പുൽപ്പള്ളി: വയനാട് പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്- ബി.ജെ.പി സഖ്യം. തെരഞ്ഞെടുപ്പിൽ ഇരു സഖ്യവും വോട്ടുചെയ്തെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് എം.പി കരുണാകരൻ സ്ഥിരീകരിച്ചു. പാർട്ടി നിർദേശമനുസരിച്ചാണ് ബി.ജെ.പിക്ക് വോട്ടുചെയ്തതെന്ന് കരുണാകരൻ പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ് നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന് സി.പി.ഐ.എം ആരോപിച്ചു.
വികസനകാര്യം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യു.ഡി.എഫ് പിന്തുണയോടെ 12 വോട്ടുകൾ നേടിയാണ് ബി.ജെ.പി പ്രതിനിധികൾ ജയിച്ചത്.
എൽ.ഡി.എഫ് ഒമ്പതും യു.ഡി.എഫ് എട്ടും ബി.ജെ.പി നാലുമായിരുന്നു കക്ഷിനില.
ബി.ജെ.പി- യു.ഡി.എഫ് ധാരണയെ തുടർന്ന് ഇന്ന്(ബുധൻ) നടക്കാനിരിക്കുന്ന ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിൽ നിന്നും മുസ്‌ലിം ലീഗ് വിട്ടുനിൽക്കും.
നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ബി.ജെ.പി ബന്ധത്തിന്റെ ടെസ്റ്റ് ഡോസാണോ പുൽപ്പള്ളിയിൽ നടന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് പറഞ്ഞു.
അധികാരത്തിന് വേണ്ടി ബി.ജെ.പിയുമായി ചേരാൻ യാതൊരു മടിയുമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞെന്നും അത് കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യുമെന്നും റഫീഖ് കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ നേതാക്കന്മാരാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും യു.ഡി.എഫ് നേതൃത്വത്തിന് അതിൽ പങ്കില്ലെന്നും ബി.ജെ.പിയുമായി സഖ്യം ചേർന്ന് ഒരിക്കലും ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.
‘ഇന്നലെ നടന്ന തെരഞ്ഞുടുപ്പ് യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. അത് കോൺഗ്രസിന്റെ മാത്രം തീരുമാനം. ഇന്ന് പഞ്ചായത്തിൽ തുടർ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ട സാഹചര്യമായതിനാലും പുൽപ്പള്ളിയിലെ അഞ്ചാം വാർഡിലെ മുസ്‌ലിം ലീഗിന്റെ മെമ്പർ രസ്ന മുനീറിനോട് വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്,’ ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് തങ്ങൾ പറഞ്ഞു.
Content Highlight: UDF-BJP alliance in Pulpally Panchayat Standing Committee elections