ചെന്നൈ: കരൂരിലെ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നില്‍ ഡി.എം.കെയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
കരൂര്‍ ദുരന്തത്തിന്റെ പേരില്‍ കിംവദന്തികള്‍ പരത്തരുതെന്ന് സ്റ്റാലിന്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഡി.എം.കെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വീഡിയോ പുറത്തെത്തിയത്.
മുന്‍മന്ത്രിയും ഡി.എം.കെ എം.എല്‍.എയുമായ സെന്തില്‍ ബാലാജിയുടെ മനപൂര്‍വമായ ഇടപെടലാണ് ദുരന്തമുണ്ടാക്കിയതെന്നാണ് ടി.വി.കെയുടെ ആരോപണം.
റാലി അലങ്കോലമാക്കാന്‍ സെന്തില്‍ ബാലാജി ഇടപെട്ടു. റാലിയിലേക്ക് സെന്തില്‍ ബാലാജി ഏര്‍പ്പാടാക്കിയ ഗുണ്ടകള്‍ നുഴഞ്ഞുകയറിയെന്നും അവരാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ടി.വി.കെ ആരോപിക്കുന്നു. കരൂരിലെ ദുരന്തത്തില്‍ ടി.വി.കെക്കും റാലിക്ക് നേതൃത്വം നല്‍കിയ വിജയ്ക്കും നേരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ട്ടി ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന ഹരജി സമര്‍പ്പിച്ചത്.
റാലിയിലേക്കുള്ള വൈദ്യുതി മനപൂര്‍വം വിച്ഛേദിച്ചു. ഇടുങ്ങിയ പ്രദേശമാണ് റാലിക്കായി അനുവദിച്ചത്. ഇക്കാര്യങ്ങളിലെല്ലാം ഡി.എം.കെയെ സംശയമുണ്ടെന്നാണ് ടി.വി.കെ പറയുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്നും ടി.വി.കെ ആരോപിച്ചു.
സെന്തില്‍ ബാലാജിയുടെ ദുരന്തത്തിന് ശേഷമുള്ള പ്രവര്‍ത്തികളെല്ലാം അപകടം മുന്‍കൂട്ടി കണ്ടിരുന്നു എന്ന് സംശയിക്കുന്ന തരത്തിലുള്ളതാണെന്ന് ടി.വി.കെ വാദിക്കുന്നു.
അപകടമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ സെന്തില്‍ ബാലാജി ആശുപത്രിയിലേക്കെത്തി. വാര്‍ത്താസമ്മേളനവും വിളിച്ചു. ഇതിലെല്ലാം സംശയമുണ്ടെന്നാണ് വിജയ്‌യുടെ പാര്‍ട്ടി പറയുന്നത്.
സെന്തില്‍ ബാലാജിയുടെ ശക്തി കേന്ദ്രമാണ് കരൂര്‍. ഇവിടേക്ക് വിജയ് വരുന്നത് തിരിച്ചടിയാകുമെന്നതിനാലാണ് ഡി.എം.കെ ഇടപെടല്‍ നടത്തിയതെന്നാണ് ടി.വി.കെയുടെ വാദം.
അതേസമയം, ഇത്തരം പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ ജനങ്ങളോട് സംവദിക്കാനായി വീഡിയോ സന്ദേശം പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയിലടക്കം പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ തള്ളിക്കളയണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. വിജയ്‌യുടെ പാര്‍ട്ടിയെയോ താരത്തേയോ പരാമര്‍ശിക്കാതെയാണ് സ്റ്റാലിന്റെ വീഡിയോ.
ഇതിനിടെ, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കാണാനായി കരൂരിലെത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ കരൂര്‍ സന്ദര്‍ശിക്കാനുള്ള വിജയ്‌യുടെ അഭ്യര്‍ത്ഥന തമിഴ്‌നാട് പൊലീസ് നിരസിച്ചിരുന്നു.
Content Highlight: TVK says DMK and Senthil Balaji behind Karur tragedy; Stalin says don’t spread rumours