| Tuesday, 2nd June 2026, 4:51 pm

മുനമ്പം: ഉമ്മീദില്‍ രജിസ്റ്റര്‍ ചെയ്തത് വഖഫ് ഭേദഗതി കാരണം; ഭൂമി ഫറോക്ക് കോളേജ് നിയവിരുദ്ധമായി കൈമാറിയത്; ഭേദഗതി സംഘപരിവാര്‍ ബുള്‍ഡോസര്‍ അജണ്ടയുടെ ഭാഗം: ഉമ്മര്‍ ഫൈസി മുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുനമ്പം ഭൂമി കൈമാറ്റത്തില്‍ ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ വിശദീകരണമറിയിച്ചും ഫറോക്ക് കോളേജിനെ വിമര്‍ശിച്ചും സമസ്ത കേരള ജംഇഇയ്യത്തുല്‍ ഉലമ മുശവറ അംഗം ഉമ്മര്‍ ഫൈസി മുക്കം. ‘മുനമ്പത്തെ യഥാര്‍ഥ കുറ്റക്കാര്‍ ആര്?’ എന്ന പേരില്‍ സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഉമ്മര്‍ ഫൈസിയുടെ പ്രതികരണം.

വഖഫ് ഭൂമിയുടെ മേല്‍നോട്ട ചുമതല മാത്രമുള്ള മുത്തവല്ലിയായ ഫറോക്ക് കോളേജ് നിയമം മറികടന്ന് ഈ ഭൂമി വിറ്റുവെന്ന് ഉമ്മര്‍ ഫൈസിയുടെ ലേഖനത്തില്‍ പറയുന്നു. വഖ്ഫ് ഭൂമിയല്ലെന്നു തെറ്റിദ്ധരിപ്പിച്ചാണ് കോളജ് അധികൃതര്‍ വില്‍പന നടത്തിയതെന്നും അത് തിരിച്ചെടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ഈ വിഷയത്തില്‍ നിയോഗിച്ച ജസ്റ്റിസ് എം.എ നിസാര്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.

മുനമ്പത്തെ ഭൂമി ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ചും ഫൈസിയുടെ ലേഖനത്തില്‍ പറയുന്നു. 2025ലെ വഖഫ് ഭേദഗതി പ്രകാരം 2026 മെയ് 16 ആയിരുന്നു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി. അതിനാല്‍ വഖഫ് ബോര്‍ഡ് ആ ഭൂമി മെയ് 16ന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.2025ലെ ഭേദഗതി പ്രകാരം ഭൂമി അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെങ്കില്‍ അത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ തീരുമാനം കോടയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വഖഫ് ഭേദഗതിയില്‍ വഖഫ് ബൈ യൂസര്‍ ഓപ്ഷന്‍ ഒഴിവാക്കിയത് അടക്കമുള്ള നടപടികള്‍ മുസ്ലിം ജനവിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന സ്വത്തുകള്‍ ബുള്‍ഡോസ് ചെയ്യാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുനമ്പത്തെ താമസക്കാരെ നിരാലംബരാക്കുകയോ നിഷ്‌കരുണം ഇറക്കിവിടുകയോ ചെയ്യരുത്. അവരെ പുനരധിവസിക്കാന്‍ അന്ന് ഭൂമി വിറ്റവരില്‍ നിന്ന് പണം ഈടാക്കണമെന്നും ഫറോക്ക് കോളേജിനെ ലക്ഷ്യമിട്ട് ഉമര്‍ ഫൈസി പറഞ്ഞു. മുനമ്പത്തെ കുടുംബങ്ങളെ മറയാക്കി വഖ്ഫ് ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1950ല്‍ സിദ്ദിഖ് സേട്ട് മുനമ്പത്തെ ഭൂമി കോഴിക്കോട് ഫാറൂഖ് കോളജിന് വിദ്യാഭ്യാസ-ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി വഖ്ഫ് ചെയ്യുകയായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. മുനമ്പം സ്വത്തിന്റെ മുത്തവല്ലി മാത്രമാണ് ഫാറൂഖ് കോളജ് കമ്മിറ്റി. എന്നാല്‍ കോളജ് കമ്മിറ്റി ഭൂമി വില്‍പ്പന നടത്താന്‍ ഒരാള്‍ക്ക് മുക്ത്യാര്‍ നല്‍കുകയും അദ്ദേഹം ആര്‍ക്കൊക്കെയോ വില്‍ക്കുകയും കുറെ സ്വന്തമാക്കുകയും മറ്റ് ചിലര്‍ അവിടെ അനധികൃതമായി കൈയേറി പാര്‍ക്കുകയും ചെയ്തു എന്നതാണ് വസ്തുതയെന്നും ഉമ്മര്‍ ഫൈസിയുടെ ലേഖനത്തില്‍ പറയുന്നു.

