ഗാസയുടെ മണ്ണിൽ ഇന്നും നിലയ്ക്കാത്ത വെടിയൊച്ചകളാണ്.
അവിടെ ഓരോ പ്രഭാതവും പിറക്കുന്നത് നിലവിളിയോടെയാണ്; ഓരോ രാത്രിയും മൂടപ്പെടുന്നത് അനേകം മനുഷ്യരുടെ സ്വപ്നങ്ങളോടെയാണ്.

സ്വന്തം മണ്ണിൽ നിന്ന് മനുഷ്യരെ പറിച്ചെറിയുകയും, വീടുകളെയും ഓർമ്മകളെയും ജീവിതങ്ങളെയും തകർക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഗാസയുടെ വേദനയ്ക്ക് വാക്കുകൾ നൽകുന്ന കവിതകൾ ലോകത്തിന്റെ ഹൃദയവാതിലുകളിൽ മുട്ടുകയാണ്.

ആ വേദനയുടെ തീയിൽ നിന്ന് കവിത പിറവിയെടുക്കുമ്പോൾ,

അതിന് മഷിയുടെ നിറമല്ല രക്തത്തിന്റെ നിറമാണ്.
ആ കവിതകളിൽ ഒരു ജനതയുടെ കണ്ണീരുണ്ട്,

നഷ്ടപ്പെട്ടവരുടെ ഓർമ്മകളുണ്ട്,

തകർന്ന വീടുകളുടെ നിശ്ശബ്ദതയുണ്ട്;

അതിനപ്പുറം, മണ്ണിനോടും ജീവിതത്തോടും

സ്വാതന്ത്ര്യത്തോടുമുള്ള അടങ്ങാത്ത പ്രതീക്ഷയുമുണ്ട്.

ഫലസ്തീൻ ജനതയുടെ വേദനയും പ്രതിരോധവും

അതിന്റെ എല്ലാ തീക്ഷ്ണതയോടെയും കവിതയിലേക്ക് പകർത്തുന്ന,

ഗാസയിൽ ഇപ്പോഴും ജീവനോടെയിരിക്കുന്ന

കവിയാണ് അഹ്മദ് മിക്താദ്. 

ഏതു നിമിഷവും ഇസ്രായേലിന്റെ ബോംബിങ്ങിന് ഇരയാക്കപ്പെടാവുന്ന കവി.

ഏതു നിമിഷവും കൊല്ലപ്പെടാവുന്ന കവി  

അദ്ദേഹത്തിന്റെ കവിതകൾ ഇന്ന് ഗാസയുടെ അതിരുകൾ കടന്ന് ലോകത്തിന്റെ പല കോണുകളിലും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന്,
ഒരു ജനതയുടെ കണ്ണീരിന്റെ ശബ്ദം കേൾക്കാം.
രക്തത്തിൽ എഴുതപ്പെട്ട ഒരു നാടിന്റെ ചരിത്രം വായിക്കാം.
പ്രതീക്ഷ കൈവിടാത്ത മനുഷ്യന്റെ ഹൃദയമിടിപ്പ് അനുഭവിക്കാം

 

അധ്യാപികയും വിവർത്തകയുമായ ശർമില ഷെറിൻ അഹ്മദ് മിക്താദിന്റെ ‘ഓർമ്മകളുടെ വീട്, അവർ നിങ്ങളോട് കള്ളം പറഞ്ഞു’ എന്നീ രണ്ട് കവിതകൾ
വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നു

 

ഓർമ്മകളുടെ വീട്

അഹ്മദ് മിഖ്ദാദ്
വിവ:ശർമില ഷിറിൻ

പത്ത് മിനിറ്റ്
അല്ലെങ്കിൽ പതിനഞ്ച്.
ഒരു കനത്ത ബോംബ്
ആകാശത്തു നിന്ന്
ഭൂമിയിലേക്ക്
പതിക്കാൻ വേണ്ട സമയം മാത്രം.

