ഒന്നല്ല, സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡ്; പക്ഷെ പ്രശ്‌നം മറ്റൊന്ന്...!
Sports News
ഒന്നല്ല, സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡ്; പക്ഷെ പ്രശ്‌നം മറ്റൊന്ന്...!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th December 2025, 10:13 am

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് ഇന്ത്യ പരീക്ഷിച്ചത്. സഞ്ജു സാംസണ്‍ സ്‌ക്വാഡിലുണ്ടായിരുന്നിട്ടും ഗംഭീര്‍ സഞ്ജുവിനെ കളത്തിലിറക്കിയില്ല. എന്നാല്‍ ഇത്തവണ കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡുകളാണ്.

ടി-20 ഫോര്‍മാറ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ള ആദ്യത്തെ അവസരം. ഇതിനായി ഇനി വെറും നാല് റണ്‍സ് മാത്രമാണ് സഞ്ജുവിന് വേണ്ടത്. അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള രണ്ടാമത്തെ അവസരം ഇതിനായി സഞ്ജുവിന് ഇനി അഞ്ച് റണ്‍സ് സ്വന്തമാക്കണം.സഞ്ജു സാംസണ്‍. Photo: BCCI/X.com

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

എന്നാല്‍ സഞ്ജുവിന് ഇന്ന് കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ മാത്രമേ മുന്നിലുള്ള മൈല്‍ സ്റ്റോണ്‍സ് സ്വന്തമാക്കാന്‍ സാധിക്കൂ. മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിരന്തരമായി സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്ന് ടീം തഴയുന്നത് തുടരുകയാണ്. അതോടെ നിരവധി സീനിയര്‍ താരങ്ങളാണ് സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നത്.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും തെരഞ്ഞെടുപ്പുകള്‍ അടുത്തിടെയായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ഓപ്പണിങ് പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ മാറ്റി മോശം പ്രകടനം നടത്തുന്ന ശുഭ്മന്‍ ഗില്ലിന് ഇടം നല്‍കിയതും, പറയത്തക്ക പ്രകടനങ്ങള്‍ ഇല്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെ ഇലവനില്‍ ഉള്‍പ്പെടുത്തിയതുമടക്കമുള്ള കാര്യങ്ങളാണ് ഇതില്‍ പ്രധാനം.

അതേസമയം കരിയറിലെ 43 ഇന്നിങ്സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്ട്രൈക് റേറ്റിലും സഞ്ജു 995 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും അത്ര തന്നെ അര്‍ധ സെഞ്ച്വറികളും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Two records await Sanju Samson in the second T20I against South Africa