യുവേഫ നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്‌പെയ്ന്‍ ഫൈനല്‍ യോഗ്യത നേടിയിരിക്കുകയാണ്. ജൂണ്‍ ഒമ്പതിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെയാണ് സ്‌പെയ്ന്‍ നേരിടുക.
ലീഗിന്റെ ആദ്യ സെമിഫൈനലില്‍ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി പോര്‍ച്ചുഗല്‍ നേരത്തെ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ജര്‍മ്മനിയുടെ തട്ടകമായ അലിയന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു വിജയഗോള്‍ നേടിയത്.
— UEFA Nations League DE (@EURO2024DE) June 5, 2025
ഫൈനലില്‍ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിടാന്‍ പോകുന്നതിനെക്കുറിച്ച് സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍ സംസാരിച്ചിരുന്നു. റൊണാള്‍ഡോയെ താന്‍ വളരെയധികം ആരാധിക്കുന്നുണ്ടെന്നും റൊണാള്‍ഡോ ഇപ്പോഴും മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നുമാണ് യമാല്‍ പറഞ്ഞത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യമാല്‍.
‘നമ്മള്‍ കളിക്കാന്‍ പോവുന്നത് മഹാന്മാരില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെയാണ്. അദ്ദേഹത്തിന്റെ പേര് എപ്പോഴും വേറിട്ടുനില്‍ക്കുന്നു. എനിക്ക് അദ്ദേഹത്തോട് വലിയ ആരാധനയാണ്. അദ്ദേഹം ഇപ്പോഴും മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു’ യമാല്‍ പറഞ്ഞു.
അതേസമയം രണ്ടാം സെമിയില്‍ ഫ്രാന്‍സിനെതിരെ 22ാം മിനിട്ടില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെയുയാണ് സ്‌പെയ്ന്‍ ആദ്യം ലീഡ് നേടിയത്. പിന്നീട് മൈക്കല്‍ മെറീനോയാണ് സ്‌പെയിനായി രണ്ടാമത്തെ ഗോള്‍ നേടിയത്. 54ാം മിനിട്ടില്‍ ലാമിന്‍ യമാലും പെനാല്‍ട്ടി ഗോളും നേടി. 55ാം മിനിട്ടില്‍ പെഡ്രിയും സ്‌പെയിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി. 67ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടികോണ്ട് യമാല്‍ സ്‌പെയിനെ സുരക്ഷിതമായ നിലയില്‍ എത്തിച്ചു.