ച് മരിച്ചവരുടെ പട്ടികയിലെ ഒരു പേരു കൂടിയായി മാറി.

ഫാദര്‍ സ്റ്റാന്‍ സ്വാമി

വിരാജ്പേട്ടയിലെ ബ്രോക്കര്‍; ആദ്യം സാക്ഷിയാക്കി, പിന്നെ പ്രതിയും

കുടക് ജില്ലയിലെ വിരാജ്പേട്ടയിലെ ഒരു ബ്രോക്കറായിരുന്നു അബ്ദുല്‍ ഖാദര്‍. കൂർഗിൽ പല മലയാളികളും ഇഞ്ചിത്തോട്ടവും മുളക് തോട്ടവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യാറുണ്ട്. ഇങ്ങനെ കൃഷി ചെയ്യാനെത്തുന്ന മലയാളികൾക്ക് തോട്ടങ്ങൾ കാണിച്ചുകൊടുത്ത് കമ്മീഷൻ വാങ്ങിയായിരുന്നു അബ്ദുൽ ഖാദർ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. 

ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനും അടങ്ങുന്ന കുടുംബമാണ് അബ്ദുല്‍ ഖാദറിന്റേത്. അങ്കണവാടിയിൽ ഹെൽപ്പറായിരുന്നു അബ്ദുൽ ഖാദറിന്റെ ഭാര്യ. അബ്ദുൽ ഖാദറിന്റെ ഭാര്യയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. 

Abdul Khader

ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് കുടകില്‍ ക്ലാസ് നടത്തുന്നതിനായി അബ്ദുൽ ഖാദർ ഇഞ്ചിത്തോട്ടം വാടകയ്ക്ക് എടുത്തു നല്‍കിയെന്നാണ് കേസന്വേഷിച്ച, കർണാടക ആഭ്യന്തര വകുപ്പിന് കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഓഫ് ബെംഗലൂരു സിറ്റി പൊലീസിന്റ കുറ്റപത്രത്തിൽ പറയുന്നത്.

സി.സി.ബി കുറ്റപത്രത്തിൽ കേസിലെ ഇരുപത്തൊമ്പതാം പ്രതിയായാണ് അബ്ദുൽ ഖാദർ. 2009-ല്‍ അന്വേഷണം ആരംഭിച്ച, ആദ്യ ഘട്ടത്തില്‍ 11 പേരെ മാത്രം പ്രതിയാക്കിയ കേസില്‍ വളരെ വൈകിയാണ് അബ്ദുല്‍ ഖാദറിനെ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കേസിന്റെ ആദ്യഘട്ടത്തില്‍ അബ്ദുല്‍ ഖാദറിനെ സാക്ഷിയാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. ആദ്യ ഘട്ട സാക്ഷി പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ സാക്ഷി പറയാൻ വിസമ്മതിച്ച അദ്ദേഹത്തെ പിന്നീട് കേസിലെ പ്രതിയാക്കി മാറ്റി.

സാമ്പത്തിക പ്രതിസന്ധിയും സാമൂഹ്യ ബഹിഷ്കരണവും

അബ്ദുല്‍ ഖാദറിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ട് പോയത്. അദ്ദേഹം തടവിലാക്കപ്പെട്ടതാടെ ആ വരുമാനം നിലച്ചു. കുടുംബം സാമ്പത്തിക പ്രതിസന്ധികളിലേക്ക് നീങ്ങി. 

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് അബ്ദുൽ ഖാദർ അടക്കമുള്ളവരുടെ വിചാരണയ്ക്കായുള്ള ചിലവുകൾ കണ്ടെത്തിയിരുന്നതെന്ന് കേസിൽ നിയമ സഹായം ലഭ്യമാക്കുന്നതിന് സഹായിച്ച സാമൂഹ്യ പ്രവർത്തകരിലൊരാളായ സാദിഖ് ഉളിയിൽ ഡൂൾന്യൂസിനോട് പറഞ്ഞു. 

