യു.കെ. കുഞ്ഞിരാമന്‍….. ഇന്നലെ അദ്ദേഹത്തിന്റെ നീര്‍വേലി അളകാപുരത്തുള്ള സ്മാരകം ഹിന്ദുത്വ പ്രവര്‍ത്തകരാല്‍ വികൃതമാക്കപ്പെട്ടു. ഇതോടുകൂടി യു.കെ. കുഞ്ഞിരാമനെ ചരിത്രം വീണ്ടും രേഖപ്പെടുത്തുകയാണ്. ആരാണ് യു.കെ. കുഞ്ഞിരാമന്‍?
ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഒരു നാട് വര്‍ഗീയ കലാപത്തിലേക്ക് പോകുമ്പോള്‍ സി.പി.ഐ.എം നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച സമാധാന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കേരളത്തിലെ മതേതരസമൂഹത്തിന്റെ പ്രതീകമാണ് കുഞ്ഞിരാമന്‍.
ആര്‍.എസ്.എസിന്റെ ആസൂത്രണത്തില്‍ 1972ല്‍ തലശ്ശേരിയില്‍ നടന്ന കലാപമാണ് സമാധാന പ്രവര്‍ത്തകന്‍ കൂടിയായ യു.കെ. കുഞ്ഞിരാമനെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചത്. തലശ്ശേരിയിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ ആക്രമിക്കാനിടയുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞ സി.പി.ഐ.എം ഒരു സംരക്ഷണ കമ്മിറ്റിക്ക് അതായത് ഒരു വളണ്ടിയര്‍ ഗ്രൂപ്പിന് രൂപം നല്‍കി.
ഈ സംരക്ഷണ കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് യു.കെ. കുഞ്ഞിരാമന്‍ ആര്‍.എസ്.എസിനാല്‍ ആക്രമിക്കപ്പെട്ടത്. തലയ്ക്ക് പിന്നില്‍ അടിയേറ്റ കുഞ്ഞിരാമന്‍ 1972 ജനുവരി മൂന്നിന് മരണപ്പെട്ടു. സംഭവം നടന്ന് രണ്ട് ദിവസത്തിനകം തന്നെ കുഞ്ഞിരാമനെ ആക്രമിച്ച ആര്‍.എസ്.എസുകാരായ പ്രതികളെ പൊലീസ് പിടികൂടി.
എന്നാല്‍ യു.കെ. കുഞ്ഞിരാമനെ ആര്‍.എസ്.എസ് ആക്രമിച്ചതാണെന്നും അക്കാരണത്താലാണ് അദ്ദേഹം മരിച്ചതെന്നും അംഗീകരിക്കാന്‍ ചിലര്‍ക്ക് മനപ്രയാസമുണ്ട്. കാരണം 1972ല്‍ തലശ്ശേരി താലൂക്കിലെ മുസ്‌ലിം പള്ളികള്‍ക്കും സ്വത്തുക്കള്‍ക്കും കാവല്‍ നിന്നതുള്‍പ്പെടെ കുഞ്ഞിരാമന്റെ ചെയ്തികളെല്ലാം മേല്‍പ്പറഞ്ഞവര്‍ക്ക് ഒരു കല്ലുകടിയായിരുന്നു.
പള്ളികള്‍ക്ക് കാവല്‍ നിന്ന കുഞ്ഞിരാമന്‍ ആര്‍.എസ്.എസിനെയും ചൊടിപ്പിച്ചു. ഊണുറക്കമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഒരാള്‍ തെല്ലും ഭയമില്ലാതെ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തീവ്ര വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് മനപ്രയാസമുണ്ടാക്കും എന്നതില്‍ സംശയമില്ല. ഇത് തന്നെയാണ് കുഞ്ഞിരാമനെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചത്.
യു.കെ. കുഞ്ഞിരാമന്‍ കൊല്ലപ്പെട്ട സമയത്ത്, ഈ വിഷയത്തെ കുറിച്ച് സി.പി.ഐ.എം സംസാരിച്ചിട്ടില്ലെന്നും നിയമസഭയില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പോലും അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു ചിലരുടെ അവകാശവാദം. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിധയത്തില്‍ കമ്മീഷനും യു.കെയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു.
എന്നാല്‍ വാദങ്ങളെയെല്ലാം നിരാകരണം തള്ളുന്നതാണ് 1972 ജനുവരി നാലിന് ദേശാഭിമാനിയില്‍ വന്ന യു.കെ. കുഞ്ഞിരാമന്റെ മരണവാര്‍ത്ത.