ഇത് തികച്ചും നിയമവിരുദ്ധവും കുറ്റകരവുമാണെന്നും മുനമ്പം വഖ്ഫുമായുണ്ടായ എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടം ഇവിടെയാണെന്നും ഉമ്മര്‍ ഫൈസി അഭിപ്രായപ്പെട്ടു.

വഖ്ഫ് നിയമങ്ങള്‍ പാലിക്കാതെയാണ് ഫാറൂഖ് കോളജ് മാനേജ്മെന്റ് ഭൂമി വിറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ് മ 2019ല്‍ കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് വസ്തുവില്‍ അവകാശം ഉന്നയിച്ച് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു. 2008ല്‍ വഖ്ഫ് സ്വത്തുക്കളുടെ തിരിമറികള്‍ അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിറ്റി മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖ്ഫ് ബോര്‍ഡിന്റേതാണെന്നും ഫാറൂഖ് കോളജിന് ലഭിച്ച ഭൂമി വഖ്ഫ് സ്വത്താണെന്നും കണ്ടെത്തിയിരുന്നുവെന്നും ഉമ്മര്‍ ഫൈസി മുക്കം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

വഖ്ഫ് ഭൂമിയാണെന്ന കാര്യം അറിയിക്കാതെയാണ് ഫറൂഖ് കോളജ് അധികൃതര്‍ വില്‍പന നടത്തിയതെന്നും അത് തിരിച്ചെടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും നിസാര്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നെന്നും ലേഖനത്തില്‍ പറയുന്നു. കൈമാറ്റം ചെയ്യപ്പെട്ട വഖ്ഫ് ഭൂമി തിരിച്ചെടുക്കാന്‍ വഖ്ഫ് ബോര്‍ഡിന് അധികാരമുണ്ടെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തതായും ലേഖനത്തില്‍ പറയുന്നു. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോര്‍ഡ് മുനമ്പത്തെ ഭൂമി 2019ല്‍ വഖ്ഫ് ആസ്തിയായി പട്ടികപ്പെടുത്തിയതെന്നും ഉമ്മര്‍ ഫൈസി പറഞ്ഞു. ഭൂമി വഖ്ഫല്ലെന്ന് പറയാന്‍ ഫാറൂഖ് കോളജ് കമ്മിറ്റിയെ പ്രേരിപ്പിച്ചത് ചെയ്ത തെറ്റിന് മറയിടാനാണെന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

സംഘപരിവാര്‍ പുതിയ വഖഫ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് വഖ്ഫ് സ്വത്തുക്കളുടെ തകര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വഖ്ഫ് ബൈ യൂസര്‍ എന്നതിന് നിയമപരിരക്ഷതന്നെ ഒഴിവാക്കിത് ഇതിന്റെ ഭാഗമാണെന്നും ലേഖനത്തില്‍ പറയുന്നു. മുസ്‌ലിം ജനവിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന സ്വത്തുകള്‍ ബുള്‍ഡോസ് ചെയ്യാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് വഖഫ് ബൈ യൂസര്‍ ഒഴിവാക്കിയതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഉമ്മര്‍ ഫൈസി അഭിപ്രായപ്പെട്ടു.

Content Highlight: Ummer Faizi Mukkam on Munambam Land Issue, UMEED Portal Registration, Feroke Collge

We use cookies to give you the best possible experience. Learn more