| Sunday, 14th June 2026, 11:44 am

ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എ.ഇ ഇറാന് കോടിക്കണക്കിന് ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്; നിഷേധിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം

നിഷാന. വി.വി

ദുബായ്: ഇറാനെതിരായ യു.എസ്- ഇസ്രഈല്‍ സംയുക്താക്രമണത്തിനിടെ യു.എ.ഇക്ക് നേരെയുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഇറാന് കോടിക്കണക്കിന് ഡോളര്‍ നല്‍കിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി യു.എ.ഇ ഇതിനകം തന്നെ 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 300 കോടി ഡോളര്‍) ഇറാന് കൈമാറിയതായാണ് വിവരം. പ്രാദേശിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം മൊത്തം കരാര്‍ തുക 10 ബില്യണ്‍ ഡോളര്‍ വരെയാകാം. എന്നാല്‍ മറ്റു ചില നയതന്ത്ര വൃത്തങ്ങള്‍ ഈ തുക 20 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും അവകാശപ്പെടുന്നു.

ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും യുദ്ധത്തില്‍ യു.എസ്, ഇസ്രഈല്‍ സഖ്യത്തോടൊപ്പം ചേര്‍ന്ന് ഇറാനെതിരെ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങളില്‍ പങ്കാളിയാകുകയും ചെയ്ത യു.എ.ഇയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം മിഡില്‍ ഈസ്റ്റിലെ വലിയൊരു തന്ത്രപരമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച ഇറാന്റെ ഐ.ആര്‍.ജി.സി പ്രതിനിധികള്‍ അബുദാബിയിലെത്തി യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സാമ്പത്തിക ഇടപാട് ദ്രുതഗതിയിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയും ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാല്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. ഇറാനിലേക്ക് യാതൊരുവിധ പണമിടപാടുകളും നടത്തിയിട്ടില്ലെന്നും വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമാണ് യു.എ.ഇയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ എപ്പോഴും പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Content Highlight: UAE Foreign Ministry denies reports that UAE paid Iran billions of dollars to stop attacks

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more