| Wednesday, 21st February 2018, 5:00 pm

നിങ്ങളുടെ കുട്ടി പഠിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ അംഗീകൃതമാണോ?

റെന്‍സ ഇഖ്ബാല്‍

“രണ്ടു കാര്‍ട്ടൂണ്‍ വരച്ചു വെച്ചത് കണ്ടാല്‍ നല്ല സ്‌കൂള്‍ ആണെന്ന വിശ്വാസത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ അവിടെ ചേര്‍ക്കും. നിങ്ങളുടെ പണം നിക്ഷേപിക്കാന്‍ ബാങ്കിന്റെ ഗുണനിലവാരം നോക്കിയല്ലേ നിങ്ങള്‍ ചെയ്യുകയുള്ളൂ, പണത്തേക്കാളും അമൂല്യമായ നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ അപ്പോള്‍ അതിനേക്കാളും ശ്രദ്ധ കാണിക്കേണ്ടതല്ലേ” – എന്നാണ് ബാലാവകാശ കമ്മീഷന്‍ സെക്രട്ടറിയായ ശോഭ കോശി ചോദിക്കുന്നത്.

സംസ്ഥാനത്ത് ആകെ 1600ല്‍ പരം അംഗീകാരമില്ലാത്ത സ്‌കൂളുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്താത്തവയായി ഇനിയും ഒരുപാട് സ്‌കൂളുകള്‍ ബാക്കിയുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ തുറന്നു പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 14 ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഡി.പി.ഐ. ഓഫീസില്‍ നിന്ന് ലഭിച്ച വിവരം. ഇത് പ്രകാരം ഡി.ഇ.ഒമാര്‍ക്കും എ.ഇ.ഒമാര്‍ക്കും നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. നടപടിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് ഡി.ഇ.ഒമാര്‍ പറയുന്നത്.

എന്നാല്‍ സംസ്ഥാനത്ത് എത്ര സ്‌കൂളുകള്‍ അംഗീകാരം ലഭിക്കാത്തവയുണ്ട് എന്ന വിവരശേഖരണം നിര്‍ദ്ദേശം ലഭിച്ച് ആറു മാസമായിട്ടും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. “സംസ്ഥാനത്ത് അതിന്റെ കൃത്യമായ കണക്കില്ല എന്നത് തന്നെ ഗുരുതരമായ ഒരു കാര്യമാണ്” എന്നാണ് തൃശൂരില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകനായ ശിഹാബ് കരുവണ്ണൂര്‍ പറയുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞം വന്നതോട് കൂടിയാണ് അംഗീകാരമില്ലാത്ത സ്‌കൂള്‍ അടച്ചുപൂട്ടുന്ന പരിപാടികള്‍ ഊര്‍ജസ്വലമാക്കിയതെന്ന് തൃശൂര്‍ ഡി.ഡി.ഇ. സുമതി പറയുന്നു. കാസര്‍ഗോഡ് 18 സ്‌കൂളുകള്‍ക്കാണ് താഴിട്ടതെന്ന് മുമ്പ് കാസര്‍ഗോഡ് ഡി.ഡി.ഇയും നിലവില്‍ കോഴിക്കോട് ഡി.ഡി.ഇയും ആയ സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനെ അറിയിച്ചു.

സ്യൂട്ടും കോട്ടും ഇട്ട വിദ്യാഭ്യാസമാണ് നല്ലത് എന്ന തെറ്റായ ധാരണ പരത്താന്‍ ഈ സ്‌കൂളുകള്‍ക്ക് കഴിഞ്ഞു എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. “കാലങ്ങളായി ഞങ്ങള്‍ സര്‍ക്കാരിനോട് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടാനായി ആവശ്യപ്പെടുന്നു. എന്നാല്‍ വേണ്ടവിധത്തിലുള്ള ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല” എന്നാണ് ബാലാവകാശ കമ്മീഷന്‍ സെക്രട്ടറിയായ ശോഭ കോശി പറയുന്നത്. നല്ല കാഴ്ചപ്പാടോടുകൂടി കുട്ടികളുടെ എല്ലാ ആവശ്യങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ടാണ് കേരള വിദ്യാഭ്യാസ നിയമങ്ങള്‍ രൂപീകരിച്ചിട്ടുള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഡയറക്ടര്‍ പ്രസിദ്ധീകരിച്ച അറിയിപ്പിന് മറുപടിയായാണ് പുതിയ സ്‌കൂളുകള്‍ തുറക്കുന്നതോ സ്‌കൂളുകള്‍ ഉയര്‍ത്തുന്നതോ ആയ ആവശ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അല്ലാത്ത പക്ഷം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകള്‍ ബന്ധപ്പെട്ട മേഖലയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്  കേരള വിദ്യാഭ്യാസ നിയമങ്ങള്‍ എടുത്തു നോക്കിയാല്‍ 12 മുതല്‍ 24 വരെയുള്ള പേജുകളില്‍ സ്‌കൂളുകള്‍ പാലിക്കേണ്ട അടിസ്ഥാന വ്യവസ്ഥകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ അത്ര പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവയാണ് അംഗീകാരം ലഭിക്കാത്ത സ്‌കൂളുകള്‍.

