പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം അതിനായി കാത്തിരിക്കുകയാണെന്നും ഈ ദുര്‍ഭരണം അവസാനിപ്പിച്ച് കേരളത്തിലെ ജനങ്ങള്‍ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പറവൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ ആത്മവിശ്വാസത്തോടെ ടീം യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
നൂറ് സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് നടത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ വിജയമാണ്. സര്‍ക്കാര്‍ എവിടെയെല്ലാം പരാജയപ്പെട്ട അവിടെ നിന്നെല്ലാം കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതിയുമായാണ് യു.ഡി.എഫ് വരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
24 മണിക്കൂറിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരില്‍ കെ. സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ച സംഭവം ഒറ്റപ്പെട്ട ഒരു വിഷയമാണെന്നും നിങ്ങള്‍ സി.പി.ഐ.എമ്മിലെ സീറ്റ് തര്‍ക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യൂവെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഖജനാവിലെ പണം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളത്തില്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രചരണമാണ് സംസ്ഥാനത്ത് നടന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എവിടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു കാലം എന്നേ അസ്തമിച്ചു. എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഓരോ സീറ്റിലേയും വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ (തിങ്കള്‍) രാവിലെയോടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ദല്‍ഹിയില്‍ എത്തുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.
Content Highlight: UDF will return with over 100 seats; Only 26 days left for the end of misrule in Kerala: VD Satheesan