ബെര്‍ലിന്‍: ഏഷ്യാ പസഫിക് മേഖലയില്‍ ഏറ്റവും ഉയയര്‍ന്ന കൈക്കൂലി നിരക്ക് ഇന്ത്യയിലെന്ന് സര്‍വ്വേ ഫലങ്ങള്‍. രാജ്യത്ത് മൂന്നില്‍ രണ്ടും പേരും സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യങ്ങള്‍ നേടിയെുക്കുന്നതിനായി കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നെന്നും അന്താരാഷ്ട്ര ആന്റി- ഗ്രാഫ്റ്റ് റൈറ്റ്‌സ് ഗ്രൂപ്പ് ട്രാന്‍സ്‌പെരന്‍സിയുടെ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.
സര്‍വ്വേയനുസരിച്ച് രാജ്യത്തെ 69 ശതമാനം ആള്‍ക്കാരും തങ്ങള്‍ക്ക് കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇന്ത്യക്ക് താഴെ അഴിമതിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വിയറ്റ്‌നാമാണ്. വിയറ്റ്‌നാമില്‍ 65 ശതമാനം ജനങ്ങള്‍ക്കാണ് സമാന രീതിയിലൂടെ കടന്ന് പോകേണ്ടി വന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും സര്‍ക്കാര്‍ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഇന്ത്യയേക്കാള്‍ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയില്‍ 26 ശതമാനം പേര്‍ക്ക് മാത്രമാണ് കൈക്കൂലിയുമായി ബന്ധപ്പെട്ട് അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. മേഖലയില്‍ കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ് ചൈനയിലെ റിസല്‍ട്ടുകള്‍ തരുന്നത്. പാക്കിസ്ഥാനില്‍ 40 ശതമാനം ആളുകള്‍ക്കാണ് സമാന അവസ്ഥ നേരിടേണ്ടി വന്നിട്ടുള്ളത്. ഏറ്റവും കുറവ് കൈക്കൂലി നിരക്ക് ജപ്പാനിലാണെന്നാണ് സര്‍വ്വേ പറയുന്നത് 0.2 ശതമാനമാണ് ജപ്പാനിലെ കൈക്കൂലി നിരക്ക്. തൊട്ട് പിറകിലായി 0.3 ശതമാനമായി ദക്ഷിണ കൊറിയയെയും രേഖപ്പെടുത്തിയിരിക്കുന്നു.
സര്‍ക്കാര്‍ വകുപ്പുകളില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് കൈക്കൂലി വാങ്ങുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് 38 ശതമാനമാണ് നിയമപാലകരുടെ കൈക്കൂലി നിരക്കെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറുകള്‍ അഴിമതി കുറക്കുന്നതിനായും ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ഫലപ്രദമാക്കുവാനും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും സര്‍വ്വേ പറയുന്നു. ഏഷ്യാ പസഫിക് മേഖലയില്‍ രാജ്യത്തെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നെന്ന വാര്‍ത്ത ഇന്ത്യയ്ക്ക് ക്ഷീണമുണ്ടാക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ല.