അത്രയും സമയം മതി
ഒരു ജീവിതം മുഴുവൻ
തവിടുപൊടിയാകാൻ,
ഒരു വീടിന്റെ പേര്
അവശിഷ്ടങ്ങൾക്കിടയിൽ
അപ്രത്യക്ഷമാകാൻ.

ഞാൻ ആദ്യം തിരഞ്ഞത്
രേഖകളായിരുന്നു-
ജനന സർട്ടിഫിക്കറ്റ്,
ബിരുദ സർട്ടിഫിക്കറ്റ്,
ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന
ചില കടലാസുകൾ.
പക്ഷേ,
ആ നിമിഷത്തിൽ
ജനിച്ചതിന്റെ തെളിവിനേക്കാൾ
മരിച്ചതിന്റെ തെളിവിനാണ്
വിലയെന്ന് മനസ്സിലായി.

ഭാര്യയുടെ മോതിരം
അവളുടെ വിരലിൽ നിന്ന്
ഒരിക്കൽ
ഊരിയെടുത്തതല്ല,
എന്റെ ഹൃദയത്തിൽ നിന്ന്
പറിച്ചെടുത്തതുപോലെ.

അമ്മയുടെ പഴയ മാല—
കാലം മങ്ങിയിട്ടും
അമ്മയുടെ മണം
ഇപ്പോഴും അതിലുണ്ടായിരുന്നു.

അച്ഛന്റെ
കറുപ്പും വെളുപ്പും കലർന്ന ചിത്രം—
അദ്ദേഹം മരിച്ചിട്ട്
വർഷങ്ങളായെങ്കിലും
ആ ചിത്രത്തിൽ
അദ്ദേഹം ഇപ്പോഴും
എന്നെ നോക്കുന്നുണ്ടായിരുന്നു.

മേശപ്പുറത്ത്
എന്റെ സുഗന്ധദ്രവ്യം കിടന്നു.
അത് ഞാൻ എടുത്തില്ല.
എന്റെ മണം
ഈ വീട്ടിൽ തന്നെ
ശേഷിക്കട്ടെ എന്ന് കരുതി.

ഷെൽഫിനുള്ളിലെ
ഒരു പഴയ നോട്ടുപുസ്തകത്തിൽ
എന്റെ ഓർമ്മകൾ
ഞാൻ ഒളിപ്പിച്ചുവെച്ചു.
എന്റെ ജീവിതം മുഴുവൻ
വാക്കുകളാക്കി സൂക്ഷിച്ചിരുന്ന
ആ പേജുകൾ—
അവ കൂടെ കൊണ്ടുപോകാൻ
എനിക്ക് കഴിഞ്ഞില്ല.

ഞാൻ പുറത്തേക്കോടി.
കൈയിൽ
ഒരു ചെറിയ സഞ്ചി മാത്രം.
അതിൽ
ചില വസ്തുക്കൾ,
ചില മുഖങ്ങൾ,
ചില പേരുകൾ,
പൂർത്തിയാകാത്ത ചില വാക്കുകൾ—
അതിലുമപ്പുറം
എന്റെ മുഴു ജീവിതം.

ഞാൻ രക്ഷപ്പെട്ടത്
എന്റെ ശരീരത്തോടെയല്ല.
എന്റെ ആത്മാവിനോടും
ഓർമ്മകളുടെ ആ സഞ്ചിയോടുമാണ്.

എന്നാൽ—
എന്റെ ശരീരം
ഇപ്പോഴും ആ വീടിന്റെ മൂലയിൽ
നിൽക്കുന്നുണ്ടായിരുന്നു.
അടുത്ത റോക്കറ്റിനായി
കാത്തുനിൽക്കുന്ന
ഒരു നിഴൽപോലെ.

എന്റെ കാലുകൾക്ക്
എന്നെ തന്നെ
വഹിക്കാൻ കഴിയുന്നില്ല.
എന്റെ ഉള്ളിൽ
എത്രയോ മരണങ്ങൾ
ഒരേ സമയം
ശ്വാസംമുട്ടിക്കിടക്കുന്നു.

പിന്നെ—ഒരു നിമിഷം.
ആകാശം പൊട്ടിത്തെറിച്ചു.
ഭൂമി വിറച്ചു.
ചെവികളെ കീറിമുറിക്കുന്ന
ഒരു ശബ്ദം.

