ന്യൂദൽഹി: ഉമർ ഖാലിദിന് വിചാരണയ്ക്ക് അവകാശമുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ആർട്ടിക്കിൾ 21ന്റെ ഭാഗമാണെന്നും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
ജയ്‌പൂർ സാഹിത്യോത്സവത്തിൽ ഉമർ ഖാലിദിന്റെ ദീർഘകാല തടങ്കലിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യം ഭരണഘടനാ മാനദണ്ഡമായി തുടരണമെന്നും ജാമ്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും കോടതികൾ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കോടതിയെ വിമർശിക്കുകയില്ലെന്നും പൊതുജന സമ്മർദമോ ഭൂതകാലമോ നോക്കിയല്ല, മുന്നിൽ വരുന്ന തെളിവുകളും വസ്തുതകളും അടിസ്ഥനമാക്കിയാണ് ജഡ്ജിമാർ ജാമ്യം തീരുമാനിക്കേണ്ടതെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ന്യായമായ കാലയളവിനുള്ളിൽ വിചാരണകൾ അവസാനിച്ചില്ലെങ്കിൽ തടവ് തന്നെ ശിക്ഷയായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാമ്യ തീരുമാനങ്ങൾ സുരക്ഷയെക്കുറിച്ചുള്ള അവകാശവാദങ്ങൾക്ക് അനുസൃതമായി മാറണമെന്ന ആശയത്തെ അദ്ദേഹം നിരാകരിച്ചു.
കേസിൽ ദേശീയ സുരക്ഷ യഥാർത്ഥത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ദീർഘകാല തടങ്കൽ ആവശ്യമാണോയെന്നതും കോടതികൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അല്ലാത്തപക്ഷം വ്യക്തികൾ വർഷങ്ങളോളം ശിക്ഷിക്കപ്പെടാതെ ജയിലിലടക്കപ്പെടുമെന്നും ഇത് നീതി നിഷേധിക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുശ്രദ്ധകിട്ടാത്ത നിരവധി കേസുകൾ ഉൾപ്പെടെ താൻ ജസ്റ്റിസ് ആയിരുന്ന കാലത്ത് 21,000 ജാമ്യാപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനരോഷം തൃപ്തിപ്പെടുത്തുകയല്ല, മറിച്ച് ഭരണഘടനാ സന്തുലിതാവസ്ഥ നിലനിർത്തുകയെന്നതാണ് കോടതിയുടെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാമ്യത്തെ ശിക്ഷയാക്കി മാറ്റുന്നത് സ്വാതന്ത്ര്യത്തെയും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Umar Khalid has the right to a speedy trial: Former Chief Justice D.Y. Chandrachud