ന്യൂദൽഹി: ഉമർ ഖാലിദിന് വിചാരണയ്ക്ക് അവകാശമുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ആർട്ടിക്കിൾ 21ന്റെ ഭാഗമാണെന്നും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
ജയ്‌പൂർ സാഹിത്യോത്സവത്തിൽ ഉമർ ഖാലിദിന്റെ ദീർഘകാല തടങ്കലിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യം ഭരണഘടനാ മാനദണ്ഡമായി തുടരണമെന്നും ജാമ്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും കോടതികൾ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കോടതിയെ വിമർശിക്കുകയില്ലെന്നും പൊതുജന സമ്മർദമോ ഭൂതകാലമോ നോക്കിയല്ല, മുന്നിൽ വരുന്ന തെളിവുകളും വസ്തുതകളും അടിസ്ഥനമാക്കിയാണ് ജഡ്ജിമാർ ജാമ്യം തീരുമാനിക്കേണ്ടതെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ന്യായമായ കാലയളവിനുള്ളിൽ വിചാരണകൾ അവസാനിച്ചില്ലെങ്കിൽ തടവ് തന്നെ ശിക്ഷയായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാമ്യ തീരുമാനങ്ങൾ സുരക്ഷയെക്കുറിച്ചുള്ള അവകാശവാദങ്ങൾക്ക് അനുസൃതമായി മാറണമെന്ന ആശയത്തെ അദ്ദേഹം നിരാകരിച്ചു.