ഉമര്‍ ഖാലിദിന്റെയും ഷര്‍ജീലിന്റെയും ജാമ്യം പരിഗണിക്കേണ്ടിയിരുന്നത് ഇന്ന്; എന്നാല്‍ കോടതി പരിഗണിച്ചില്ല
India
ഉമര്‍ ഖാലിദിന്റെയും ഷര്‍ജീലിന്റെയും ജാമ്യം പരിഗണിക്കേണ്ടിയിരുന്നത് ഇന്ന്; എന്നാല്‍ കോടതി പരിഗണിച്ചില്ല
റെന്വര്‍ പി
Thursday, 27th August 2026, 10:57 pm

ന്യൂദല്‍ഹി: ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി ഈ മാസം 31ന് വാദം കേള്‍ക്കും. ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) കോടതി ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ കോടതി ഇന്ന് അവധിയായിരുന്നതിനാല്‍ കേസ് പരിഗണിച്ചില്ലെന്ന് ഉമര്‍ ഖാലിദിനെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ അറിയിച്ചു.

ഇന്ന് ദല്‍ഹി കോടതി അവധി ദിനമായി പ്രഖ്യാപിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദല്‍ഹി ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്കും ഇന്ന് അവധി ദിനമാണ്. ഇന്ന് ഹൈക്കോടതി പരിഗണിക്കേണ്ടിയിരുന്ന കേസുകള്‍ 31ന് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വിശാല ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷകളെ ദല്‍ഹി പോലീസ് എതിര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉമറിന്റെയും ഷര്‍ജീലിന്റെയും ഹരജികള്‍ ‘നിയമവിരുദ്ധം’ ആണെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ബന്ധമില്ലാത്ത ഒരു കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഷര്‍ജീലും ഒമറും നടത്തുന്നതെന്നും പൊലീസ് ആരോപിക്കുന്നു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് മുമ്പാണ് ഷര്‍ജീലും ഉമറും പുതിയ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചതെന്നും പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

2026 ജനുവരി അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും പൊലീസ് ആരോപിക്കുന്നു. ഖാലിദിനും ഇമാമിനും വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി പറഞ്ഞ സമയപരിധി കഴിയേണ്ടതുണ്ടെന്നും പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി അഞ്ചിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ സംരക്ഷിത സാക്ഷികളെ വിസ്തരിച്ചതിന് ശേഷമോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷമോ മാത്രമേ ഇരുവരും വീണ്ടും ജാമ്യം തേടാവൂ എന്നും സുപ്രീംകോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.

എന്നാല്‍ ജനുവരിയിലെ സുപ്രീം കോടതി വിധിയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഈ വര്‍ഷം മെയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഷര്‍ജീലിനും ഉമറിനും ജാമ്യം നിഷേധിച്ചതെന്നായിരുന്നു ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് മെയില്‍ മറ്റൊരു കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്‌നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് ശേഷമാണ് ഉമറും ഷര്‍ജീലും ആദ്യം വിചാരണ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചത്. വിചാരണ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ നേരത്തെ തള്ളിയിരുന്നു. ഇതിന് ശേഷം ഷര്‍ജീലും ഉമറും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Umar Khalid and Sharjeel Imam Bail Plea- Delhi Highcourt

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.