യുവേഫ നേഷന്‍സ് ലീഗിന്റെ രണ്ടാം സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. എം.എച്ച്.പി അരീനയില്‍ നടന്ന മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളിനാണ് സ്‌പെയ്ന്‍ വിജയം സ്വന്തമാക്കിയത്. ജൂണ്‍ ഒമ്പതിനാണ് ഫൈനല്‍ മത്സരം. ആദ്യ സെമി വിജയിച്ചെത്തിയ പോര്‍ച്ചുഗലാണ് എതിരാളികള്‍.
ലാമിന്‍ യമാലിനെയും നിക്കോ വില്യംസിനെയും വിങ്ങുകളിലൂടെ ആക്രമിക്കാന്‍ ചുമതലപ്പെടുത്തി 4-3-3 ഫോര്‍മേഷനാണ് സ്‌പെയ്ന്‍ അവലംബിച്ചത്. എംബാപ്പെയെ ആക്രമണത്തിന്റെ നെടുനായകത്വമേല്‍പ്പിച്ച ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് 4-2-3-1 ഫോര്‍മേഷനിലും കളി മെനഞ്ഞു.
മത്സരത്തിന്റെ 22ാം മിനിട്ടില്‍ സ്‌പെയ്ന്‍ മുമ്പിലെത്തി. ഒയാര്‍സ്ബാലിന്റെ പാസില്‍ നിന്നും നിക്കോ വില്യംസാണ് ലാ റോജയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്.
ആദ്യ ഗോള്‍ പിറന്ന് കൃത്യം നാലാം മിനിട്ടില്‍ സ്‌പെയ്ന്‍ അടുത്ത വെടി പൊട്ടിച്ചു. മൈക്കല്‍ മെരിനോയിലൂടെ ടീം ലീഡ് ഇരട്ടിയാക്കി. ഇത്തവണയും ഒയാര്‍സ്ബാലാണ് ഗോളിന് വഴിയൊരുക്കിയത്.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുമായി സ്‌പെയ്ന്‍ മുന്നിട്ടുനിന്നു. യുവതാരം ലാമിന്‍ യമാലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് ആദ്യ പകുതിയിലെ ശ്രദ്ധേയമായ മറ്റൊരു സംഭവം.
രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച സ്‌പെയ്ന്‍ പത്ത് മിനിട്ടിനുള്ളില്‍ തന്നെ മൂന്നാം ഗോളും വലയിലെത്തിച്ചു. പെനാല്‍ട്ടിയിലൂടെ ലാമിന്‍ യമാലാണ് ഗോള്‍ സ്വന്തമാക്കിയത്. രണ്ട് മിനിട്ടിന് ശേഷം 55ാം മിനിട്ടില്‍ പെഡ്രി ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി സ്‌പെയ്‌നിന് മികച്ച ലീഡ് സമ്മാനിച്ചു.
59ാം മിനിട്ടിലാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറവിയെടുത്തുന്നത്. പെനാല്‍ട്ടിയിലൂടെ കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നു.
67ാം മിനിട്ടില്‍ തന്റെ ബ്രേസ് പൂര്‍ത്തിയാക്കിയ ലാമിന്‍ യമാല്‍ സ്‌പെയ്‌നിന് വീണ്ടും നാല് ഗോളിന്റെ ലീഡ് സമ്മാനിച്ചു.
79ാം മിനിട്ടില്‍ റയാന്‍ ചെര്‍കി ഫ്രാന്‍സിനായി രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഡാനി വിവിയന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ആഡ് ഓണ്‍ ടൈമിന്റെ മൂന്നാം മിനിട്ടില്‍ കോലോ മുവാനി ഫ്രഞ്ച് പടയുടെ നാലാം ഗോളും കണ്ടെത്തിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡില്‍ ലാ റോജ ഫൈനലിന് ടിക്കറ്റെടുത്തു.
ആദ്യ സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി പോര്‍ച്ചുഗലിനെയാണ് സ്‌പെയ്‌നിന് ഫൈനലില്‍ നേരിടാനുള്ളത്. മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് യുവേഫ നേഷന്‍സ് ലീഗിന്റെ ജേതാക്കള്‍ പിറവിയെടുക്കുക.
ജൂണ്‍ എട്ടിന് ലൂസേഴ്‌സ് ഫൈനലും അരങ്ങേറും. എം.എച്ച്.പി അരീനയാണ് വേദി.
Content Highlight: UEFA Nations League: Spain defeated France in 2nd Semi Final