വര്‍ഷങ്ങളോളം നീളുന്ന വിചാരണക്ക് ലക്ഷങ്ങളാണ് ചിലവ് വരിക. ഇത് താങ്ങാനുള്ള കഴിവ് അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിനില്ല. സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കുന്നതിനാൽ മാത്രമായിരുന്നു അബ്ദുല്‍ ഖാദറിനും കുറ്റപത്രത്തിലെ മറ്റ് പല പ്രതികള്‍ക്കും കേസ് നടത്താന്‍ സാധിച്ചതെന്നും സാദിഖ് ഉളിയിൽ അറിയിച്ചു. 

യു.എ.പി.എ കേസിൽ പ്രതിയായതിനാൽ ആദ്യ കാലത്ത് അബ്ദുൽ ഖാദറിന്റെ കുടുംബം സമൂഹത്തിൽ ഒറ്റപ്പെട്ട് പോയ അവസ്ഥ വന്നിരുന്നതായും സാദിഖ് ഉളിയിൽ പറഞ്ഞു. 

സാദിഖ് ഉളിയിൽ

മറ്റുള്ളവർ ഈ കുടുംബത്തെ പരിഗണിക്കാത്ത അവസ്ഥയും മറ്റുള്ളവരിൽ നിന്നും സാധാരണ ലഭിക്കാറുള്ള ചെറിയ സഹായങ്ങൾ പോലും അവർക്ക് ലഭിക്കാത്ത അവസ്ഥയും ആദ്യ കാലങ്ങളിലുണ്ടായിരുന്നു. വിവാഹവും മക്കളുടെ വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങൾക്ക് അബ്ദുൽ ഖാദറിന്റെ കുടുംബം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും സാദിഖ് ഉളിയിൽ പറഞ്ഞു.

17 വര്‍ഷത്തിനിടെ പുറം ലോകം കണ്ടത് രണ്ട് തവണ മാത്രം

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു അബ്ദുല്‍ ഖാദര്‍ തടവില്‍ കഴിഞ്ഞിരുന്നത്. 61 വയസ്സുായിരുന്നു അബ്ദുല്‍ ഖാദര്‍ മരിക്കുമ്പോള്‍. തടവിലാകുമ്പോള്‍ 44 വയസ്സും.

17 വര്‍ഷം നീണ്ട തടവുകാലത്ത് അബ്ദുൽ ഖാദറിന് ഒരു തവണ പോലും ജാമ്യം ലഭിച്ചിരുന്നില്ലെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകൻ റഹ്മാൻ ഇരിക്കൂർ ഡൂൾന്യൂസിനോട് പറഞ്ഞു. രണ്ട് തവണ ഇടക്കാല ഇളവാണ് ലഭിച്ചത്. ഉമ്മയുടെ മരണത്തെത്തുടർന്നും മകളുടെ കല്യാണത്തിനും. രണ്ട് തവണയും നാല് ദിവസം വീതമായിരുന്നു ഈ ഇടക്കാല ഇളവ്. 

ആരോഗ്യ അവസ്ഥ വല്ലാതെ മോശമായപ്പോള്‍ ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി താല്‍ക്കാലിക ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ അപ്പോൾ പോലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ലെന്നും റഹ്മാൻ ഇരിക്കൂർ പറഞ്ഞു.

അഡ്വ. റഹ്മാൻ ഇരിക്കൂർ

കിഡ്നി, ഹൃദയം എന്നിവ തകരാറിലായതോടെ ജാമ്യത്തിനായി ആറ് തവണ സെഷന്‍സ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ജാമ്യ ഹരജി തള്ളുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറ് വര്‍ഷമായി ജയിലിലെ ആശുപത്രിയില്‍

കഴിഞ്ഞ ആറ് വര്‍ഷമായി ജയിലിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു അബ്ദുല്‍ ഖാദര്‍. പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതുകാലിലെ വിരൽ മുറിച്ച് മാറ്റിയിരുന്നു. 