ആകാശത്തുനിന്ന്
തീയും ഇരുമ്പും ചിതറിവീണു.

പൊടിയും പുകയും
ചാരവും ചേർന്ന്
ഒരിക്കൽ ഞങ്ങൾ
‘വീട്’ എന്ന് വിളിച്ചിരുന്ന
സ്ഥലത്തെ വിഴുങ്ങി.

ചുമരുകൾ വീണു.
വാതിലുകൾ തകർന്നു.
ജനലുകൾ മിണ്ടാതായി.

എന്റെ കിടക്ക,
എന്റെ പുസ്തകങ്ങൾ,
എന്റെ അച്ഛന്റെ ചിത്രം,
അമ്മയുടെ മാലയുടെ ഗന്ധം,
ഭാര്യയുടെ ചിരി—

എല്ലാം
ഒരു കൂമ്പാരമായി

അവശിഷ്ടങ്ങൾക്കടിയിൽ.

അവർ
എന്റെ വീട് മാത്രമല്ല
തകർത്തത്.

എന്റെ ഓർമ്മകളെയും
അവർ കല്ലുകൾക്കടിയിൽ
കുഴിച്ചുമൂടി.

വിദ്വേഷത്തിന്റെ
ഭാരമുള്ള കൈകളാൽ.

പക്ഷേ—
അവർ അറിയുന്നില്ല.
ചുമരുകൾ തകർന്നാൽ
ഓർമ്മകൾ തകരുകയില്ല.

വീടുകൾ കത്തിയാൽ
വീട്ടിലുണ്ടായിരുന്ന
സ്നേഹം കത്തിപ്പോകില്ല.

പൊടി അടർന്നാലും
പേരുകൾ മാഞ്ഞുപോകില്ല.

അവ ഇപ്പോഴും
അവശിഷ്ടങ്ങൾക്കടിയിൽ
ശ്വാസമെടുക്കുന്നു.
ചാരത്തിനിടയിൽ
ഒരു കുഞ്ഞിന്റെ ചിരിപോലെ,
തകർന്ന ജനലിലൂടെ
വരുന്ന കാറ്റുപോലെ,
രാത്രിയുടെ നിശ്ശബ്ദതയിൽ
അമ്മയുടെ വിളിപോലെ—

അവ പതുക്കെ
പേരുകൾ ഉച്ചരിക്കുന്നു.

ഒരിക്കൽ ഇവിടെ
ജീവിച്ചിരുന്നവരുടെ പേരുകൾ.

ഒരിക്കൽ
ഈ ഇടത്തെ
‘വീട്’ എന്ന് വിളിച്ചവരുടെ പേരുകൾ.

അവരുടെ ഓർമ്മകൾ
മണ്ണിനടിയിൽ കിടക്കുന്നില്ല.

അവ മണ്ണിനടിയിൽ നിന്ന്
ഇന്നും സംസാരിക്കുന്നു.

കാരണം—

ഒരു ബോംബിനു
ഒരു വീടു തകർക്കാം;
പക്ഷേ
ഒരു മനുഷ്യന്റെ ഓർമ്മയെ
കൊല്ലാനാവില്ല.

2.  അവർ നിങ്ങളോട് കള്ളം പറഞ്ഞു

അഹ്മദ് മിഖ്ദാദ്
വിവ:ശർമില ഷിറിൻ

അവർ നിങ്ങളോട് കള്ളം പറഞ്ഞു—
വംശഹത്യ അവസാനിപ്പിച്ചുവെന്ന്
അവർ പറഞ്ഞപ്പോൾ.

അവർ നിങ്ങളോട് കള്ളം പറഞ്ഞു-
ഇന്നും ഞാൻ കേൾക്കുന്നു
ചാരനിറം പൂണ്ട ആകാശത്തിനു മീതെ
ചുറ്റിത്തിരിയുന്ന ഡ്രോണുകളുടെ
ഭയപ്പെടുത്തുന്ന മൂളൽ—
മറ്റൊരു വാസസ്ഥലം തേടുന്ന
വിശന്ന ഇരപിടിയൻ പക്ഷികളെപ്പോലെ.

