ന്യൂദല്‍ഹി: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന ദേശീയ എം.എ. ബേബി. വീണ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും എം.എ. ബേബി പറഞ്ഞു.
വരാനിക്കുന്ന തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട പ്രതിപക്ഷം ക്രിമിനല്‍ക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കുകയാണ്. അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ് അവര്‍ തേടുന്നതെന്നും എം.എ. ബേബി പ്രതികരിച്ചു.
പ്രതിഷേധങ്ങളും എതിര്‍പ്പുകളും ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം ആക്രമണത്തിന്റെ പാതയാണ് പ്രതിപക്ഷ സംഘടനകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കാടത്തവും സാംസ്‌കാരിക കേരളത്തിനാകെ അപമാനവുമാണെന്നും എം.എ. ബേബി പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കായികമായി കൈാര്യം ചെയ്യുമെന്ന ധിക്കാരപരമായ നിലപാടാണ് കുറേക്കാലമായി പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കാനും അക്രമികളെ തള്ളിപ്പറയാനും കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വം തയ്യാറാകണമെന്നും എം.എ. ബേബി പറഞ്ഞു.
‘രാജ്യത്തിന് തന്നെ അഭിമാനമായ രീതിയില്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ മികച്ച പങ്കുവഹിച്ച ആരോഗ്യമന്ത്രിയാണ് വീണാ ജോര്‍ജ്. കേന്ദ്ര ഏജന്‍സികള്‍ തന്നെ അംഗീകരിക്കുകയും ലോകശ്രദ്ധ നേടുകയും ചെയ്ത കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി ആസൂത്രിത ആക്രമണങ്ങള്‍ നടത്താനാണ് പ്രതിപക്ഷം തയ്യാറാകുന്നത്. മന്ത്രിയുടെ ഒൗദ്യോഗിക വസതിക്കെതിരായ ആക്രമണവും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രംഗത്തിറക്കിയുള്ള ഈ അക്രമമാര്‍ഗത്തിനെതിരെ ജനാധിപത്യ വിശ്വാസികളാകെ അണിനിരത്തി പ്രതിഷേധം ശക്തമാക്കും. സംഘര്‍ഷമുണ്ടാക്കി നാട്ടില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന പ്രതിപക്ഷ തന്ത്രങ്ങളില്‍ സി.പി.ഐ.എം, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും എം.എ. ബേബി പറഞ്ഞു
കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ജനാധിപത്യ രീതിയിലും സമാധാനപരവുമായ പ്രതിഷേധങ്ങള്‍ കേരളമാകെ ഉയര്‍ത്തിക്കൊണ്ടുവരണം. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാനും തക്കതായ ശിക്ഷയുറപ്പാക്കാനും പൊലീസ് അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മന്ത്രിയെ സന്ദര്‍ശിച്ചു.
Content Highlight: UDF should clarify its stance on the attack on the Health Minister: M.A. Baby