ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി; ജെ.എൻ.യു ക്യാമ്പസിൽ മോദിക്കെതിരെയും അമിത് ഷായ്ക്കെതിരെയും പ്രതിഷേധം
India
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി; ജെ.എൻ.യു ക്യാമ്പസിൽ മോദിക്കെതിരെയും അമിത് ഷായ്ക്കെതിരെയും പ്രതിഷേധം
ശ്രീലക്ഷ്മി എ.വി.
Tuesday, 6th January 2026, 1:43 pm

ന്യൂദൽഹി: ജെ.എൻ.യു ക്യാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും പ്രതിഷേധം.

ദൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന്റെയും ഷാർജീൽ ഇമാമിന്റെയും ജ്യാമാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

മോദിക്കും അമിത് ഷായ്ക്കും കല്ലറ ഒരുക്കുമെന്ന മുദ്രാവാക്യവുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

എസ്.എഫ്.ഐ, ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷൻ, ഡി.എസ്.എഫ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളാണ് പ്രതിഷേധം നടത്തിയത്.

2020 ജനുവരി അഞ്ചിന് ക്യാമ്പസിൽ നടന്ന ആക്രമണത്തെ അപലപിച്ച് എല്ലാ വർഷവും വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്താറുണ്ടെന്ന് ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര പറഞ്ഞു.

പ്രതിഷേധത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങളെല്ലാം പ്രത്യയശാസ്ത്രപരമായിരുന്നെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും ആരെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദിതി മിശ്ര കൂട്ടിച്ചേർത്തു.

മോദിക്കും അമിത് ഷായ്ക്കും കല്ലറ ഒരുക്കുമെന്ന മുദ്രാവാക്യം വിവാദമായിരിക്കുകയാണ്.

വിദ്യാർത്ഥികളല്ല, ഭീകരവാദികളാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്ന് ദൽഹി മന്ത്രി മജീദ് സിർസ വിമർശിച്ചു. ബി.ജെ.പി നേതാവ് പ്രദീപ് ബന്ധാരി വിദ്യാർത്ഥികളെ അർബൻ നക്സലുകളെന്ന് വിളിച്ച് രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. മറ്റ് അഞ്ച് പ്രതികൾക്കും സുപ്രീം കോടതി ജാമ്യമനുവദിച്ചു.

ഓരോ പ്രതികളും ചെയ്ത കുറ്റം വ്യത്യസ്തമാണെന്നും ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി സുപ്രീം കോടതി പരിഗണിച്ചെന്നാണ് റിപ്പോർട്ടുകൾ. ഭീകരവാദത്തിലെ നിയമങ്ങൾ എടുത്തുപറഞ്ഞാണ് കോടതി ജാമ്യം നിഷേധിച്ചത്.

Content Highlight: Umar Khalid’s bail plea rejected; Protests against Modi and Amit Shah on JNU campus

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.