വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റങ്ങളുമായി ബന്ധമുള്ള 17 സ്ഥാപനങ്ങളുമായി ബ്രിട്ടണ് കോടികളുടെ കരാറുകളെന്ന് അന്വേഷണ റിപ്പോര്‍ട്ട്
World
വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റങ്ങളുമായി ബന്ധമുള്ള 17 സ്ഥാപനങ്ങളുമായി ബ്രിട്ടണ് കോടികളുടെ കരാറുകളെന്ന് അന്വേഷണ റിപ്പോര്‍ട്ട്
റെന്വര്‍ പി
Friday, 28th August 2026, 10:56 pm

ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുമായി ബ്രിട്ടണ് 2.1 ബില്യണ്‍ പൗണ്ടിന്റെ കരാറുകളുള്ളതായി അല്‍ ജസീറയുടെ അന്വേഷണ റിപ്പോര്‍ട്ട്. അനധികൃത ഇസ്രഈല്‍ കുടിയേറ്റക്കാരുമായി ബന്ധമുള്ള കുറഞ്ഞത് 17 കമ്പനികളുമായിട്ട് ഇത്തരത്തില്‍ ബ്രിട്ടണ് കരാറുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമവിരുദ്ധ ഇസ്രഈല്‍ കുടിയേറ്റങ്ങളില്‍ പങ്കുള്ളതായി ഐക്യരാഷ്ട്ര പരാമര്‍ശിച്ച സ്ഥാപനങ്ങളുമായാണ് ബ്രിട്ടീഷ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കരാറുകളുള്ളത്. അനധികൃത ഇസ്രഈല്‍ കുടിയേറ്റങ്ങളുമായുള്ള വ്യാപാരം നിരോധിക്കാന്‍ യു.കെയിലെ ലേബര്‍ എം.പിമാര്‍ ആവശ്യമുന്നയിക്കുന്നതിനിടെയാണ് അല്‍ ജസീറയുടെ പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

17 കമ്പനികളുമായി ബ്രിട്ടണ് 125 പൊതുമേഖലാ കരാറുകളാണുള്ളത്. മോട്ടൊറോള സൊലൂഷന്‍സ്, എജിസ്, ഹെയ്ഡല്‍ബെര്‍ഗ് മെറ്റീരിയല്‍സ്, സി.എ.എഫ്, ഫോസണ്‍ എന്നീ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്ക് കീഴിലുള്ളവയാണ് ഈ 17 സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങള്‍ക്ക് അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ വിവിധ മേഖലകളിലായി സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോട്ടറോള സൊലൂഷന്‍സിന് കീഴിലുള്ള സ്ഥാപനങ്ങളുമായാണ് ബ്രിട്ടിഷ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കരാറുകളില്‍ കൂടുതലും. 1.7 ബില്യണ്‍ പൗണ്ടിലധികമാണ് ഈ സ്ഥാപനങ്ങളുമായുള്ള ബ്രിട്ടിഷ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കറാരുകളുടെ മൂല്യം. മോട്ടറോളയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ എയര്‍വേവ് സൊല്യൂഷന്‍സ് വഴിയാണ് അതില്‍ ഭൂരിഭാഗവും.

കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന ജര്‍മ്മനി ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് ഹൈഡല്‍ബര്‍ഗ് മെറ്റീരിയല്‍സ്. ഫ്രഞ്ച് എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് എജിസ്. സ്പാനിഷ് ട്രെയിന്‍ നിര്‍മ്മാതാക്കളാണ് സി.എ.എഫ്. ചൈനീസ് കമ്പനിയാണ് ഫോസുന്‍. അനധികൃത ഇസ്രഈലി കുടിയേറ്റവുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഈ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈഡല്‍ബര്‍ഗ് മെറ്റീരിയല്‍സിന്റെ ഇസ്രായേലി ഉപസ്ഥാപനം വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ഭൂമിയിലെ അധിനിവേശ പ്രദേശത്ത് ഒരു ക്വാറി സ്വന്തമാക്കിയിട്ടുണ്ട്. മോട്ടറോള അനധികൃത കുടിയേറ്റ കേന്ദ്രങ്ങളില്‍ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പങ്കാളികളാണ്. ജെറുസലേമില്‍ ഇസ്രഈല്‍ നിര്‍മിക്കുന്ന ലൈറ്റ്-റെയില്‍ ശൃംഖലയില്‍ എജിസും സി.എ.എഫും പങ്കാളികളാണ്.

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇസ്രായേലി സൗന്ദര്യവര്‍ധക നിര്‍മ്മാതാക്കളായ അഹാവ ഫോസണ്‍ ഇന്റര്‍നാഷണലിന്റെ കീഴിലാണ്. ഫോസണ്‍ ഇന്റര്‍നാഷണലിന്റെ കീഴിലുള്ള ബ്രിയാസ് മെഡിക്കല്‍ സര്‍വീവസിനാണ് ബ്രിട്ടണിലെ പൊതുമേഖലാ കരാറുകള്‍ പ്രകാരം രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ലഭിക്കുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ഭൂമിയും ഉപജീവനമാര്‍ഗ്ഗങ്ങളും കൊള്ളയടിക്കുന്ന ഒരു സ്ഥാപനമാണ് അഹോവയെന്ന് ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ ഉള്‍പ്പെടെയുള്ള പൗരാവകാശ സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഈ സ്ഥാപനങ്ങളുമായുള്ള ബ്രിട്ടിഷ് പൊതുമേഖലാ കരാറുകളില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ പ്രതിഷേധം അറിയിച്ചു. അല്‍ ജസീറയുടെ കണ്ടെത്തലുകള്‍ യു.കെയുടെ പ്രഖ്യാപിത നിലപാടും അതിന്റെ സാമ്പത്തിക ബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യം തുറന്നുകാട്ടുന്നുവെന്ന് മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.

ഇത്തരം കരാറുകള്‍ തുടരുന്നതിലൂടെ ബ്രിട്ടണ്‍ അവരുടെ അന്താരാഷ്ട്ര ബാധ്യതകള്‍ ലംഘിക്കുകയാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ അന്താരാഷ്ട്ര നിയമ വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ ഹംഫ്രീസ് അഭിപ്രായപ്പെട്ടു. യുകെ സര്‍ക്കാര്‍ വര്‍ണ്ണവിവേചനത്തെ പിന്തുണയ്ക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേലിന്റെ തുടര്‍ച്ചയായ സാന്നിധ്യം നിയമവിരുദ്ധമാണെന്ന് 2024 ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായ ഇസ്രഈല്‍ സാന്നിദ്ധ്യം കഴിയുന്നത്ര വേഗത്തില്‍’ അവസാനിപ്പിക്കണമെന്നും അന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു.

Content Highlight: UK has billions in contracts with firms tied to illegal Israeli settlements- Report

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.