| Wednesday, 5th June 2019, 10:11 am

രോഗത്തേക്കാള്‍ തളര്‍ത്തിയത് സമൂഹത്തിന്റെ സംശയമുനയും ഒറ്റപ്പെടുത്തലും: നിപയെ അതിജീവിച്ച ഉബീഷ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രോഗത്തേക്കാള്‍ തന്നെ തളര്‍ത്തിയത് ജനങ്ങളുടെ പെരുമാറ്റമാണെന്ന് നിപയെ തോല്‍പ്പിച്ച ഉബീഷ്. ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന സമൂഹത്തിന്റെ ഒറ്റപ്പെടുത്തല്‍ തന്നെ ഇന്നും വേദനിപ്പിക്കുന്നുണ്ടെന്ന് ഉബീഷ് പറഞ്ഞതായി കേരളാ കൗമുദി റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി ജോലി ചെയ്തു ജീവിക്കുന്നു. പക്ഷേ സാമൂഹ്യബന്ധങ്ങളില്‍ വന്ന വിള്ളല്‍ ഇന്നും പൂര്‍ണമായും മാറിയിട്ടില്ല. മാനസികമായി പാടെ തളര്‍ത്തുന്നതായിരുന്നു പലരുടെയും പെരുമാറ്റം’ ഉബീഷ് വിശദീകരിക്കുന്നു.

ജൂണ്‍ 14ന് രോഗം മാറി ഉബീഷ് വീട്ടിലെത്തിയിരുന്നു. എന്നിട്ടും രണ്ടുമാസം പുറത്തിറങ്ങാതെ കഴിഞ്ഞു. അതിനുശേഷവും സമൂഹത്തിന്റെ സംശയമുനയും ഒറ്റപ്പെടുത്തലും വേട്ടയാടിയെന്നും ഉബീഷ് പറയുന്നു.

‘നിപ ബാധിച്ച ഷിജിതയുടെയും എന്റെയും പേരുവിവരങ്ങള്‍ പരസ്യമാക്കിയതാണ് സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഇടയാക്കിയത്. ഇനിയെങ്കിലും ആ തെറ്റ് ആവര്‍ത്തിക്കരുത്.’ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉബീഷ് പറയുന്നു.

‘നിപയെ പേടിച്ചിട്ട് കാര്യമില്ല. വേണ്ടത്ര കരുതലുണ്ടെങ്കില്‍ രോഗം മറികടക്കാം”- എന്ന് ഉബീഷ് പറഞ്ഞിരുന്നു.

”പനിവന്നപ്പോള്‍ നിപയാണോ എന്നെനിക്കുതന്നെ സംശയമുണ്ടായിരുന്നു. തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ജാഗ്രത വേണമെന്നുതോന്നി. അതുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുപോയി. വീട്ടുകാരെയും പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചപ്പോള്‍ ടെന്‍ഷന്‍ തോന്നിയില്ല. രോഗാവസ്ഥ മനസ്സിലാക്കി അതിനോട് പൊരുത്തപ്പെടാന്‍ തയ്യാറായാല്‍ ആശങ്കയില്ലെന്നാണ് എന്റെ അനുഭവം. എന്നില്‍നിന്ന് രോഗം മറ്റാര്‍ക്കും പകരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ട മുന്‍കരുതലുകള്‍ എടുത്തു.’ എന്നും ഉബീഷ് പറഞ്ഞിരുന്നു.

2018 ഏപ്രില്‍ 23ന് സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട ഉബീഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നപ്പോഴാണ് കൂടെ നിന്ന ഭാര്യ ഷിജിതയ്ക്ക് നിപ പിടിപെട്ടത്. ചികിത്സയിലിരിക്കേ മെയ് 20ന് ഷിജിത മരണപ്പെട്ടു. തുടര്‍നന് കുടുംബം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയവേയാണ് ഉബീഷിനും നിപ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സിക്കുകയുമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more