ശാരീരിക അവശതയും അദ്ദേഹം അനുഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ വീൽ ചെയറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രമേഹരോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിനിടയാക്കിയ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിന്റ മരണദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ജയിലിലെ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ പരിമിതമാണുള്ളത്.  അബ്ദുല്‍ ഖാദറിന്റെ രോഗങ്ങള്‍ക്ക് വേണ്ടത്ര ചികിത്സ ലഭ്യമാക്കാന്‍ ആ പരിമിതമായ സൌകര്യങ്ങള്‍ വച്ച് സാധ്യമാകുമായിരുന്നില്ല.

ഇതിനാല്‍ അദ്ദേഹത്തെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിരവധി തവണ വാദി ഭാഗം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷകള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നുവെന്ന് റഹ്മാൻ ഇരിക്കൂർ ഡൂൾന്യൂസിനോട് പറഞ്ഞു. 

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അബ്ദുല്‍ ഖാദറിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം നല്‍കാന്‍ കോടതിയില്‍ തങ്ങള്‍ ഹരജി നല്‍കിയിരുന്നതായും അഭിഭാഷകൻ പറഞ്ഞു.

ബെംഗളൂരുവിലെ നോര്‍വെല്‍ എന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്കോ സര്‍ക്കാര്‍ ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റലിലേക്കോ മാറ്റാനാണ് ഹരജിയില്‍ പറഞ്ഞിരുന്നുത്. ഈ ഹരജി പരിഗണിച്ച കോടതി ഈ രണ്ട് ആശുപത്രികളിലോ അല്ലെങ്കില്‍ ജയിലിലെ ആശുപത്രിയിലോ ചികിത്സ നല്‍കാമെന്ന നിര്‍ദേശം ജയിലധികൃതര്‍ക്ക് നല്‍കി.

Photo: magnific.com

എന്നാല്‍ ഹരജിയില്‍ നിര്‍ദേശിച്ച രണ്ട് ആശുപത്രികളിലേക്കും അബ്ദുല്‍ ഖാദറിനെ മാറ്റാതെ ജയിലിലെ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാമെന്ന നിലപാടാണ് ജയിലധികൃതര്‍ സ്വീകരിച്ചതെന്നും റഹ്മാൻ ഇരിക്കൂർ പറഞ്ഞു. 

‘ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു’

അബ്ദുല്‍ ഖാദര്‍ മരിക്കുന്നതിന്റെ തലേ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായി എന്നാണ് സഹ തടവുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും റഹ്‌മാന്‍ ഇരിക്കൂര്‍ പറഞ്ഞു.

അസുഖം കൂടിയതിനാല്‍ അബ്ദുല്‍ ഖാദറിനെ ജയിലിന് പുറത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സഹ തടവുകാര്‍ ജയില്‍ സൂപ്രണ്ടിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ സൂപ്രണ്ട് ഈ ആവശ്യം നിഷേധിച്ചു.

അബ്ദുല്‍ ഖാദറിന്റെ മരണത്തിന് ശേഷം ജയിലിലെ ലാന്റ് ഫോണ്‍ വഴി തന്നോട് സംസാരിക്കവെയായിരുന്നു സഹ തടവുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റഹ്‌മാന്‍ ഇരിക്കൂര്‍ ഡൂൾന്യൂസിനോട് പറഞ്ഞു.

ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം ജയില്‍ സൂപ്രണ്ട് തള്ളിയതിന് പിറകെ ഒരു കേസിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടക്കുന്നതിനിടെ ഈ വിവരം സഹ തടവുകാർ വിചാരണ കോടതിയെയും അറിയിച്ചിരുന്നു.

ഈ കാര്യം പരിഗണിച്ച കോടതി അബ്ദുൽ ഖാദറിനെ ആശുപത്രിയിലേക്ക് മാറ്റാനായി ജയിലധികൃതരോട് വാക്കാൽ പറയുകയും ചെയ്തു. എന്നിട്ടും അബ്ദുൽ ഖാദറിനെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ജയിലധികൃതർ തയ്യാറായില്ല എന്നാണ് സഹ തടവുകാർ അഭിഭാഷകനുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. 

