രണ്ട് ചുവപ്പ് കാര്‍ഡ്, ഒമ്പത് ഗോളുകള്‍; ത്രില്ലറില്‍ ജയിച്ച് പി.എസ്.ജി
Football
രണ്ട് ചുവപ്പ് കാര്‍ഡ്, ഒമ്പത് ഗോളുകള്‍; ത്രില്ലറില്‍ ജയിച്ച് പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd October 2025, 7:40 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ വിജയവുമായി ഫ്രഞ്ച് അതികായരായ പി.എസ്.ജി. ജര്‍മന്‍ ക്ലബ്ബായ ബയര്‍ ലെവര്‍കൂസനെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ടീം തോല്‍പ്പിച്ചത്. ഇരുടീമുകളും പത്ത് പേരായി ചുരുങ്ങിയ മത്സരത്തില്‍ ജര്‍മന്‍ ടീമിന് യാതൊരു വിധ അവസരവും നല്‍കാതെയായിരുന്നു പി.എസ്.ജിയുടെ വിജയം.

മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി ഏഴാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടിയിരുന്നു. വില്ലിയന്‍ പാച്ചോയാണ് ടീമിനായി പന്ത് വലയിലെത്തിച്ചത്. ആദ്യ ഗോളിലെത്തി ഏറെ വൈകാതെ ഇരു ടീമിലെയും താരങ്ങള്‍ മുന്നേറ്റങ്ങളുമായി കുതിച്ചു. ഇതിനിടയില്‍ ലെവര്‍കൂസന്റെയും പി.എസ്.ജിയുടെയും ഓരോ താരങ്ങള്‍ വീതം ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങി.


ആദ്യം പത്ത് പേരായി ചുരുങ്ങിയത് ലെവര്‍കൂസനായിരുന്നു. 33ാം മിനിറ്റില്‍ റോബര്‍ട്ട് ആന്‍ഡ്രിച്ചാണ് തിരികെ നടന്നത്. നാല് മിനിറ്റുകള്‍ക്ക് ശേഷം ഇല്ലിയ സബര്‍ണി മടങ്ങിയതോടെ പി.എസ്.ജിയും പത്ത് പേരായി. ഒരു ഒരാള്‍ കുറഞ്ഞതോടെ ഇരു ടീമുകളുടെയും ആവേശം ചോരുന്നതിന് പകരം ഒന്നുകൂടി കടുത്തു.

അടുത്ത മിനിറ്റില്‍ തന്നെ ലെവര്‍ കൂസന്‍ അലക്‌സിസ് ഗാര്‍ഷ്യയിലൂടെ പി.എസ്.ജിക്കൊപ്പമെത്തി. എന്നാല്‍, ഈ സന്തോഷം ഏറെ നേരം നീണ്ടുനിന്നില്ല. 41ാം മിനിറ്റില്‍ ഫ്രഞ്ച് ക്ലബ്ബ് വീണ്ടും ലീഡ് എടുത്തു. ഡിസൈര്‍ ഡൗ ആണ് ടീമിനായി രണ്ടാം ഗോള്‍ കണ്ടെത്തിയത്.

മൂന്ന് മിനിറ്റുകള്‍ക്കകം പി.എസ്.ജി വീണ്ടും വലകുലുക്കി. ഇത്തവണ കിച്ച ക്വാരത്‌ഷേലിയയുടെ വകയായായിരുന്നു ഗോള്‍. പിന്നാലെ, ഒന്നാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ ഡൗ പന്ത് വലയില്‍ എത്തിച്ചു.

രണ്ടാം പകുതിക്കും പി.എസ്.ജിയുടെ ഗോളിലൂടെയാണ് തുടക്കമായത്. 50ാം മിനിറ്റില്‍ നൂനോ മെന്‍ഡസാണ് പന്ത് വലയിലെത്തിച്ചത്. പിന്നാലെ, ലെവര്‍കൂസന്‍ അവരുടെ രണ്ടാം ഗോള്‍ കണ്ടെത്തി. ഇത്തവണയും ഗാര്‍ഷ്യ തന്നെയാണ് ജര്‍മന്‍ ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.

മത്സരത്തില്‍ ലീഡെടുത്തിട്ടും പി.എസ്.ജി നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല. പിന്നെയും ലെ പാരീസിയന്‍സ് രണ്ട് ഗോളുകള്‍ കൂടി ചേര്‍ത്തുവെച്ചു. ഉസാമനെ ഡെംബലെയും വിറ്റിന്‍ഹയുമാണ് പി.എസ്.ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തീകരിച്ചത്.

വീണ്ടും ഗോള്‍ നേടാനും മത്സരത്തിലേക്ക് തിരിച്ച് വരാനും ലെവര്‍കൂസന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അതോടെ സ്വന്തം തട്ടകത്തില്‍ ടീമിന് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതേസമയം വിജയത്തോടെ പി.എസ്.ജി പോയിന്റ് ടേബിള്‍ ഒന്നാമതെത്തി.

Content Highlight: UCL: PSG defeated Bayer Leverkusen in nine goal thriller game in UEFA Champions League