തൊഴിലില്ലായ്മ മുഖ്യപ്രചാരണ വിഷയമായി ഉയര്‍ത്താത്തത് യു.ഡി.എഫ് അവരോടു തന്നെ ചെയ്യുന്ന ചതി, യുവാക്കളോടും
Opinion
തൊഴിലില്ലായ്മ മുഖ്യപ്രചാരണ വിഷയമായി ഉയര്‍ത്താത്തത് യു.ഡി.എഫ് അവരോടു തന്നെ ചെയ്യുന്ന ചതി, യുവാക്കളോടും
ഫാറൂഖ്
Saturday, 6th February 2021, 4:52 pm

കേരളത്തില്‍ എന്താണ് പ്രശനം? അഥവാ കേരളത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

യു.ഡി.എഫിന് വേണ്ടിയാണ് പ്രശ്‌നം അന്വേഷിക്കുന്നത്, കാരണം ഒരു തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. ഭരിച്ചു കൊണ്ടിരിക്കുന്നവരെ മാറ്റി വേറൊരു ടീമിനെ തെരഞ്ഞെടുക്കണമെങ്കില്‍ ജനങ്ങള്‍ക്ക് ഒരു കാരണം വേണം. ഒന്നുകില്‍ പുതിയ ഒരു കാര്യം ചെയ്യുമെന്ന വാഗ്ദാനം, അല്ലെങ്കില്‍ നിലവില്‍ ഉള്ള ഒരു പ്രശ്‌നം പരിഹരിക്കുമെന്ന വാഗ്ദാനം, രണ്ടിലൊന്നുണ്ടെങ്കിലേ പുതിയൊരാളെ തെരഞ്ഞെടുക്കേണ്ട ആവശ്യം ജനങ്ങള്‍ക്കുള്ളൂ.

ഓരോ അഞ്ചു കൊല്ലവും കൂടുമ്പോഴും കേരളീയര്‍ ഭരിക്കുന്നവരെ മാറ്റി കൊണ്ടിരിക്കുന്നതിന്റെ കാരണമെന്താണ് – ഭരണ വിരുദ്ധ വികാരം. ഇപ്പോള്‍ പിണറായിയ്‌ക്കെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടോ – ഇല്ല. നാട്ടിലെല്ലാവര്‍ക്കും പിണറായിയെ പറ്റി നല്ലതേ പറയാനുള്ളൂ, പ്രത്യേകിച്ച് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ കൊണ്ട് വന്ന മാറ്റങ്ങളെ പറ്റി ആളുകള്‍ പാടി പുകഴ്ത്തുകയാണ്.

ഈ മാറ്റങ്ങള്‍ അനുഭവിക്കാത്ത ആളുകളില്ല. സര്‍ക്കാര്‍ ആരോഗ്യ കേന്ദങ്ങളില്‍ വൃത്തിയും വെടിപ്പും മരുന്നുമൊക്കെയായി. സ്‌കൂളുകള്‍ക്ക് നല്ല കെട്ടിടങ്ങളും ബോര്‍ഡും കംപ്യൂട്ടറുകളുമൊക്കെയായി. ലൈഫ് മിഷനെ പറ്റി വളരെ നല്ല അഭിപ്രായമാണ്, റോഡുകള്‍ നന്നായിട്ടുണ്ട്.

അഴിമതിക്കാരെന്ന ആരോപണമില്ല, അഥവാ അഴിമതിയുണ്ടെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്തിട്ടല്ലേ എന്ന ന്യായവുമുണ്ട്. അടിസ്ഥാനപരമായി നമ്മള്‍ ജനങ്ങള്‍ അഴിമതി വിരുദ്ധരല്ല, അഴിമതിക്കാരായതിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കുന്ന ശീലവുമില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ ഹോം ഗ്രൗണ്ടാണ്, അതില്‍ കയറി കളിക്കാന്‍ യു.ഡി.എഫിനാവില്ല.