ഈ കാര്യത്തിൽ കോടതി വാക്കാൽ പറയുക മാത്രമാണ് ചെയ്തത്. ആശുപത്രി മാറ്റാൻ കർശന നിർദേശം നൽകിയിരുന്നില്ല എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

വർഷങ്ങൾ നീണ്ട വിചാരണയും സൂപ്രീം കോടതി ഇടപെടലും

ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു സ്ഫോടനക്കേസിൽ സി.സി.ബി തയ്യാറാക്കിയത്. ഒരു മുഖ്യ കുറ്റപത്രവും രണ്ട് സപ്ലിമെന്‍ററി കുറ്റപത്രവും അന്വേഷണ സംഘം സമർപിച്ചിരുന്നു. നിരവധി സാക്ഷികളും കേസിലുണ്ടായിരുന്നു. ധാരാളം മഹസറുകളും കേസിൽ തയ്യാറാക്കിയിരുന്നു.

 ഇതെല്ലാം കേസിൽ വിചാരണ വൈകാനുള്ള കാരണമായതായി റഹ്‌മാന്‍ ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി. ഇത്രയും സാക്ഷികളുടെ വിസ്താരവും എതിർ വിസ്താരവും തീരാൻ വർഷങ്ങളെടുത്തു. കേസിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം പൂർത്തിയാകാൻ രണ്ട് വർഷത്തിലധികം സമയമെടുത്തായും റഹ്മാൻ ഇരിക്കൂർ ഡൂൾന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. 

കേസ് വർഷങ്ങളോളം നീണ്ട് പോയ ശേഷം 2025ലുണ്ടായ ഒരു സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് വിചാരണാ നടപടികൾ വേഗത്തിലായിരുന്നു. കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന്‌ സുപ്രീം കോടതി 2025 സെപ്തംബർ 22ന് വിചാരണ കോടതിക്ക് നിർദേശം നൽകിയിരുന്നു.  ബെംഗളൂരു കേസിലെ ഇരുപത്തിയെട്ടാം പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഇടപെടൽ.

2025 ജൂണിൽ കർണാടക ഹൈക്കോടതിയും കേസിൽ വേഗത്തിലുള്ള വിചാരണ വേണമെന്ന് നിർദേശിച്ചിരുന്നു. മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ കേസിലെ വാദി ഭാഗം ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

സുപ്രീം കോടതി

തുടർന്ന് മൂന്ന് മാസം എന്നതിന് പകരം കഴിയുന്നത്ര വേഗത്തിൽ കേസ് തീർത്താൽ മതിയെന്ന തരത്തിൽ ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് ശേഷമാണ് സുപ്രീം കോടതിയെ പ്രതിഭാഗം സമീപിച്ചതും വേഗത്തിലുള്ള വിചാരണയ്ക്കുള്ള നിർദേശം വന്നതും.

ഫെബ്രുവരിയിലെ ‘അന്തിമ വാദ’വും മാർച്ചിലെ സുപ്രീം കോടതി നിർദേശവും

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിചാരണക്കോടതിയായ ബെംഗളൂരു സിറ്റി നാൽപ്പത്തൊമ്പതാം അഡീഷനൽ സെഷൻസ് കോടതി കേസിൽ അന്തിമ വാദം കേള്‍ക്കാന്‍ ആരംഭിച്ചിരുന്നത്.

2025 സെപ്തംബറിലെ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് വിചാരണ വേഗത്തിലായി. തുടർന്ന് വിചാരണക്കോടതി ഈ കേസ് എല്ലാ ദിവസവും പരിഗണിച്ചു. ഈ കോടതിയിൽ കേസിന്റെ അന്തിമ വാദം ഫെബ്രുവരിയിൽ പൂർത്തിയാവുകയും ചെയ്തു. 