‘സഖാവ് യു.കെ. കുഞ്ഞിരാമനെ ജനസംഘക്കാര്‍ കൊലപ്പെടുത്തി’ എന്ന തലക്കെട്ടോട് കൂടിയാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ‘മാര്‍ക്‌സിസ്റ്റ് -ജനസംഘം സംഘട്ടനം’ ‘ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു’ എന്ന തലക്കെട്ടിലാണ് കേരള കൗമുദി പത്രം വാര്‍ത്ത നല്‍കിയത്.
‘കണ്ണൂരില്‍ സംഘട്ടനം, ഒരാള്‍ മരിച്ചു’ എന്ന തലക്കെട്ടിലായിരുന്നു മാതൃഭൂമിയുടെ വാര്‍ത്ത. അക്കാലത്ത് മാതൃഭൂമിയും കുഞ്ഞിരാമന്റെ പാര്‍ട്ടി ബന്ധത്തെ കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. മനോരമയും ആദ്യ പേജില്‍ തന്നെ യു.കെ. കുഞ്ഞിരാമനെയും തലശ്ശേരിയിലെ സംഘട്ടനങ്ങളെയും കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല സി.പി.ഐ.എം നേതാവായ പാട്യം ഗോപാലന്‍ 72ല്‍ എഴുതിയ തലശ്ശേരി കലാപം സംബന്ധിച്ച ലേഖനത്തിലും യു.കെ. കുഞ്ഞിരാമനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതോടൊപ്പം ചില നിയമസഭാ രേഖകളും കൂട്ടിവായിക്കേണ്ടതുണ്ട്.
തലശ്ശേരിയിലെ സംഘട്ടനങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭാ സമ്മേളനത്തില്‍ ഇന്നത്തെ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ പിണറായി വിജയനും സി.പി.ഐ.എം നേതാവായിരുന്ന കെ.ആര്‍. ഗൗരിയമ്മയും യു.കെ. കുഞ്ഞിരാമനെ കുറച്ച് പരാമര്‍ശിച്ചിരുന്നു. സി.പി.ഐ.എം നേതാവായിരുന്ന ബാലാനന്ദന്‍ നടത്തിയ നിയമസഭയിലെ പ്രസംഗവും എ.കെ. ഗോപാലന്‍ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തും മറ്റൊരു തെളിവാണ്.
ഇതിനേക്കാള്‍ ഉപരി സി.പി.ഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച എം.വി. രാഘവന്റെ ‘ഒരു ജന്മം’ എന്ന ആത്മകഥയിലും യു.കെ. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടന്ന സമാധാന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥയുടെ 165ാം പേജിലാണ് യു.കെയെ കുറിച്ച് പറയുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കുഞ്ഞിരാമന്റെ രക്തസാക്ഷിത്വത്തെ അംഗീകരിക്കാതിരിക്കാനും മറച്ചുപിടിക്കാനുമാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കുഞ്ഞിരാമന്റെ രക്തസാക്ഷിത്വത്തെ അപഹസിക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസും രംഗത്തുണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
കുഞ്ഞിരാമനും തലശ്ശേരി കലാപവും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് പി.ടി. തോമസ് പറഞ്ഞിരുന്നത്. കുഞ്ഞിരാമന്‍ ചത്തത് കള്ള് ഷാപ്പിലെ അടിയിലാണെന്നും അല്ലാതെ പള്ളി സംരക്ഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.ടി. തോമസ് നടത്തിയ ഈ പരാമര്‍ശം ഇന്നത്തേതിന് സമാനമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരുന്നത്.
എന്നാല്‍ പി.ടി. തോമസിന്റെ ഈ വാദങ്ങളെയെല്ലാം നിരുപാധികം തള്ളുന്നതാണ് അക്കാലത്തെ പത്രവാര്‍ത്തകളും നിയമസഭാ പ്രസംഗങ്ങളും. അതായത് ആര്‍.എസ്.എസും കോണ്‍ഗ്രസിലെ ചില നേതാക്കളും മുസ്‌ലിം സമുദായത്തിലെ ചില വര്‍ഗീയ വാദികളും ചേര്‍ന്ന് ചാരായ ഷാപ്പിലെ ഒരു തല്ലുകൊള്ളിയായി ചിത്രീകരിക്കാന്‍ ശ്രമിച്ച രക്തസാക്ഷി കൂടിയാണ് യു.കെ കുഞ്ഞിരാമന്‍.
Content Highlight: U.K. Kunhiraman’s martyrdom and the lies of the fascists