കഴിയുമെങ്കില്‍ അതിനെപ്പറ്റിയൊന്നും സംസാരിക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാമായിരുന്ന ലൈഫ് മിഷന്‍ ഫ്ളാറ്റുകള്‍ക്കൊക്കെ നാട്ടുകാരുടെയിടയില്‍ പരമാവധി പബ്ലിസിറ്റി കൊടുത്തത് ശബരീനാഥും അനില്‍ അക്കരെയുമൊക്കെയാണ്. ഇത്തരം കൂട്ടുകാരുണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ട.

ഇതൊക്കെ പറഞ്ഞത് യു.ഡി.എഫുകാരെ നിരാശരാക്കാനല്ല. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാത്തവന്‍ ഗുസ്തിയില്‍ ജയിക്കില്ലെന്ന് ധാരാസിങ് പറഞ്ഞിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഇടതു പക്ഷത്തിന്റെ ശക്തി, വര്‍ഗീയതയാണ് ബി.ജെ.പിയുടേത്. ഈ രണ്ടു കാര്യങ്ങളും അവരവര്‍ക്ക് വിട്ടു കൊടുക്കുക, അതിനെ പറ്റി സംസാരിക്കാതിരിക്കുക.

യു.ഡി.എഫുകാര്‍ക്ക് സംസാരിക്കാന്‍ ഒരു പ്രശ്‌നം വേണം, ഒരു വലിയ പ്രശ്‌നം, കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും മനസ്സിലാവുന്ന ഒരു പ്രശ്‌നവും അതിന്റെ പരിഹാരവും. അതില്ലാതെ യു.ഡി.എഫ് ജയിക്കില്ല. എന്താണാ പ്രശ്‌നം?

സ്ഥിരമായി ടെലിവിഷന്‍ ചര്‍ച്ചകള്‍ കാണുന്ന ആളാണെങ്കില്‍ നിങ്ങള്‍ വിചാരിക്കുന്നത് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം സ്വര്‍ണ കള്ളക്കടത്തോ ചെന്നിത്തല പാണക്കാട്ട് പോയതിനെ വിജയരാഘവന്‍ വിമര്‍ശിച്ചതോ സുധാകരന്‍ മുഖ്യമന്ത്രിയെ ചെത്തുകാരന്‍ എന്ന് വിളിച്ചതോ എന്നൊക്കെയാണ്.

ഫേസ്ബുക്കിലാണ് ജീവിതമെങ്കില്‍ നിങ്ങള്‍ വിചാരിക്കുന്നത് ഏതോ ഹോട്ടലിലെ ഹലാല്‍ ബോര്‍ഡോ പാലായിലെ കുഴിമന്തി ഹോട്ടലോ ഒക്കെയാണ് കേരളത്തിന്റെ പ്രശ്‌നം എന്നാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രശനം മനസ്സിലാവണമെങ്കില്‍ ഇത് രണ്ടും ഓഫ് ചെയ്ത് നാട്ടിലേക്കിറങ്ങണം, പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലും, ആളുകളോട് സംസാരിക്കണം.

നിങ്ങള്‍ ആദ്യം കാണുന്നത് ഒരു ഓട്ടോ ഡ്രൈവറെ ആയിരിക്കും, ഏകദേശം ഒരു കൊല്ലമായി കാര്യമായി ഒരു ഓട്ടവും ഇല്ലാതെ, ജോലിയും വരുമാനവും ഇല്ലാതെ കടം വാങ്ങി ടാക്സും ഇ.എം.ഐയും അടക്കുന്ന ഓട്ടോ ഡ്രൈവര്‍. അപൂര്‍വമായി ഒരു ഓട്ടം കിട്ടിയാലായി, പക്ഷെ പെട്രോള്‍ വില ദിനം വച്ച് കൂടുന്നത് കൊണ്ട് ഓടിയാലും ലാഭമില്ല.

പിണറായി കൊടുക്കുന്ന കിറ്റുള്ളത് കൊണ്ട് പട്ടിണിയില്ല. ഇത് ഓട്ടോ ഡ്രൈവറുടെ മാത്രം സ്ഥിതിയല്ല, ടാക്‌സി, ബസ്, ജീപ്പ് തൊഴിലാളികളുടെ മുഴുവന്‍ പ്രശ്‌നമാണ്, മിക്കവാറും ആര്‍ക്കും തൊഴിലില്ല വരുമാനമില്ല.

