2026 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നേറ്റവുമുണ്ടാക്കാന്‍ സാധിക്കാതെ ട്വന്റി 20. എന്‍.ഡി.എ സഖ്യവുമായി ചേര്‍ന്ന് മത്സരിച്ച ട്വന്റി 20 പലയിടങ്ങളിലും മൂന്നാം സ്ഥാനത്താണ്. 19 സീറ്റുകളിലാണ് ട്വന്റി 20 മത്സരിച്ചത്. എറണാകുളത്ത് മാത്രം ഒമ്പത് സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. തൃക്കാക്കര, തൃപ്പുണിത്തുറ, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ ട്വന്റി 20 ചിത്രത്തില്‍ പോലുമില്ല.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്വന്റി 20 ഉയര്‍ത്തിക്കാട്ടിയ അഖില്‍ മാരാര്‍, അഞ്‌ലി നായര്‍, ആതിര ഡി നായര്‍ എന്നിവര്‍ വളരെ പിന്നിലാണ്. ഫലമെണ്ണി തുടങ്ങിയ ആദ്യ റൗണ്ട് മുതല്‍ ഈ മൂന്ന് പേരും ഒരിക്കല്‍ പോലും വെല്ലുവിളിയുയര്‍ത്തിയിരുന്നില്ല. തൃക്കാക്കര മണ്ഡലത്തില്‍ 11 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 33902 വോട്ടുകള്‍ക്ക് അഖില്‍ മാരാര്‍ പിന്നിലാണ്.
തൃപ്പുണിത്തുറയില്‍ മത്സരിക്കുന്ന അഞ്ജലി നായരുടെ സ്ഥിതിയും വ്യത്യസ്തമല്ല. 10000ലധികം വോട്ടുകള്‍ക്ക് പിന്നിലാണ് അഞ്ജലി. ഏറ്റുമാനൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ആതിര ഡി. നായര്‍ 35000 വോട്ടുകള്‍ക്കാണ് പിന്നില്‍ നില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ആതിരയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ചക്ക ചിഹ്നത്തില്‍ മത്സരിച്ച ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അഞ്ജലി, ആതിര എന്നീ സ്ഥാനാര്‍ത്ഥികള്‍ ചക്കയെ പുകഴ്ത്തി പറഞ്ഞതെല്ലാം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഫലം പുറത്തുവരുമ്പോള്‍ ചക്ക വിളയാത്ത കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
അതേസമയം കേരളത്തില്‍ യു.ഡി.എഫിന്റെ വമ്പന്‍ മുന്നേറ്റമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ പകുതിയോടടുക്കുമ്പോള്‍ 90ലധികം സീറ്റുകളില്‍ യു.ഡി.എഫ് തരംഗമാണ്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും ബംഗാളിലും ഭരിക്കുന്ന പാര്‍ട്ടികള്‍ തിരിച്ചടി നേരിടുകയാണ്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് വിജയ്‌യുടെ ടി.വി.കെ അപ്രതീക്ഷിത മുന്നേറ്റം നടത്തുമ്പോള്‍ ബംഗാളില്‍ തൃണമൂലിനെ പിന്തള്ളി ബി.ജെ.പി കുതിക്കുകയാണ്.
Content Highlight: Twenty 20 Candidates facing loss in Assembly Election