നടപടി നിയമവിരുദ്ധം; ഫലസ്തീന്‍ ആക്ഷനെതിരായ നിരോധം റദ്ദാക്കി യു.കെ കോടതി
World
നടപടി നിയമവിരുദ്ധം; ഫലസ്തീന്‍ ആക്ഷനെതിരായ നിരോധം റദ്ദാക്കി യു.കെ കോടതി
രാഗേന്ദു. പി.ആര്‍
Saturday, 14th February 2026, 3:56 pm

ലണ്ടന്‍: ബ്രിട്ടനിലെ ആക്ടിവിസ്റ്റ് സംഘടനയായ ഫലസ്തീന്‍ ആക്ഷനെ നിരോധിച്ച നടപടിയില്‍ യു.കെ സര്‍ക്കാരിന് തിരിച്ചടി. ഭരണകൂടത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ യു.കെ ഹൈക്കോടതി, നിരോധനം റദ്ദാക്കുകയും ചെയ്തു.

അനുപാതരഹിതമായ നടപടിയാണ് ഫലസ്തീന്‍ ആക്ഷനെതിരെ സ്വീകരിച്ചതെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ഭീകര സംഘടനയായി മുദ്രകുത്താന്‍ മാത്രമുള്ള തീവ്രപ്രവര്‍ത്തനങ്ങളില്‍ ഫലസ്തീന്‍ ആക്ഷന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറെ സംബന്ധിച്ച് ഈ വിധി വലിയ തിരിച്ചടിയാണ്. കോടതി വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ശബാന മഹ്‌മൂദ് അറിയിച്ചു. 2025 ജൂലൈയിലാണ് ഫലസ്തീന്‍ ആക്ഷനെ യു.കെ സര്‍ക്കാര്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്.

നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, ഫലസ്തീന്‍ ആക്ഷനില്‍ അംഗത്വം എടുക്കുന്നതും സംഘടനയെ പിന്തുണക്കുന്നതും 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. നിലവിലെ നിരോധനം താത്കാലികമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ 2025 ജൂലൈ 30ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിയില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഒരു ഹൈക്കോടതി ജഡ്ജി ഫലസ്തീന്‍ ആക്ഷന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിരോധനം റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി.

‘ഇന്ന് ഫലസ്തീന്റെ വിജയമാണ്. നിരോധനം സംഘടനയെ സംബന്ധിച്ച് വലിയ തിരിച്ചടി ആയിരുന്നു,’ കോടതി വിധിക്ക് പിന്നാലെ ഫലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപക ഹുദ അമ്മോറി പറഞ്ഞു.

റോയല്‍ എയര്‍ഫോഴ്‌സ് ബ്രൈസ് നോര്‍ട്ടണ്‍ ബേസില്‍ അതിക്രമിച്ചെത്തി ആര്‍.എ.എഫ് വിമാനങ്ങളില്‍ സ്പ്രേ പെയിന്റ് ചെയ്തതോടെയാണ് യു.കെ സര്‍ക്കാര്‍ ഫലസ്തീന്‍ ആക്ഷനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെ ബ്രിട്ടനില്‍ ഉണ്ടായത്.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച 500ലധികം ആളുകളെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായി. സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

2020ലാണ് ഫലസ്തീന്‍ ആക്ഷന്‍ സ്ഥാപിതമായത്. ഇസ്രഈലിന്റെ ‘വര്‍ണവിവേചനം’  അവസാനിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഗസയില്‍ യുദ്ധമാരംഭിച്ചതുമുതല്‍ ബ്രിട്ടന്റെ ഇസ്രഈല്‍ അനുകൂല നിലപാടിനെതിരെ നിരന്തരമായി സംസാരിച്ചിരുന്ന സംഘടന കൂടിയാണിത്.

യു.കെയില്‍ നിന്ന് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതിയെ എതിര്‍ത്തതിന് ഫലസ്തീന്‍ ആക്ഷനിലെ നിരവധി അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

Content Highlight: UK court overturns ban on Palestinian action

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.