അറബ് ലോകത്തെ ഇസ്രാഈലിന്റെ ട്രോജൻ കുതിരയാണ് യു.എ.ഇ: സൗദി പണ്ഡിതൻ
World
അറബ് ലോകത്തെ ഇസ്രാഈലിന്റെ ട്രോജൻ കുതിരയാണ് യു.എ.ഇ: സൗദി പണ്ഡിതൻ
മുഹമ്മദ് നബീല്‍
Saturday, 24th January 2026, 6:36 pm

റിയാദ്: അറബ് ലോകത്തെ ഇസ്രഈലിന്റെ ട്രോജൻ കുതിരയാണ് യു.എ.ഇ എന്ന് സൗദി അറേബ്യൻ പണ്ഡിതൻ ഡോ. അഹമ്മദ് ബിൻ ഒത്മാൻ അൽ-തുവൈജ്‌രി.

അദ്ദേഹത്തിന്റെ അൽ ജസീറയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എ.ഇ സൗദിയേയും മറ്റു അറബ് രാജ്യങ്ങളെയും വെല്ലുവിളിക്കുന്നതുവേണ്ടി ഇസ്രഈലിനനുകൂലമായി പ്രവർത്തിക്കുന്നതെന്ന് പറഞ്ഞത്.

അറബ് ലോകത്ത് ആധിപത്യം സ്ഥാപിക്കണമെന്നുള്ള ദുഷ്ടലാക്കും, സൗദിയുടെ മതപരവും സാമ്പത്തികപരവുമായ പുരോഗതിയുമാണ് രാജ്യത്തോട് ശത്രുത ഉണ്ടാകാൻ കാരണമെന്ന് തുവൈജ്‌രി പറയുന്നു.

നേരിട്ടുള്ള സൈനിക രഹസ്യാന്വേഷണ സഹകരണം, ഗസയിലെ ഇസ്രഈൽ അക്രമണങ്ങൾക്കുള്ള പിന്തുണ, ഫലസ്തീൻ ചെറുത്തുനിൽപ്പുകൾക്കുനേരെയുള്ള ഇസ്രഈൽ അക്രമങ്ങൾക്ക് സൗകര്യമൊരുക്കലടക്കം അറബ് താൽപര്യങ്ങൾക്കു വിരുദ്ധമായി നിരവധി പ്രവർത്തനങ്ങളിൽ യു.എ.ഇ ഏർപെട്ടതായി ലേഖനം പറയുന്നു.

ഇസ്രഈൽ സഖ്യത്തിനപ്പുറത്ത് യെമൻ, ലിബിയ, സുഡാൻ , ടുണീഷ്യ, ഈജിപ്ത്, സൊമാലിയ എന്നിവിടങ്ങളിലെ ഐക്യത്തെയും പരമാധികാരത്തെയും ദുർബലപ്പെടുത്തുന്നതരത്തിലുള്ള യു.എ.ഇ യുടെ ഇടപെടലുകൾ അദ്ദേഹം കുറ്റപ്പെടുത്തി .

സുഡാനിൽ റാപിഡ് സപ്പോർട്ട് ഫോഴ്സിനെ പിന്തുണച്ചതും, ലിബിയയിൽ വിഘടനവാദികളെ ആയുധമാക്കി അമേരിക്കയുടെ കൈവശമുള്ള പ്രദേശങ്ങളിൽ ബോംബാക്രമണം നടത്തിയതുൾപ്പെടെ തുവൈജ്‌രി തന്റെ ലേഖനത്തിൽ വിവരിക്കുന്നു.

തുറമുഖങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ കയ്യടിവെക്കാൻ ഈജിപ്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്തതായും, ഈജിപ്തിലെ ജലസേചനത്തെയടക്കം പ്രതികൂലമായി ബാധിക്കുമെന്ന് കരുതപ്പെടുന്ന ഗ്രാൻഡ് എത്യോപ്യൻ റെനൈസ്സൻസ് ഡാം (ജി.ഇ.ആർ.ഡി) പ്രോജെക്ടിനെ പിന്തുണച്ചതായും ലേഖനം പറഞ്ഞു .

ഡച്ച് ട്രാൻസ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള ഗവേഷണങ്ങൾ യു.എ.ഇ യെ ഒരു സാമ്രാജ്യത്യ ശക്തിയായി പറയുന്നതായി അൽ ജസീറയിലെ ലേഖനം ഉദ്ധരിക്കുന്നു.

കൂലിപട്ടാളത്തെയും സൈന്യത്തെയും ഉപയോഗിച്ച് ഈജിപ്തിനെയും സൗദിയേയും ദുർബലപ്പെടുത്തി ഇസ്രഈലിന്റെ യു.എ.ഇ താല്പര്യങ്ങൾ സംരക്ഷിക്കുന്നതായും അദ്ദേഹം തന്റെ ലേഖനത്തിൽ പറയുന്നു.

ഇസ്രഈൽ – യു.എ.ഇ കൂട്ടുകെട്ട് മുസ്‌ലിം സമൂഹത്തെയും ഇസ്ലാമിക] ഭരണകൂടത്തെയും താറടിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾക്ക് പിന്തുണയേകുന്നതായും അഹമ്മദ് ബിൻ ഒത്മാൻ അൽ-തുവൈജ്‌രി പറഞ്ഞു.

 

Content Highlight: UAE is Israel’s Zionist trojan horse in the Arab world

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം