| Wednesday, 11th March 2026, 8:09 am

അടിച്ചത് 139 ഗോള്‍, വഴങ്ങിയത് വെറും 39!! കൊംപാനിയുടെ കൊമ്പന്‍മാര്‍ ചാമ്പ്യന്‍സ് ലീഗിലും കുതിക്കുന്നു

ആദർശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ കൂറ്റന്‍ വിജയവുമായി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. ഇറ്റാലിയന്‍ സൂപ്പര്‍ ടീമിന്റെ തട്ടകമായ ന്യൂ ബാലന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളിനായിരുന്നു ബയേണിന്റെ വിജയം.

അഞ്ച് ഗോള്‍ വ്യത്യാസത്തില്‍ വിജയം സ്വന്തമാക്കിയതോടെ ഈ സീസണില്‍ തങ്ങളുടെ ഗോള്‍ വ്യത്യാസം നൂറിലെത്തിക്കാനും ബയേണിന് സാധിച്ചു. സീസണില്‍ ഇതുവരെ കളിച്ച 40 മത്സരത്തില്‍ നിന്നും 139 ഗോളുകളാണ് ടീം അടിച്ചെടുത്തത്. വഴങ്ങിയതാകട്ടെ വെറും 39 ഗോളുകളും.

ഓരോ മത്സരത്തിലും ശരാശരി ഒന്നില്‍ താഴെ മാത്രം ഗോള്‍ വഴങ്ങുമ്പോള്‍ ശരാശരി 3+ ഗോളുകള്‍ ബവാരിയന്‍സ് എതിരാളികളുടെ വലയിലെത്തിക്കുന്നുണ്ട്.

അതേസമയം, അറ്റ്‌ലാന്റയ്‌ക്കെതിരെ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് വിന്‍സെന്റ് കൊംപാനി തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 4-4-2 എന്ന ഫോര്‍മേഷനാണ് സീരി എ ടീം അവലംബിച്ചത്.

എതിരാളികളുടെ തട്ടകമെങ്കിലും സമ്മര്‍ദത്തിന്റെ കണിക പോലും ബയേണിനുണ്ടായിരുന്നില്ല. ആദ്യ വിസില്‍ മുഴങ്ങി 12ാം മിനിട്ടില്‍ ജോസിപ് സ്റ്റാനിസിക്കിലൂടെ ബയേണ്‍ മുമ്പിലെത്തി. സെര്‍ജി നാബ്രി ഒരുക്കിയ ഗോള്‍ സ്റ്റാനിസിക് വലയിലെത്തിച്ചു.

22ാം മിനിട്ടില്‍ മൈക്കല്‍ ഒലിസേ ലീഡ് ഇരട്ടയാക്കി. ഡായോട്ട് ഉപംകാനോയുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. രണ്ടാം ഗോള്‍ പിറന്ന് മൂന്നാം മിനിട്ടില്‍ ബയേണ്‍ മൂന്നാം ഗോളും അറ്റ്‌ലാന്റയുടെ വലയിലേക്ക് നിറയൊഴിച്ചു. രണ്ടാം ഗോള്‍ നേടിയ ഒലിസെയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്.

ഒടുവില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബയേണ്‍ 3-0 എന്ന നിലയില്‍ ലീഡെടുത്തു.

ആദ്യ പകുതിക്ക് തൊട്ടുപിന്നാലെ തന്നെ നാബ്രിയെ അടക്കം പിന്‍വലിച്ച് നിര്‍ണായക മാറ്റങ്ങള്‍ കൊംപാനി കൊണ്ടുവരികയും ചെയ്തു.

52ാം മിനിട്ടില്‍ നിക്കോളാസ് ജാക്‌സണിലൂടെ വീണ്ടും മുമ്പിലെത്തിയ ബയേണ്‍ 64ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി. മത്സരത്തിലെ രണ്ടാം ഗോളുമായി മൈക്കല്‍ ഒലിസെയാണ് ബയേണിന് വീണ്ടും ലീഡ് സമ്മാനിച്ചത്.

67ാം മിനിട്ടില്‍ അറ്റ്‌ലാന്റയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ച് ജമാല്‍ മുസിയാല ആറാം ഗോളും സ്വന്തമാക്കി.

ആഡ് ഓണ്‍ സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ മരിയോ പസലിച്ചാണ് അറ്റ്‌ലാന്റയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബയേണ്‍ 6-1ന് ജയിച്ചുകയറി.

മാര്‍ച്ച് 19നാണ് മത്സരത്തിന്റെ രണ്ടാം പാദം. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയാണ് വേദി.

Content Highlight: UEFA Champions League: Bayern Munich defeated Atlanta

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more