ബെംഗളൂരു സിറ്റി നാൽപ്പത്തൊമ്പതാം അഡീഷനൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായ ശേഷം പ്രതിഭാഗം വീണ്ടും സൂപ്രീംകോടതിയെ സമീപിച്ചിരുന്നു.  വിധി പ്രസ്താവിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം മാർച്ചിലായിരുന്നു പ്രതിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി അന്ന് നാല് മാസത്തിനകം ഈ കേസിൽ വിധി പറയണമെന്ന് വിചാരണ കോടതിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ സമയം കൊണ്ട് വിധി പറയാൻ പറ്റിയില്ലെങ്കിൽ പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കണമെന്നും അന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

സാക്ഷിയായ താജുദ്ദീന്റെ പേരില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 452/2026 നമ്പര്‍ മിസലേനിയസ് അപേക്ഷ പരിഗണിക്കവെ ആണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. കേസ് തീര്‍പ്പാക്കാന്‍ വിചാരണക്കോടതി ഒന്നര വര്‍ഷം സമയം തേടിയിരുന്നെന്നും എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും നാല് മാസം കൂടി സമയം അനുവദിക്കാമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. 

മാര്‍ച്ച് ഒമ്പതിനായിരുന്നു സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ഈ ഉത്തരവ് കൈപ്പറ്റിയ ദിവസം മുതലുള്ള നാല് മാസ കാലയളവിനുള്ളിലാണ് കേസ് തീര്‍പ്പാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. കേസ് തീര്‍പ്പാക്കാന്‍ ഇതില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേശ്, എന്‍. കോടിശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്.

പ്രതീക്ഷകളും… അപ്രതീക്ഷിത മരണവും

മാർച്ചിലെ സുപ്രീം കോടതി നിർദേശം വന്ന ശേഷം മോചനത്തെക്കുറിച്ചുള്ള പ്രതീക്ഷയിൽ കഴിയുകയായിരുന്നു അബ്ദുൽ ഖാദറും സഹ തടവുകാരുമെന്ന് അഭിഭാഷകൻ റഹ്മാൻ ഇരിക്കൂർ ഡൂൾന്യൂസിനോട് പറഞ്ഞു. മരണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും അബ്ദുൽ ഖാദർ വീട്ടുകാരോട് ഫോണിൽ സംസാരിച്ചപ്പോൾ മോചനത്തെക്കുറിച്ച് പ്രത്യാശ പ്രകടിപ്പിച്ചതായി അഭിഭാഷകൻ ഒരു ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞിരുന്നു.

“വക്കീലേ…. ജൂലായിൽ നമ്മളൊക്കെ പുറത്തിറങ്ങിയാൽ വീട്ടിലേക്ക് വരണം ട്ടോ….” എന്ന് അബ്ദുൽ ഖാദർ തന്നോട് കഴിഞ്ഞ മാർച്ചിൽ പറഞ്ഞതായി റഹ്മാൻ ഇരിക്കൂർ കുറിച്ചു.

ബാംഗ്ലൂർ സ്ഫോടനകേസിലെ അന്തിമവാദം പൂർത്തിയായതിനുശേഷം കഴിഞ്ഞ മാർച്ചിൽ ജയിലിൽ അഡ്വക്കേറ്റ് ഇൻറർവ്യൂവിന് പോയപ്പോൾ അബ്ദുൽ ഖാദർ പുഞ്ചിരിച്ചുകൊണ്ടാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും ജൂലൈ 12ന് അബ്ദുൽ ഖാദറിന്റെ മരണ ശേഷം  അഭിഭാഷകൻ  റഹ്മാൻ ഇരിക്കൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

മരണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും അബ്ദുൽ ഖാദർ മോചനത്തെക്കുറിച്ച് പ്രതീക്ഷയോടെ വീട്ടുകാരെ ഫോൺ വിളിച്ചപ്പോൾ സംസാരിച്ചിരുന്നതായി റഹ്മാൻ ഇരിക്കൂർ പറഞ്ഞു. നാലുമാസത്തിനകം വിചാരണ പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ ജാമ്യം നൽകണമെന്നും പറഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി അബ്ദുൽ ഖാദറിനും സഹ തടവുകാർക്കും വലിയ പ്രതീക്ഷ നൽകിയിരുന്നതായും അഭിഭാഷകൻ ഡൂൾന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. 

