ട്വന്റി ട്വന്റിയുടെ എന്‍.ഡി.എ പ്രവേശനം; മൂന്ന് നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്
Kerala
ട്വന്റി ട്വന്റിയുടെ എന്‍.ഡി.എ പ്രവേശനം; മൂന്ന് നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്
രാഗേന്ദു. പി.ആര്‍
Friday, 23rd January 2026, 4:11 pm

കൊച്ചി: സാബു എം. ജേക്കബിന്റെ എന്‍.ഡി.എ പ്രവേശനത്തില്‍ ട്വന്റി ട്വന്റിയില്‍ ഭിന്നത. ജനപ്രതിനിധികളോടും അണികളോടും ചര്‍ച്ച ചെയ്യാതെയാണ് സാബു ജേക്കബിന്റെ കളം മാറ്റമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

സാബുവിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളില്‍ പലരും രാജിവെക്കുമെന്നാണ് വിവരം.

നിലവില്‍ വടവോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് മുന്‍ പഞ്ചായത്ത് മെമ്പര്‍ ജീല്‍ മാവേലി, മഴുവന്നൂര്‍ പഞ്ചായത്തിലെ ട്വന്റി ട്വന്റിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന രഞ്ജു പുളിഞ്ചോടന്‍ എന്നിവര്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

മൂവരും കോണ്‍ഗ്രസിന് പിന്തുണയും അറിയിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നീക്കമാണ് സാബുവിന്റേതെന്ന് റസീന പരീത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘മുന്‍കാലങ്ങളില്‍ ഒരു രാഷ്ട്രീയ പ്രസംഗം നടത്തുമ്പോള്‍ പറയാറുള്ളത്, ട്വന്റി ട്വന്റി ഇടതിലേക്കുമില്ല വലതിലേക്കുമില്ല എന്നാണ്. അഥവാ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ലയിക്കണമെന്ന് തോന്നിയാല്‍ പാര്‍ട്ടി പിരിച്ചുവിടുമെന്നും. എന്നാല്‍ ഇതിന് വിപരീതമായ രീതിയിലാണ് സാബു എം. ജേക്കബ് എന്‍.ഡി.എ പ്രവേശനം പ്രഖ്യാപിച്ചത്,’ റസീന പരീത് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ട്വന്റി ട്വന്റി ബന്ധത്തെ കുറിച്ച് സംശയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിന് കൃത്യമായ ഉത്തരം ലഭിച്ചു. അതോടെയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ജനാധിപത്യ സംവിധാനത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.

നിലവിലുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ ട്വന്റി ട്വന്റി വിടുമെന്നും റസീന പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഒരു കൂട്ടരാജി പ്രതീക്ഷിക്കാമെന്നനും റസീന പരീത് വ്യക്തമാക്കി.

ഇങ്ങനെയൊരു ലയനം ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും റസീന പറഞ്ഞു. അടുത്തിടെ പാര്‍ട്ടി ഒരു ലോയാലിറ്റി കാര്‍ഡ് നല്‍കിയിരുന്നു. അതിനുള്ള സര്‍വേ ഫോമില്‍ ജാതിയും മതവും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. അന്നതിനെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും, ട്വന്റി ട്വന്റി ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവർത്തിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും റസീന പറഞ്ഞു.

ഇതിലൂടെ തങ്ങള്‍ക്കൊപ്പം ഇത്രയിത്ര പേരുണ്ടെന്ന് സാബു എം. ജേക്കബിന് പലരേയും അറിയിക്കാന്‍ കഴിയുമായിരുന്നുവെന്നും റസീന പരീത് പറഞ്ഞു. സബ്‌സിഡി കിട്ടുമെന്ന് പറഞ്ഞാണ് ലോയാലിറ്റി കാര്‍ഡിനുള്ള സര്‍വേ നടത്തിയതെന്നും റസീന പ്രതികരിച്ചു.

അതേസമയം ഇന്നലെ (വ്യാഴം) എന്‍.ഡി.എയിലേക്ക് പോയ സാബു എം. ജേക്കബിന് ഇന്ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം ലഭിച്ചിരുന്നു.

Content Highlight: Twenty Twenty joins NDA; Three leaders resign and join Congress

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.