സത്യത്തില്‍ ഗതാഗതം ഏറ്റവും തൊഴില്‍ നഷ്ടമുണ്ടാക്കിയ ഒരു മേഖല പോലുമല്ല. ടൂറിസം, ഹോട്ടല്‍ മേഖലകള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്, ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിര്‍മാണം മുഴുവന്‍ നിലച്ചിട്ടുണ്ട്, കണക്കാക്കാനാവാത്ത തൊഴില്‍ നഷ്ടം ആ രംഗത്തുണ്ട്.

വിനോദം, സിനിമ എന്നിവയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരും കഷ്ടത്തിലാണ്. ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കിയ വിവാഹങ്ങളും അനുബന്ധ പരിപാടികളും ഇപ്പോഴില്ല. ചെറുകിട ഹോട്ടലുകള്‍ക്ക് കച്ചവടം കുറവും ഗ്യാസിന് വില കൂടുതലും എന്ന അവസ്ഥയില്‍ ജോലിക്ക് ആളെ വെക്കാന്‍ കഴിയുന്നില്ല, ജോലിയുള്ളവര്‍ക്ക് തന്നെ ശമ്പളം കുറയ്ക്കുകയാണ്.

ചെറുകിട സംരംഭകര്‍ കാര്യമായ പ്രതിസന്ധിയിലാണ്. ലോണ്‍ അടവുകളിലും പലിശയിലും കാര്യമായ ഒരു മാറ്റവും വരുത്താന്‍ ബാങ്കുകാര്‍ തയ്യാറായിട്ടില്ല. ബിസിനസ്സ് വരുമാനവും ലാഭവും കുറയുമ്പോള്‍ പിടിച്ചു നില്ക്കാന്‍ പണിക്കാരുടെ എണ്ണം കുറക്കുന്നത് മാത്രമാണ് അവരുടെ മുമ്പിലുള്ള വഴി. അങ്ങനെ ജോലി നഷ്ടപ്പെട്ടവര്‍ അനവധി. ദിവസവും കൂടുന്ന ഇന്ധന വില മൂലം സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് വരെ നഷ്ടക്കച്ചവടമാകുകയാണ്.

പുതിയതായി തൊഴില്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന ചെറുപ്പക്കാരുടെ കാര്യമാണ് കഷ്ടം. ഐ.ടി മേഖലയില്‍ അത്യാവശ്യം തൊഴില്‍ ഇപ്പോഴും ലഭിക്കാനുണ്ടെങ്കിലും മറ്റു മേഖലകള്‍ ദയനീയമാണ്. പതിനായിരക്കണക്കിന് എഞ്ചിനീയറിംഗ് ബിരുദക്കാര്‍ ഒരു ജോലിയും കിട്ടാതെ വീട്ടിലിരിപ്പാണ്, പലര്‍ക്കും വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവിന്റെ സമയമായി. പല പെണ്‍കുട്ടികലും തൊഴില്‍ അന്വേഷിച്ചിട്ട് കാര്യമില്ല, ഇനി ഒരു വീട്ടമ്മയായി കാലം കഴിക്കാം എന്ന് സങ്കടത്തോടെ തീരുമാനിക്കുകയാണ്. അത്യാവശ്യം ചിലര്‍ക്ക് ജോലി ഓഫര്‍ കിട്ടുന്നുണ്ടെങ്കിലും ശമ്പളം തുച്ഛമാണ്, ബസ് കൂലി കഷ്ടിച്ച് കിട്ടിയാലായി.

നാട്ടില്‍ ജോലി കുറയുമ്പോള്‍ ബാംഗ്ലൂര്‍, മുംബൈ, ഗള്‍ഫ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പലായനം ഒരു പ്രഷര്‍ വാല്‍വ് ആയി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. പതിനായിരക്കണക്കിന് തൊഴിലന്വേഷകര്‍ ഇങ്ങനെ പുറത്തു പോയിരുന്നത് കൊണ്ടാണ് കേരളത്തില്‍ തൊഴില്‍ ഒരു കാര്യമായ രാഷ്ട്രീയ പ്രശ്‌നം ആകാതിരുന്നത്.