‘നമുക്ക് ഇനി നാട്ടില്‍ നിന്ന് കാണാം…’ എന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശത്തിന്‌ ശേഷം പരപ്പന അഗ്രഹാര ജയിലില്‍ പോയി അബ്ദുല്‍ ഖാദറിനെ കണ്ടപ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞതെന്ന് സാദിഖ് ഉളിയില്‍ പറഞ്ഞു. അതായിരുന്നു അബ്ദുല്‍ ഖാദറുമായുള്ള അവസാന കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. 

ജൂലൈ 16നാണ് മാര്‍ച്ചില്‍ സുപ്രീം കോടതി നിർദേശിച്ച നാല് മാസ കാലാവധി അവസാനിക്കുക. ആ കാലാവധിക്കുള്ളിൽ വിചാരണ കോടതി കേസിൽ വിധി പറയുകയോ അല്ലെങ്കിൽ പ്രതികളുടെ ജാമ്യ ഹരജി വേണമായിരുന്നു. ജൂൺ 12 നായിരുന്നു അബ്ദുൽ ഖാദർ മരിച്ചത്. ജൂലൈ 16ലേക്ക് ഒരു മാസവും നാല് ദിവസവും മാത്രം ശേഷിക്കേ. 

വീട് കാണാൻ കഴിയാതെ…

സ്വന്തമായി വീടില്ലാതിരുന്ന അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിന് നാല് വര്‍ഷം മുമ്പ് മാത്രമാണ് വീടിന്റെ നിർമാണം പൂർത്തിയാക്കാനായതെന്ന് സാദിഖ് ഉളിയിൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ചെറിയ ഒരു ചായപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ പണി കുറേ കാലം മുടങ്ങിപ്പോയിരുന്നു അബ്ദുൽ ഖാദർ ജയിലിലായി കുടുംബത്തിന്റെ വരുമാനം നിലച്ചിരുന്നതിനാൽ. പിന്നീട് മറ്റുള്ളവരുടെ സഹായത്തോട് കൂടിയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതെന്നും സാദിഖ് ഉളിയിൽ പറഞ്ഞു. 

ആ പുതിയ വീട് ഒരു തവണ പോലും നേരിട്ട് കാണാൻ അബ്ദുൽ ഖാദറിന്  സാധിച്ചിരുന്നില്ല. മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൌതിക ശരീരം മാത്രം ആ വീട്ടിലെത്തി.

‘അബ്ദുൽ ഖാദറിന്റെ വീട്ടിൽ കുറച്ച് നേരം ഭൗതിക ശരീരം ബന്ധുക്കൾക്കും നാട്ടുകാർക്കും മുമ്പിൽ പൊതുദർശനത്തിന് വച്ചിരുന്നു. അവിടെ നിന്ന് പെട്ടെന്ന് തന്നെ പൊലീസ് മൃതദേഹം എടുത്തു മാറ്റാൻ നോക്കിയിരുന്നു. അപ്പോൾ അബ്ദുൽ ഖാദറിന്റെ മകൻ പൊലീസുകാരോട് പറഞ്ഞത് കുറച്ച് കൂടി വാപ്പ ഇവിടെ കിടന്നോട്ടെ എന്നായിരുന്നു,’ ഡൂൾന്യൂസിനോട് സംസാരിക്കവെ ആ ദിവസത്തെ സംഭവങ്ങൾ സാദിഖ് ഉളിയിൽ ഓർത്തെടുത്തു.

