കൊവിഡ് കാലം തീര്‍ന്നാലും ഇനി തെരുവിലുറങ്ങേണ്ട; 'ഉദയം' കാവലുണ്ട്
അന്ന കീർത്തി ജോർജ്

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തെരുവുകളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് പേരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകേന്ദ്രങ്ങളുടെ കീഴില്‍ വിവിധ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. അന്ന് എല്ലാവരും ഉന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു കൊവിഡ് കാലം കഴിയുമ്പോള്‍ ഇവരെ വീണ്ടും തെരുവുകളിലേക്ക് തന്നെ തിരിച്ചയക്കുമോ എന്ന്. ഈ ചോദ്യത്തിനുള്ള മാനുഷികതയുടെ മറുപടിയാണ് കോഴിക്കോട്ടെ ഉദയം ഹോം. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കയും അനിശ്ചിതത്വവുമായി ക്യാംപുകളിലെത്തിയവര്‍ക്ക്, ഉദയം ഹോം പദ്ധതിയിലൂടെ താമസവും ജോലിയുമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ തെരുവുകളില്‍ അന്തിയുറങ്ങിയിരുന്ന 700ഓളം പേരാണ് കോഴിക്കോട് ജില്ലയിലെ വിവിധ ക്യാംപുകളിലായി അന്ന് എത്തിയത്. അത്രയും നാളും ദൂരെ നിന്ന് മാത്രം കണ്ടിരുന്ന ഈ തെരുവ് ജീവിതങ്ങളെ അടുത്തറിയാനും വ്യത്യസ്തങ്ങളായ ഇവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും ഭരണകേന്ദ്രങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരു അവസരം കൂടി ആകുകയായിരുന്നു ഈ ക്യാംപുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്ങനെ വിവിധ ജില്ലാ ഭരണകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തണല്‍ എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ കേരളത്തില്‍ ആദ്യമായി തെരുവില്‍ കഴിഞ്ഞിരുന്നവര്‍ക്കായി സ്ഥിരം താമസസ്ഥലം ഒരുങ്ങി, ഉദയം ഹോം. ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 173 പേര്‍ക്കാണ് വിവിധ സ്ഥാപനങ്ങളിലായി ജോലി ലഭിച്ചത്. ഇവരില്‍ സ്ഥാപനങ്ങളില്‍ തന്നെ താമസിക്കുന്നവരും ദിവസവും പോയിവരുന്നവരുമുണ്ട്.

‘ജോലിക്ക് പോയി തിരിച്ചുകയറിച്ചെല്ലാന്‍ ഒരു വീട് അതാണ് ഉദയം ഹോം,’ അധികൃതരുടെ ഈ വാക്കുകള്‍ അന്തേവാസികളും ഒരു പുഞ്ചിരിയോടെ ആവര്‍ത്തിക്കുന്നു.

ജോലിയിലും താമസസൗകര്യത്തിലും മാത്രമായി ഒതുങ്ങുന്നതല്ല ഉദയം ഹോം പദ്ധതി. ജോലിക്ക് പോകാന്‍ സാധിക്കാത്ത പ്രായമായവരെയും അവശതകള്‍ അനുഭവിക്കുന്നവരെയും വിവിധ സന്നദ്ധസംഘടനകളുടെ കീഴില്‍ സുരക്ഷിതകേന്ദ്രങ്ങളിലാക്കി. വീടുകളില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നവരെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിച്ചു. അങ്ങിനെ ഓരോ അന്തേവാസികളുടെയും സാമൂഹികവും മാനസികവും ജോലിപരവും ആരോഗ്യപരവുമായ മെച്ചപ്പെട്ട ജീവിതം നേടിയെടുക്കാന്‍ സാഹചര്യം ഒരുക്കുകയാണ് ഉദയം ഹോമില്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.