ഇപ്പോള്‍ അതല്ല സ്ഥിതി. കഴിഞ്ഞ ഒരു കൊല്ലത്തോളമായി ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ വിസ കൊടുത്തിട്ടില്ല, സൗദി അറേബ്യ അടുത്ത മെയ് വരെ ഈ സ്ഥിതി തുടരും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക പുതിയ എച്ച്-1-ബി വിസ കൊടുക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ബാംഗ്ലൂരിലും മുംബൈയിലും പോയിട്ട് പ്രത്യേകിച്ച് കാര്യമില്ലാത്ത അവസ്ഥയാണ്, അവരുടെ സ്ഥിതിയും മെച്ചമല്ല.

ജോലി നഷ്ടവും വരുമാന നഷ്ടവും ബാധിക്കാത്ത ഒരു കുടുംബവും കേരളത്തിലില്ല, എന്നിട്ടും എന്ത് കൊണ്ടാണ് ടെലിവിഷനിലും ഫേസ്ബുക്കിലും ഒന്നും ഇത് ചര്‍ച്ച ചെയ്യപ്പെടാത്തത് എന്ന നിങ്ങള്‍ അത്ഭുതപ്പെടും. സാമാന്യം തരക്കേടില്ലാത്ത ജോലിയുള്ള മധ്യവയസ്‌കരുടെ ആവാസ കേന്ദ്രമാണ് ഫേസ്ബുക്ക്, റിട്ടയര്‍ ചെയ്തു കരയോഗത്തിലോ പള്ളിക്കമ്മിറ്റിയിലോ കയറാന്‍ നില്‍ക്കുന്നവരാണ് ടിവി ചര്‍ച്ചകള്‍ കാണാനിരിക്കുന്നത്. ഈ രണ്ടു കാറ്റഗറിയിലും വര്‍ഗീയതയാണ് ഇന്ററസ്റ്റിംഗ് സ്റ്റോറി. അവരവിടെ നില്‍ക്കട്ടെ, പ്രതിപക്ഷം എന്താണിക്കാര്യം പറയാത്തത്, എന്താണവര്‍ക്കുള്ള തടസ്സം?

ഏതു തരത്തില്‍ നോക്കിയാലും പ്രതിപക്ഷം മുഖ്യ വിഷയമായി ഉയര്‍ത്തേണ്ടത് തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമാണ്. ട്രംപ് തോറ്റതിന് വലിയ വലിയ ന്യായങ്ങള്‍ നമ്മുടെ വിശകലനക്കാര്‍ പറയുമെങ്കിലും അവിടുത്തെ പ്രതിപക്ഷം ഉയര്‍ത്തിയത് പ്രധാനമായും തൊഴിലില്ലായ്മ ആണ്.

ബീഹാറില്‍ തേജസ്വി യാദവ് ഭരണത്തിന്റെ തൊട്ടടുത്തെത്തിയത് തൊഴിലെവിടെ എന്ന ഒറ്റ മുദ്രാവാക്യത്തിന്റെ പുറത്തതാണ്. ആ രീതി വച്ച് യു.ഡി.എഫിന് ജയിക്കണമെങ്കില്‍ തൊഴില്‍ മുഖ്യ അജണ്ടയാക്കണം, എന്ന് വെച്ച് മറ്റു വിഷയങ്ങള്‍ പാടെ ഒഴിവാക്കണം എന്നല്ല. ബിരിയാണിയുടെ ചുറ്റും അച്ചാറും ചമ്മന്തിയും വക്കുന്നത് പോലെ അല്പം വര്‍ഗീയതയും ശബരിമലയുമൊക്കെയാവാം.