വിധിയെ വീണ്ടും വൈകിപ്പിച്ച്… 

ജൂലൈ 16ന് കേസിൽ അന്തിമ വിധി വരും എന്ന പ്രതീക്ഷയിൽ കഴിയവെയായിരുന്നു അബ്ദുൽ ഖാദറിന്റെ മരണം. എന്നാൽ ഈ വിധി  വീണ്ടും വൈകുമെന്ന അവസ്ഥയിലേക്കാണ് കേസ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്.

ബെംഗളൂരു സിറ്റി നാൽപ്പത്തൊമ്പതാം അഡീഷനൽ സെഷൻസ് കോടതിയിലായിരുന്നു ഫെബ്രുവരിയിൽ കേസിന്റെ അന്തിമ വാദം പൂർത്തിയായത്. എന്നാൽ ഈ കോടതിയിൽ നിന്ന് കേസ് മാറ്റിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിജ്ഞാപനം ജൂൺ 25ന് പുറത്തുവന്നു.

Notification of 24 June 2026. Photo: facebook.com/rahman.irikkur.5

പുതുതായി രൂപീകരിച്ച തൊണ്ണൂറ്റി മൂന്നാം അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലേക്ക് ഈ കേസ് മാറ്റണം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

2025 ജൂലൈ മുതലുള്ള വാദം കേൾക്കലുകൾക്കൊടുവിലാണ് ഫെബ്രുവരിയിൽ ഈ കേസിൽ അന്തിമ വാദം കേട്ട് വിധി പറയാൻ മാറ്റിയത്. പുതിയ കോടതിയിലേക്ക് കേസ് മാറ്റിയാൽ ഈ നടപടികൾ ആദ്യം മുതൽ പുനരാരംഭിക്കേണ്ടി വരും. അന്തിമ വാദം വരാൻ മാസങ്ങൾ കാത്തിരിക്കണം. അത് കഴിഞ്ഞ് വിധിക്കായും കാത്തിരിപ്പ് തുടരണം.

ജൂലൈ 16ലേക്ക് 20 ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഈ വിജ്ഞാപനം. ദിവസങ്ങൾക്കപ്പുറം മാത്രം ദൂരെയായിരുന്ന വിധിക്കായി മാസങ്ങൾ ഇനിയും കാത്തിരിക്കണം.

‘ നിരപരാധിയെന്ന് ഒരു കടലാസിലെങ്കിലും എഴുതി തന്നെങ്കിൽ’

സംസ്കാരച്ചടങ്ങുകളുടെ സമയത്താണ് അബ്ദുൾ ഖാദറിന്റെ കുടുംബവുമായി ഒടുവിൽ സംസാരിച്ചതെന്നാണ് ഡൂൾന്യൂസിനോട് സംസാരിക്കവെ സാദിഖ് ഉളിയിൽ പറഞ്ഞത്.

അബ്ദുൽ ഖാദറിന്റെ നിരപരാധിത്വം തെളിയിക്കപ്പെടും എന്ന പ്രതീക്ഷയായിരുന്നു സംസ്കാര ചടങ്ങുകളുടെ സമയത്ത് കുടുംബത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 16ന് കേസിൽ വിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം. 

അബ്ദുൽ ഖാദറിന്റെ മകൻ ഹനീഫ അന്ന് തന്നോട് പറഞ്ഞ ഒരു വാചകവും ഡൂൾ ന്യൂസിനോട് സംസാരിക്കവെ സാദിഖ് ഉളിയിൽ ഓർത്തെടുക്കുന്നു. “അവസാന വിധി പറയുമ്പോൾ തന്റെ വാപ്പ നിരപരാധിയാണെന്ന് ഒരു കടലാസിലെങ്കിലും കോടതി എഴുതി തന്നിരുന്നെങ്കിൽ,” എന്നായിരുന്നു അന്ന് അബ്ദുൽ ഖാദറിന്റെ മകൻ ഹനീഫ പ്രതീക്ഷയോടെ പറഞ്ഞത്. 

Content Highlight: Under trial Prisoners Series- Part 1: 2008 Bengaluru serial blasts Case: Death of  Abdul Khader during Imprisonment

റെന്വര്‍

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more