സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ കൊല്‍ക്കത്ത ടെസ്റ്റില്‍ വിജയം പിടിച്ചെടുത്ത സന്ദര്‍ശകര്‍ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. നിലവില്‍ ബാവുമയും സംഘവും 1-0ന് മുമ്പിലാണ്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 93ന് പുറത്തായി.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക: 159 & 153
ഇന്ത്യ: 189 & 93 (T: 124)
🚨 MATCH RESULT 🚨
An incredible performance from #TheProteas Men at Eden Gardens! 🏟🔥
A phenomenal turnaround as South Africa claims victory by 30 runs to go 1-0 up in the Test series! 🇿🇦 pic.twitter.com/3jDrTZpCVd
124 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം പിന്തുടര്‍ന്ന് വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൈമണ്‍ ഹാര്‍മര്‍ എന്ന ഓഫ് ബ്രേക്കറുടെ കരുത്തില്‍ പ്രോട്ടിയാസ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയ്ക്ക് തന്റെ വിന്നിങ് സ്ട്രീക് തുടരാനും സാധിച്ചു. താരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ഒറ്റ ടെസ്റ്റ് മത്സരത്തിലും പ്രോട്ടിയാസ് പരാജയപ്പെട്ടിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടക്കം 11 ടെസ്റ്റുകളില്‍ ബാവുമ പ്രോട്ടിയാസിനെ നയിച്ചു, ഇതില്‍ പത്തിലും വിജയിച്ചു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.
ടെസ്റ്റ് ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പത്ത് വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന നേട്ടവും ബാവുമയുടെ പേരിലുണ്ട്. ഇതിന് താരത്തിന് വേണ്ടി വന്നതാകട്ടെ വെറും 11 മത്സരങ്ങളും. ബാവുമയ്ക്ക് കീഴില്‍ 90.91 ശതമാനമാണ് പ്രോട്ടിയാസിന്റെ വിജയം.
പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിനും പ്രത്യേകതകളേറെയാണ്. 15 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 2010ല്‍ നാഗ്പൂരിലായിരുന്നു ഇതിന് മുമ്പ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ ഇന്ത്യയില്‍ പരാജയപ്പെടുത്തിയത്.
ഇതിഹാസ താരം ഗ്രെയം സ്മിത്തിന്റെ കീഴിലായിരുന്നു പ്രോട്ടിയാസിന്റെ വിജയം. 2010 ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും ആറ് റണ്‍സിനുമായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.
ബാവുമയ്ക്ക് കീഴില്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സൗത്ത് ആഫ്രിക്ക ലക്ഷ്യമിടുന്നുണ്ടാകില്ല. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ തോല്‍ക്കാതെ പിടിച്ചുനിന്നാല്‍ പോലും, അതായത് മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും സന്ദര്‍ശകര്‍ക്ക് പരമ്പര നേടാന്‍ സാധിക്കും. ഇതിനൊപ്പം തന്നെ ബാവുമയുടെ ചരിത്ര നേട്ടവും അതുപോലെ തുടരും.
എന്നാല്‍ ആദ്യ മത്സരത്തില്‍ തോല്‍വി ചോദിച്ചുവാങ്ങിയ ഇന്ത്യയെ സംബന്ധിച്ച് രണ്ടാം മത്സരം രണം അല്ലെങ്കില്‍ മരണം എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ജയത്തില്‍ കുറഞ്ഞതെന്തും ഇന്ത്യയെ പരമ്പര പരാജയത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയ്ക്ക് സ്വന്തം മണ്ണില്‍ ടെസ്റ്റ് സീരീസ് പരാജയപ്പെടേണ്ട ഗതികേട് വന്നുചേരും.
ഹോം കണ്ടീഷനില്‍ തോല്‍വിയറിയാതെ ഒരു പതിറ്റാണ്ടിലധികം കാലം തുടര്‍ന്ന ഇന്ത്യയുടെ മൂര്‍ദ്ധാവിലേറ്റ പ്രഹരമായിരുന്നു 2024ല്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വി. മൂന്ന് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ബ്ലാക് ക്യാപ്‌സ് ഇന്ത്യയെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. ഗൗതം ഗംഭീറിന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ കളങ്കമായും ഈ തോല്‍വി അടയാളപ്പെടുത്തപ്പെട്ടു.
ഇപ്പോള്‍ മറ്റൊരു തോല്‍വിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഹോം അഡ്വാന്റേജ് മുതലാക്കാന്‍ സാധിക്കാത്തതിനൊപ്പം നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ പരിക്കും ഗംഭീറിന്റെ കുട്ടികള്‍ക്ക് തിരിച്ചടിയായേക്കും.
Content Highlight: Under Temba Bavuma, South Africa never lost a Test match