കേരളത്തിലെ വ്യാപകമായ തൊഴില്‍/വരുമാന നഷ്ടങ്ങള്‍ക്ക് ഇടതു മുന്നണി മാത്രമാണോ ഉത്തരവാദി- അല്ല. കോറോണയ്ക്കാണ് പ്രധാന ഉത്തരവാദിത്വം. പക്ഷെ കൊറോണക്ക് മുമ്പും തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വലിയ മെച്ചമൊന്നും പറയാനുണ്ടായിരുന്നില്ല. നോട്ടു നിരോധനവും ജി.എസ്.ടിയും ചെറുകിട സംരംഭകരെ മുഴുവന്‍ കുത്തുപാള എടുപ്പിച്ചത് കൊണ്ട്, കൊറോണക്ക് മുമ്പേ തന്നെ നാല്‍പതു കൊല്ലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായിരുന്നു ഇന്ത്യയില്‍.

ഇക്കഴിഞ്ഞ മാസം ഇന്ത്യ-ടുഡേ അഖിലേന്ത്യ തലത്തില്‍ നടത്തിയ ഒരു സര്‍വേയില്‍ മൂന്നില്‍ ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയത്. ഡീസല്‍ ടാക്‌സ് കൂട്ടി കൊണ്ടിരിക്കുന്നത് ഇനിയും കുറെ ചെറുകിട വ്യവസായങ്ങളെ കൂടി കുത്തുപാള എടുപ്പിക്കും, തൊഴിലില്ലായ്മ കൂടും.

പക്ഷെ, യു.ഡി.എഫ് മത്സരിക്കുന്നത് കൊറോണക്കെതിരെയല്ല. മുഖ്യ എതിരാളി ബി.ജെ.പിയുമല്ല. ഇപ്പോള്‍ നേരിടേണ്ടത് പിണറായി വിജയനെയാണ്. അതുകൊണ്ട് തൊഴില്‍ നഷ്ടത്തിന്റെ പ്രധാന ഉത്തരവാദിത്തം ഇടതിന് ചാര്‍ത്തി കൊടുക്കുന്നതാണ് ബുദ്ധി. എല്‍.ഡി.എഫ് ഒന്നുകില്‍ ഇത് നിഷേധിക്കണം, അഥവാ ഭീകരമായ തൊഴില്‍ പ്രതിസന്ധി കേരളത്തില്‍ ഇല്ല എന്ന് പറയണം. അതാരും വിശ്വസിക്കില്ല, കാരണം അവരവരുടെ വീട്ടിലെ അവസ്ഥയാണ്. അല്ലെങ്കില്‍ തൊഴിലില്ലായ്മയ്ക്ക് കാരണം വെള്ളപ്പൊക്കം, കൊറോണ, നോട്ടു നിരോധനം, ജി.എസ്.ടി എന്നിവയാണെന്ന് ജനങ്ങളോട് പറഞ്ഞു കൈ കഴുകാന്‍ നോക്കണം. അതും ഫലിക്കില്ല, കാരണം ഒഴിവ് കഴിവ് പറയുന്നവരെ ജനങ്ങള്‍ ഭരിക്കാനേല്‍പ്പിക്കില്ല.

ഇതൊന്നുമല്ലെങ്കിലും ഫസ്റ്റ് മൂവര്‍ അഡ്വാന്റ്റേജ് തൊഴില്‍ ചര്‍ച്ചയുടെ കാര്യത്തില്‍ യു.ഡി.എഫിന് ലഭിക്കും. ചെസ്സ് കളിയില്‍ രണ്ടാളും തുല്യരാണെങ്കില്‍ ആദ്യം വെള്ളക്കരു നീക്കി കളി തുടങ്ങുന്നവനെ ജയിക്കൂ എന്നതാണ് ശാസ്ത്രം. തൊഴില്‍ ചര്‍ച്ചക്ക് രുചി കൂട്ടാനുള്ള ഉപ്പും മുളകുമൊക്കെ ബന്ധു നിയമനമായും താത്കാലിക നിയമനമായും ഇപ്പോള്‍ തന്നെ പൊതു ചര്‍ച്ചയിലുണ്ട്. അജണ്ട സെറ്റ് ചെയ്യുന്നവന്‍ പകുതി ജയിച്ചു.

