തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പണം നല്‍കുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തണം; നടപടിയാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ
India
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പണം നല്‍കുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തണം; നടപടിയാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ
നിഷാന. വി.വി
Thursday, 15th January 2026, 4:39 pm

മുംബൈ: സംസ്ഥാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ നേരിടുന്ന കാലതാമസം ചോദ്യം ചെയ്ത് ശിവസേന (യു.ബി.ടി) മേധാവി ഉദ്ധവ് താക്കറെ.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഉത്തരവാദികളായ മറ്റുദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എങ്ങനെയാണ് ശമ്പളം നല്‍കുന്നതെന്ന് വെളിപ്പെടുത്തണം. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുബൈ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്രയും വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷണറും അദ്ദേഹത്തിന്റെ ജീവനക്കാരും എന്താണ് ചെയ്തത്? അവര്‍ക്കെതിരെ നടപടിയെടുക്കണം,’ ഉദ്ധവ് താക്കറെ പറഞ്ഞു.

താനും കുടുംബവും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുവെന്നും എല്ലാ മണ്ഡലങ്ങളിലേയും എല്ലാ വോട്ടര്‍മാരോടും വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നായിരുന്നു മഹാരാഷ്ട്രയിലുടനീളമുള്ള 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെടുപ്പ്.

മുബൈ, പുനെ, പിംപ്രി-ചിഞ്ച്‌വാഡ്, കോലാപ്പൂര്‍, വസായ്-വിരാര്‍, കല്യാണ്‍-ഡോംബാലി, നാഗ്പൂര്‍, സോലാപൂര്‍, അമരാവതി, താനെ, പര്‍ഭാന്‍ എന്നിവിടങ്ങളിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ വിധി നിര്‍ണായകമാണ്.

മുബൈയിലെ ബി.എം.സി കോര്‍പ്പറേഷനാണ് കടുത്ത മത്സരത്തിന് വേദിയാകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ബി.എം.സി മൂന്ന് വര്‍ഷമായി ഭരണസമിതിയില്ലാതെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ തുടരുകയാണ്. 2017 ലായിരുന്നു അവസാന തെരഞ്ഞെടുപ്പ് നടന്നത്.

227 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 84 സീറ്റില്‍ ബി.ജെ.പി, 82 സീറ്റുസീറ്റിലും കോണ്‍ഗ്രസ്, 31 സീറ്റുകളില്‍ എന്‍.സി.പി, ഒന്‍മ്പത് സീറ്റുകളില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്നിങ്ങനെയാണ് വിജയിച്ചിരുന്നത്.

എട്ട് വര്‍ഷം പിന്നിടുമ്പോള്‍ ശിവസേനയും എന്‍.സി.പിയും പിളരുകയും പുതിയ മുന്നണികള്‍ രൂപപ്പെടുകയും ചെയ്തു.

Content Highlight: Uddhav Thackeray demands action against Election Commissioner for allegedly giving money to him

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.