കേന്ദ്രത്തിനെതിരെ ചെറുവിരലനക്കി പ്രതിഷേധിക്കാത്തവര്‍ പാര്‍ലമെന്റിന് മുന്നില്‍ പാടുന്നു 'സ്വര്‍ണം കട്ടവരാരപ്പാ'; വിമര്‍ശനം, വിവാദം
Kerala
കേന്ദ്രത്തിനെതിരെ ചെറുവിരലനക്കി പ്രതിഷേധിക്കാത്തവര്‍ പാര്‍ലമെന്റിന് മുന്നില്‍ പാടുന്നു 'സ്വര്‍ണം കട്ടവരാരപ്പാ'; വിമര്‍ശനം, വിവാദം
ആര്യ. പി
Tuesday, 16th December 2025, 11:30 am

ന്യൂദല്‍ഹി: ശബരിമലയില്‍ നടന്ന സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിച്ച രീതിയ്‌ക്കെതിരെ വിമര്‍ശനം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണ വേദികളില്‍ ഉപയോഗിച്ച ‘സ്വര്‍ണം കട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ’ എന്ന പാരഡി ഗാനം പാടിയായിരുന്നു ഇന്നലെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിന് പ്രതിഷേധിച്ചത്.

ഡീന്‍ കുര്യാകോസ് എം.പി പാട്ട് പാടി കൊടുക്കുകയും കൊടിക്കുന്നില്‍ സുരേഷ്, അടുര്‍ പ്രകാശ്, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, ആന്റോ ആന്റണി, വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ ഏറ്റുചൊല്ലുകയുമായിരുന്നു.

എന്നാല്‍ പൗരത്വ ബില്ല് വന്നപ്പോഴും ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിതപ്പോഴും വഖഫ് ബില്ല് വന്നപ്പോഴും കേരളത്തിന്റെ ജി.എസ്.ടി വിഹിതം തടഞ്ഞപ്പോഴും വയനാട് പ്രളയ ഫണ്ട് കേന്ദ്രം തരാതിരുന്നപ്പോഴും യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിന് മുന്‍പില്‍ പാട്ടുപാടി പ്രതിഷേധിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടതു ഹാന്‍ഡിലുകള്‍ വിമര്‍ശിക്കുന്നു.

അന്ന് പാടാന്‍ മറന്നവര്‍ സ്വര്‍ണ കേസിലെ പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ പിടിച്ച് ജയിലിലകത്തെത്തിച്ചിട്ടും രാഷ്ട്രീയ ലാഭത്തിനായി കപട ഭക്തി ചമഞ്ഞ് അയ്യപ്പനെ പിടിച്ച് പാട്ടു പാടിയതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പരിഹസിച്ചു.

പാര്‍ലമെന്റ് ഹൗസിന് മുന്നില്‍ നിരന്നു നിന്നായിരുന്നു എം.പിമാരുടെ ഈ പാട്ടുപാടല്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തിന് ഈ പാട്ടും ഒരളവു വരെ കാരണമായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു എം.പിമാരുടെ പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധം.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കിയപ്പോഴോ വോട്ട് അട്ടിമറികൡകളിലൂടെയും എസ്.ഐ.ആറിലൂടെയും ബി.ജെ.പി സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തിയപ്പോഴോ ഒരു ചെറുവിരലനക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ ശബരിമലയിലെ ഒരു പാരഡിപാട്ടുമായി പാര്‍ലമെന്റിന് മുന്നിലെത്തി പ്രതിഷേധിച്ചത് അല്‍പ്പത്തരമായിപ്പോയെന്ന് വിമര്‍ശകര്‍ പറയുന്നു.

‘പൗരത്വ ബില്ല് വന്നപ്പോള്‍ പാടാന്‍ മറന്നവര്‍, ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പാടാന്‍ മറന്നവര്‍, വഖഫ് ബില്ല് വന്നപ്പോള്‍ പാടാന്‍ മറന്നവര്‍, കേരളത്തിന്റെ ജി.എസ്.ടി വിഹിതം തടഞ്ഞപ്പോള്‍ പാടാന്‍ മറന്നവര്‍, വയനാട് ദുരന്ത ഫണ്ട് കേന്ദ്രം തരാതിരുന്നപ്പോള്‍ പാടാന്‍ മറന്നവര്‍,
മഹാപ്രളയത്തില്‍ കേന്ദ്രം നയാ പൈസ തരാതിരുന്നപ്പോള്‍ പാടാന്‍ മറന്നവര്‍, സ്വര്‍ണ കേസിലെ പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ പിടിച്ച് ജയിലിലകത്തെത്തിച്ചിട്ടും തികച്ചും സ്വാര്‍ത്ഥ ലാഭത്തിനായ് കപട ഭക്തി ചമഞ്ഞ് അയ്യപ്പനെ പിടിച്ച് പാട്ടു പാടാന്‍ എത്തിയതില്‍ സന്തോഷം,’ എന്നായിരുന്നു ഒരു കമന്റ്.

ശബരിമല ക്ഷേത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എങ്കില്‍ അത് അന്വേഷിക്കാന്‍ കോടതി നിയന്ത്രണത്തില്‍ അന്വേഷണ സംഘമുണ്ട്. ആരാണെങ്കിലും അവര്‍ കുറ്റം ചെയ്തു എന്ന് തെളിയുന്ന മുറയ്ക്ക് അവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏത് വിധേനയും ഭരണം പിടിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ.. അതിനവര്‍ ആരുമായും കൂടും അതിന്റെ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി വേണമെങ്കില്‍ തുണിയുരിഞ്ഞ് പൊതുജനമധ്യത്തില്‍ നൃത്തം ചെയ്യും, എന്നിങ്ങനെയുള്ള കമന്റും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

അയ്യപ്പഭക്തരായ ശിവമണിയും കെ. വീരമണിയും ചേര്‍ന്ന് 1988ല്‍ പുറത്തിറക്കിയതാണ് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘എന്ന് തുടങ്ങുന്ന തമിഴ് ഗാനം.

ഒരു ഭക്തി ഗാനം ഇതേപോലെ കോമാളി വേഷം കെട്ടി അവതരപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും അനുഭാവി ആയിരുന്നെങ്കില്‍പ്പോലും എന്തായിരിക്കും ഇവിടുത്തെ പുകിലെന്നു ഒന്ന് ആലോചിച്ചു നോക്കൂവെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

ശബരിമല സ്വര്‍ണകൊള്ളക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം, സ്വര്‍ണകൊള്ളയില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റ് കവാടത്തില്‍ യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിച്ചത്.

Content Highlight: UDF MP’s Protest by singing song at Parliament on Sabarimala Issue Face Criticisism

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.