ഇത്രയും പറഞ്ഞത് യു.ഡി.എഫ് ജയിക്കണമെന്ന ആഗ്രഹം കൊണ്ടല്ല, രാഷ്ട്രീയ ചര്‍ച്ചകളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും മനുഷ്യന്റെ ജീവിതത്തെ ഫോക്കസ് ചെയ്തു കൊണ്ടായിരിക്കണമെന്നത് കൊണ്ടാണ്. ഓരോ തലമുറയും പിന്നാലെ വരുന്ന തലമുറയുടെ ജീവിതം കൂടുതല്‍ മെച്ചമുള്ളതാക്കാന്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. ടെലിവിഷന്‍ അവതാരകര്‍ക്കും ഫേസ്ബുക്കുകാര്‍ക്കും വേണ്ട എന്ന് വെച്ച് വളര്‍ന്നു വരുന്ന കുട്ടികളെ കിറ്റിന് ക്യൂ നില്‍ക്കുന്നവരാക്കരുത്, അവര്‍ക്ക് ജോലിയും വരുമാനവും വേണം.

വോട്ടുകിട്ടാന്‍ ക്ഷേമ പ്രവര്‍ത്തനങ്ങളോ വികസന പ്രവര്‍ത്തനങ്ങളോ മതി എന്ന നില വരരുത്. ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപ ടാക്‌സ് വാങ്ങിയാല്‍ ആയിരം ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോഴേക്കും ഒരു കക്കൂസുണ്ടാക്കാനുള്ള പണം കിട്ടും, അങ്ങനെ കൊള്ളയടിച്ച പണം കൊണ്ട് കക്കൂസുകളും ബസ് വെയ്റ്റിംഗ് ഷെഡ്ഡുകളും ഉണ്ടാക്കി വികസന വീരന്മാര്‍ എന്ന മേനി നടിക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കരുത്.

വികസനത്തിന് വേണ്ടി എന്ന് പറഞ്ഞു ടാക്സിലൂടെ നാട്ടുകാരെ കൊള്ളയടിക്കുന്നതാണ് നാട്ടില്‍ ജോലിയില്ലാതാകുന്നതിന്റെ പ്രധാന കാരണം. ജനങ്ങളുടെ കയ്യിലുള്ള പണം മുഴുവന്‍ ഒന്നുകില്‍ സര്‍ക്കാരിലേക്ക് അല്ലെങ്കില്‍ അംബാനിയിലേക്ക് പോകുകയാണ്, ചെറുകിട സംരംഭങ്ങള്‍ മുഴുവന്‍ പൂട്ടി കെട്ടുകയാണ്. വികസനം വേണ്ട തൊഴില്‍ മതി എന്നതാണിപ്പോള്‍ യുവാക്കള്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യം

കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സുകാര്‍ ഇക്കാര്യങ്ങള്‍ ജങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കാതിരിക്കുകയും അധികാരത്തില്‍ വന്നാല്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതിരിക്കുകയും ചെയ്യുന്നത്, രാഷ്ട്രീയത്തെ വര്‍ഗീയത പറയുന്നതില്‍ രസം കണ്ടെത്തുന്ന മധ്യവയസ്സു കഴിഞ്ഞവര്‍ക്ക് മാത്രമുള്ള ഇടമാക്കി ചുരുക്കും.

യുവാക്കള്‍ പ്രതീക്ഷ കൈ വിട്ടു കിറ്റിനെ ആശ്രയിച്ചു ജീവിക്കാന്‍ തുടങ്ങും, അമേരിക്കയില്‍ നിന്ന് കപ്പലില്‍ വരുന്ന ഗോതമ്പ് കാത്തിരുന്നിരുന്നിരുന്ന ഭൂതകാലത്തിലേക്ക് നമ്മള്‍ പോകും, കാരണം കാര്‍ഷിക ബില്ലുകള്‍ക്ക് ശേഷം എഫ്.സി.ഐ ഗോഡൗണുകളില്‍ അരി ഇല്ലാതാകുന്ന കാലമാണ് വരാന്‍ പോകുന്നത്

എന്ന് വെച്ച് കോണ്‍ഗ്രസ്സുകാര്‍ വര്‍ഗീയത പൂര്‍ണമായി ഒഴിവാക്കണമെന്നല്ല, ഒരു ടച്ചിങ്സ് ആയി അതും കിടന്നോട്ടെ, എല്ലാവര്‍ക്കും വോട്ടുണ്ടല്ലോ.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