| Sunday, 14th June 2026, 8:32 am

മോഹന്‍ കുന്നുമ്മല്‍ എന്ന വര്‍ഗീയവാദി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ യു.ഡി.എഫും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നിലപാട് വ്യക്തമാക്കണം: എസ്.എഫ്.ഐ

നിഷാന. വി.വി

തിരുവനന്തപുരം: എം.ജി, കേരള, മലയാളം സര്‍വകലാശാലകളുടെ വി.സിമാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്.

സംഘി മോഹന്‍ കുന്നുമ്മല്‍ എന്ന വര്‍ഗീയവാദിയെന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. വര്‍ഗീയവാദികളായ ആളുകള്‍ വി.സിമാരായാല്‍ എന്താവും വിദ്യാര്‍ത്ഥികളുടെ ഭാവിയെന്ന് അദ്ദേഹം ചോദിച്ചു. ആര്‍.എസ്.എസിന്റെ നൂറ് വര്‍ഷങ്ങള്‍ എന്ന സെമിനാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘ഇവിടെ മോഹന്‍ കുന്നുമ്മല്‍ സംഘിയാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. ഈ സര്‍ക്കാരിനും അതിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലേ ഉള്ളു . യോഗ്യതയില്ലാതെയാണ് ഗവര്‍ണറുടെ സഹായത്തോടെ കേരള സര്‍വകലാശാലയില്‍ അദ്ദേഹം തുടരുന്നതും.

ആര്‍.എസ്.എസിന് വേണ്ടി വിടുപണി ചെയ്യുന്ന മോഹന്‍ കുന്നുമ്മല്‍ പക്ഷേ സര്‍വകലാശാലകളില്‍ കുട്ടികളോട് ഇടതു വിരുദ്ധതയും, അരാഷ്ട്രീയതയും മാത്രമേ വിളമ്പാറുള്ളൂ. ഇടതു സര്‍ക്കാരിന്റെ കാലത്ത് ഇവരുടെ സംഘപരിവാര്‍ ദാസ്യ പണിയെ അവരവരുടെ വീട്ടില്‍ വച്ചാല്‍ മതി എന്ന് സര്‍ക്കാര്‍ തന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് അധികാരത്തില്‍ എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.അതാണീ ചിത്രത്തിനാധാരം,’ സഞ്ജീവ് പറഞ്ഞു.

അങ്ങനെയല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കേരള സര്‍വകലാശാല വി.സിയുടെ ഈ സംഘപരിവാര്‍ ദാസ്യപ്പണിയെ കുറിച്ചുള്ള അഭിപ്രായം പറയണം, അതെങ്കിലും പറയാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്താണ് എം.ജി, കേരള വിസി മാരുടെ ഔദ്യോഗിക വാഹനത്തിലെ സര്‍ സംഘ് ചാലക് സന്ദര്‍ശനത്തെ കുറിച് പറയാനുള്ളത്? കേരളം കാത്തിരിക്കുന്നു റോജി എം ജോണിന്റെ ഉത്തരങ്ങള്‍ക്കായി,’ അദ്ദേഹം കുറിച്ചു. ഫേസബുക്ക് പേജിലൂടെയായിരുന്നു സഞ്ജീവ് പി.എസിന്റെ പ്രകതികരണം.

കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിില്‍ വി.സിമാര്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.

ഡോ. മോഹനന്‍ കുന്നുമലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമല്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.

Content Highlight: UDF and Higher Education Minister should clarify their stand on the participation of communalist Mohan Kunnummal in RSS program: SFI

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more