പ്രൈമറി സ്‌കൂളിന് രണ്ടു ഏക്കറോളം സ്ഥലം വേണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയ്ക്ക് മൂന്ന് മുതല്‍ അഞ്ച് ഏക്കര്‍ സ്ഥലം വേണം. ക്ലാസ്റൂമുകളുടെ വിസ്തൃതി, ജനലിന്റെ വലിപ്പം, വാതിലുകളുടെ എണ്ണം, ശുചിമുറിയും ക്ലാസ്റൂമും തമ്മിലുള്ള ദൂരം, ക്ലാസ്സിലെ മേശയുടെയും കസേരയുടെയും അളവ് എന്നിവയെ കുറിച്ചെല്ലാം കേരള വിദ്യാഭ്യാസ നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ ഇവ പൂര്‍ണ്ണമായി പാലിക്കാത്തവരാണ് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍.

“അംഗീകൃതമല്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല” എന്ന് സുമതി പറയുന്നു. കുട്ടികളുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നാണ് ശോഭ കോശി പറയുന്നത്. കോട്ടയം ഡി.ഇ.ഒ ആയ ഷൈല കുമാരി പറയുന്നത് അടിയന്തരമായിട്ട് ലിസ്റ്റ് കൊടുക്കാനാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നാണ്. എന്നാല്‍ കോട്ടയത്തും ലിസ്റ്റ് ആയികൊണ്ടിരിക്കുന്നെയുള്ളൂ.

“എല്ലാ വര്‍ഷവും വാക്കാല്‍ പറയുന്ന നിയമമാണ് ഈ അടച്ചുപൂട്ടല്‍. സര്‍ക്കാര്‍ എന്തുകൊണ്ട് ഇതില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നില്ല?” എന്നാണ് ശിഹാബ് കരുവണ്ണൂര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നാണ് ഇവരെപോലെ അനേകം പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആരോപണം. “അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഘോരമായ നിയമലംഘനമാണ് ഇവര്‍ ചെയുന്നത്. അംഗീകാരം ലഭിക്കാതിരിക്കാന്‍  വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവും. അത് നമ്മളുടെ കുട്ടികളെയാണ് ബാധിക്കുക,” എന്ന് ശോഭ കോശി പറയുന്നു.

                                                                                                                                  ഫോട്ടോ കടപ്പാട്: റോയിട്ടേഴ്‌സ്

തൃശൂരില്‍ നിലവില്‍ 54 സ്‌കൂളുകള്‍ക്ക് മെമ്മോ കൊടുത്തിട്ടുണ്ടെന്നും അടച്ച് പൂട്ടാത്തതിന് എതിരെ അന്വേഷണങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് തൃശൂര്‍ ഡി.ഇ.ഒ കെ.ജി. മോഹനന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. വയനാടില്‍ അംഗീകാരം ഇല്ലാത്ത 49 സ്‌കൂളുകള്‍ക്കാണ് അടച്ചുപൂട്ടാനായി നോട്ടീസ് കൊടുത്തിരിക്കുന്നതെന്ന് ഡി.ഇ.ഒ. ഓഫീസില്‍ നിന്ന് ലഭിച്ച വിവരം.

കോഴിക്കോട് ജില്ലയില്‍ 340 സ്‌കൂളുകളാണ് അടച്ചുപൂട്ടാനുള്ളത്. അതില്‍ പലരും കേസുമായി മുന്നോട്ടു പോയിരിക്കുന്നു. കാസര്‍ഗോഡുള്ള 85 സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ ക്ലാസ് നടത്താന്‍ സ്റ്റേ വാങ്ങിയവരുണ്ട്. തൃശൂരില്‍ മിക്ക അനധികൃത സ്‌കൂളുകളും ഉടനെ അടക്കുമെന്ന് അറിയിച്ചതായി ഡി.ഇ.ഒ കെ.ജി. മോഹനന്‍ പറയുന്നു.

നിലവില്‍ പൊതുവിദ്യാലയങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പരിപാടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനായി 2000 കോടി രൂപ ചെലവിടാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും കോഴിക്കോട് ഡി.ഡി.ഇ ആയ സുരേഷ് കുമാര്‍ അറിയിച്ചു. എല്ലാ സ്‌കൂളുകളും ഹൈടെക് ആവുകയാണ്. ലാപ്ടോപ്പ്, പ്രൊജക്ടര്‍, ഇ-ഗവേര്‍ണന്‍സ് എന്നിവ ഉണ്ടാവുമെന്ന് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

റെന്‍സ ഇഖ്ബാല്‍

Latest Stories

We use cookies to give you the best possible experience. Learn more