| Sunday, 19th January 2025, 9:33 am

ഇറാനില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. അലി റസ്നി (71), മുഹമ്മദ് മൊഗിസ്സെ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ സുപ്രീം കോടതി സമുച്ചയത്തില്‍ വെച്ചാണ് ജഡ്ജിമാര്‍ക്ക് വെടിയേറ്റത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്.

ജഡ്ജിമാരെ ആക്രമിച്ചതിന് ശേഷം അജ്ഞാതന്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇയാള്‍ കോടതിയുടെ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയതാണെന്നും അക്രമം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു.

അജ്ഞാതന്റെ ആക്രമണത്തില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു ഗാര്‍ഡിന് പരിക്കേറ്റതായി ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇയാളുടെ പേരില്‍ കേസുകളില്ലെന്ന് ഇറാന്‍ പൊലീസ് പറഞ്ഞു. എന്താണ് ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പ്രതികരിച്ചു.

ഇതാദ്യമായല്ല മരണപ്പെട്ട സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ വധശ്രമം ഉണ്ടാകുന്നത്. 1988ല്‍ അലി റസ്നിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.

Judge Ali Razini

അലിയുടെ വാഹനത്തില്‍ ബോംബ് സ്ഥാപിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 1988ല്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും വധിക്കുന്നതിനും മേല്‍നോട്ടം വഹിച്ച കമ്മീഷനിലുണ്ടായിരുന്ന ജഡ്ജിമാരില്‍ ഒരാളായിരുന്നു റസ്നി.

നീതിപൂര്‍വമല്ലാതെ വിചാരണ നടത്തിയെന്ന് ആരോപിച്ച് 2019ല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ ജഡ്ജിയാണ് മൊഗിസ്സെ. ഭരണവിരുദ്ധ പ്രചാരണത്തിനും മതത്തെ അപമാനിച്ചതിനും എട്ട് ഇറാനിയന്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് 127 വര്‍ഷത്തെ തടവ് ശിക്ഷയാണ് മൊഗിസ്സെ വിധിച്ചത്. ഇറാനെതിരായ പ്രചരണത്തില്‍ സിനിമാ പ്രവര്‍ത്തകരെയും കവികളെയും മൊഗിസ്സെ വിചാരണ ചെയ്തിട്ടുണ്ടെന്നും യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

Judge Mohammad Moghiseh

2019ല്‍ ഇറാനിയന്‍ മനുഷ്യാവകാശ അഭിഭാഷകയും സ്ത്രീകളുടെ അവകാശ സംരക്ഷകയുമായ നസ്രിന്‍ സൊതൗദെയെ 33 വര്‍ഷം തടവിനും 148 ചാട്ടയടിക്കും മൊഗിസ്സെ ശിക്ഷിച്ചിരുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പറയുന്നു.

മരണപ്പെട്ട ജഡ്ജിമാര്‍ ദേശ സുരക്ഷ, ചാരവൃത്തി, തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകള്‍ ഒന്നിലധികം തവണ കൈകാര്യം ചെയ്തിട്ടുള്ള ഇറാനിലെ പ്രമുഖര്‍ കൂടിയാണ് .

Content Highlight: Two Supreme Court judges were shot dead in Iran by unknown assailants

We use cookies to give you the best possible experience. Learn more