അവർ നിങ്ങളോട് കള്ളം പറഞ്ഞു-
കനത്ത ബോംബുകളുടെ ഭാരത്തിൽ
എന്റെ വീട് തകർന്നുവീഴുന്നത്
ഞാൻ നേരിൽ കണ്ടു.
തകർന്ന ഓർമ്മകളെപ്പോലെ
ചുമരുകൾ ഒന്നൊന്നായി നിലംപതിച്ചു;
ഒരിക്കൽ ചിരികൾ നിറഞ്ഞിരുന്ന മുറികൾ
ആ ചിരികളെയെല്ലാം
സ്വന്തം ഇരുട്ടിനുള്ളിലേക്ക് വിഴുങ്ങി.

അവർ നിങ്ങളോട് കള്ളം പറഞ്ഞു-

വിധവകളുടെ നിലവിളികളും
അനാഥരായ കുഞ്ഞുങ്ങളുടെ
വിറയുന്ന കരച്ചിലും
ഇന്നും ഞാൻ കേൾക്കുന്നു—
പൊടിയുടെയും അവശിഷ്ടങ്ങളുടെയും
അടിയിൽനിന്നുയർന്ന്
ആകാശത്തോട് നീതി ചോദിക്കുന്ന
നിശ്ശബ്ദ നിലവിളികൾ.

അവർ നിങ്ങളോട് കള്ളം പറഞ്ഞു—
ഞങ്ങളുടെ വീടുകൾ
ഒന്നിനുപിറകെ ഒന്നായി
അവർ തകർത്തുകൊണ്ടിരുന്നപ്പോൾ.

ഒരിക്കൽ പരിചിതമായിരുന്ന തെരുവുകൾ
പതിയെപ്പതിയെ
കോൺക്രീറ്റിന്റെയും ചാരത്തിന്റെയും
ശ്മശാനങ്ങളായി മാറിയപ്പോൾ.

അവർ നിങ്ങളോട് കള്ളം പറഞ്ഞു—
നാശത്തിന്റെ ചക്രവാളം
ഓരോ നിമിഷവും
കൂടുതൽ വിശാലമാകുമ്പോൾ;
ചാരനിറം പൂണ്ട ആകാശം
പുകയും ഭീതിയും നിറഞ്ഞ
മരണത്തിന്റെ ഗന്ധം
കാറ്റിലേറ്റിക്കൊണ്ടുപോകുമ്പോൾ.

അവർ നിങ്ങളോട് കള്ളം പറഞ്ഞു—
ഞങ്ങളെ നിശ്ശബ്ദമായി
കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോൾ;
ഞങ്ങളുടെ പേരുകൾ
അവശിഷ്ടങ്ങൾക്കടിയിൽ
മാഞ്ഞുപോകുമ്പോൾ;
ഞങ്ങളുടെ കഥകൾ
ഞങ്ങളോടൊപ്പം തന്നെ
മണ്ണിനടിയിൽ അടക്കം ചെയ്യപ്പെടുമ്പോൾ;

അവർ നിങ്ങളോട് കള്ളം പറഞ്ഞു—
കൊലപാതകം അവസാനിച്ചുവെന്ന്
ലോകത്തോട് അവർ പറഞ്ഞപ്പോൾ.

പക്ഷേ—
ഞങ്ങൾ ഇപ്പോഴും ഇവിടെ തന്നെയുണ്ട്.
ചാരത്തിനടിയിൽ,
അവശിഷ്ടങ്ങൾക്കിടയിൽ,
നിലവിളികൾക്കിടയിൽ—
ഞങ്ങളുടെ പേരുകളുമായി,
ഞങ്ങളുടെ ഓർമ്മകളുമായി,
ഞങ്ങളുടെ സത്യവുമായി.

content highlight : Two poems by Palestinian poet Ahmed Miqdad, “The House of Memories” and “They Lied to You,” translated by teacher and translator Sharmila Sherin, are presented here