വിദ്യാര്‍ത്ഥികള്‍ കരിയര്‍ കളയരുതെന്ന് പത്രക്കുറിപ്പ്; യു.ജി.സിയും പറയുന്നു കുറ്റാലത്തെ 'ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' വ്യാജനെന്ന്
Kerala News
വിദ്യാര്‍ത്ഥികള്‍ കരിയര്‍ കളയരുതെന്ന് പത്രക്കുറിപ്പ്; യു.ജി.സിയും പറയുന്നു കുറ്റാലത്തെ 'ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' വ്യാജനെന്ന്
സഫ്‌വാന്‍ കാളികാവ്
Friday, 31st March 2023, 9:43 pm

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കുറ്റാലത്ത് പ്രവര്‍ത്തക്കുന്ന ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അള്‍ട്രനേറ്റീവ് മെഡിസിന്‍സ് എന്ന സ്ഥാപനത്തിനെതിരെ യു.ജി.സി(university grants commission)യുടെ മുന്നറിയിപ്പ്. 1956ലെ യു.ജി.സി നിയമത്തിന്റെ കടുത്ത ലംഘനമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് യു.ജി.സിയുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

‘യൂണിവേഴ്സിറ്റി’ എന്ന വാക്ക് ഈ സ്ഥാപനത്തിന്റെ പേരിനൊപ്പം ചേര്‍ക്കാനാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ വര്‍ഷം നിരവധി മലയാളികളടക്കം 46 പേര്‍ക്ക് പ്രവാചക വൈദ്യത്തില്‍ ഈ ‘യൂണിവേഴ്‌സിറ്റി’യില്‍ നിന്ന് വ്യജമായി ‘ഡോക്ടറേറ്റ്’ നല്‍കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡൂള്‍ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന നിര്‍ദേശങ്ങളാണ് മാര്‍ച്ച 29ന് പുറത്തിറക്കിയ യു.ജി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

 

(ഈ സ്ഥാപനത്തെക്കുറിച്ച് ഡൂള്‍ന്യൂസ് നടത്തിയ അന്വേഷ റിപ്പോര്‍ട്ട് വായിക്കാം- ഒറ്റമുറി യൂണിവേഴ്‌സിറ്റി നല്‍കുന്ന ‘പ്രവാചക വൈദ്യത്തിലെ ഡോക്ടറേറ്റും’ വ്യാജ ചികിത്സയും)

 

‘ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അള്‍ട്രനേറ്റീവ് മെഡിസിന്‍സ് പോലുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നത് വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതു അറിയിപ്പിലൂടെ യു.ജിസി നിര്‍ദേശം നല്‍കുകയാണ്,’ യു.ജി.സി പത്രക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, കോണ്‍സ്റ്റിസ്റ്റ്യൂഷണല്‍ യൂണിവേഴ്‌സിറ്റി ഗ്രേയ്ഡിങിന്റെ(സി.യു.ജി) അതായത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സെഷന്‍ ഉപയോഗിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക് സ്വയംഭരണാധികാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30(1) വകുപ്പും F.No-52/2019 (CPP-I/PU) എന്ന സുപ്രീം കോടതി വിധിയും ഇവര്‍ ആധികാരികമായി എടുത്തുപറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഭരണഘടനാപരമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നത് യു.ജി.സിയാണെന്നും ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൂള്‍ന്യൂസ് ഈ സ്ഥപനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ പ്രതികരിച്ചിരുന്നു.

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.