കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന യോഗത്തിന് പിന്നാലെയാണ് ടി.എ.ഡി.എഫ് ഇക്കാര്യം അറിയിച്ചത്. 2025ലെ മോട്ടര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്താത്തതില്‍ ഫോറം തങ്ങളുടെ നിരാശ പങ്കുവെച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും കമ്പനികള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വിലകള്‍ നിശ്ചയിക്കുകയാണെന്നും ഇത് ഡ്രൈവര്‍മാരുടെ വരുമാനം കുറക്കുകയാണെന്നും ഫോറം അഭിപ്രായപ്പെട്ടു. പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്ന ഫീസ് വര്‍ദ്ധിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ്, ഇന്ധന ചെലവ്, അറ്റകുറ്റപണികള്‍ക്കുള്ള ചെലവ് എന്നിവക്കായി ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്നും യോഗത്തില്‍ പറഞ്ഞു.
‘ഒരു കാര്‍ട്ടല്‍ പോലെ പ്ലാറ്റ്‌ഫോമുകളെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം സഹായിച്ചു. ഇത് ഡ്രൈവര്‍മാരെയും റൈഡര്‍മാരെയും ഒരുപോലെ ചൂഷണം ചെയ്തു. ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ രാജ്യവ്യാപകമായി സേവനങ്ങള്‍ നിര്‍ത്തിവെക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല,’ ടി.എ.ഡി.എഫിന്റെ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സലാവുദ്ദീന്‍ പറഞ്ഞു.
ഓട്ടോറിക്ഷകള്‍, ക്യാബുകള്‍, ബൈക്ക് ടാക്‌സികള്‍ എന്നിവക്ക് അംഗീകൃത ഡ്രൈവര്‍ യൂണിയനുകളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് ഏറ്റവും വേഗത്തില്‍ അടിസ്ഥാന വില നിശ്ചയിക്കുക എന്നതാണ് പ്രധാന ആവശ്യം. ബിസിനസിനായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും സ്വകാര്യ വാഹനങ്ങള്‍ വാണിജ്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ആപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഫോറം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ്, ഭാരതീയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍, ഓള്‍ ഇന്ത്യ ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോണ്‍ഫെഡറേഷന്‍, മറ്റ് സംസ്ഥാന ദേശീയ സംഘടനകള്‍ എന്നിവ പണിമുടക്കിനെ പിന്തുണച്ച് രംഗത്തെത്തി. അധികാരികള്‍ ഇതുവരെ പണിമുടക്കിനെക്കുറിച്ച് ഔദ്യോഗികമായി പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഫെബ്രുവരി ഏഴിന് രാജ്യമെമ്പാടും ഓണ്‍ലൈന്‍ റൈഡിങ് സേവനങ്ങള്‍ തടസപ്പെട്ടേക്കുമെന്നാണ് കണക്കുകൂട്ടല്‍.
തൊഴിലാളികളോട് ബഹുമാനത്തോടെ പെരുമാറുകയും ആപ്പ് അധിഷ്ഠിത ഗതാഗത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.
Content Highlight: Uber Ola Rapido drivers union going to strike