ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ എല്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി. 2026 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടീമിനെതിരെ നടപടിയെടുക്കണമെന്നാണ് തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഈ വിഷയത്തില്‍ പരസ്യ നിലപാടെടുക്കുന്ന യുവേഫയില്‍ അംഗമായ ആദ്യ രാജ്യമായി തുര്‍ക്കി മാറി. മറ്റ് രാജ്യങ്ങള്‍ വിലക്ക് എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഈ നടപടി ആവശ്യപ്പെടുന്ന ആദ്യ രാജ്യമാണ് തുര്‍ക്കി.
നടപടി ആവശ്യപ്പെട്ട് തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഇബ്രാഹിം ഹാസിയോസ്മാനോഗ്ലു വെള്ളിയാഴ്ച ഫിഫക്കും യുവേഫക്കും കത്തെഴുതിയിട്ടുണ്ട്.
‘സാമൂഹിക മൂല്യങ്ങള്‍ക്കും സമാധാനത്തിനും വേണ്ടി നിലനില്‍ക്കുമ്പോഴും കായിക ലോകവും ഫുട്‌ബോള്‍ സംഘടനകളും ഒരുപാട് കാലമായി മൗനത്തിലാണ്. ഈ മൂല്യങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ ഗസയിലും അതിന് ചുറ്റുമുള്ള സ്ഥലങ്ങളിലും ഇസ്രഈല്‍ നടത്തുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്,’ ഇബ്രാഹിം ഹാസിയോസ്മാനോഗ്ലു പറഞ്ഞു.
ഇതിന് പുറമെ, അത്ലറ്റ്‌സ് ഫോര്‍ പീസ് എന്ന കൂട്ടായ്മയും ഇസ്രഈലിനെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 48 ഉന്നത പ്രൊഫഷണല്‍ അത്ലറ്റുകളുടെ ഒരു കൂട്ടായ്മയാണിത്. ഇതില്‍ ഫ്രഞ്ച് ഫുട്‌ബോളര്‍ പോള്‍ പോഗ്ബയും ഇംഗ്ലണ്ട് ക്രിക്കറ്റര്‍ മൊയീന്‍ അലിയും ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരായതിനാല്‍ കായിക രംഗം നീതി, ന്യായം, മാനവികത എന്നിവയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് കൂട്ടായ്മ പ്രസ്താവനയിലൂടെ അറിയിച്ചു.
‘അന്താരാഷ്ട്ര നിയമം പാലിക്കുകയും സാധാരണക്കാരെ കൊല്ലുന്നതും വ്യാപകമായ പട്ടിണിയും അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലിനെ എല്ലാ മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന് ഞങ്ങള്‍ യുവേഫയോട് ആവശ്യപ്പെടുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഫുട്‌ബോള്‍ ലോകത്ത് ഒന്നാകെ ഫലസ്തീനിലെ ഇസ്രഈല്‍ വംശഹത്യയില്‍ പ്രതിഷേധം കനക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഇതിഹാസമായ എറിക് കന്റോണ അടക്കമുള്ള താരങ്ങള്‍ ഇസ്രഈലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്‌പെയിന്‍ ഇസ്രഈല്‍ ലോകകപ്പിന് യോഗ്യത നേടിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ യുവേഫ ഇസ്രഈലിന്റെ അംഗത്വം താത്കാലികമായി നിര്‍ത്തലാക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. യുവേഫയുടെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഇസ്രഈല്‍ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത വ്യത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഫിഫ ഇസ്രഈലിനെ വിലക്കുന്ന നടപടിയിലേക്ക് കടക്കുമോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍, യുവേഫയും ഫിഫയും ഉക്രൈനിലെ യുദ്ധത്തിനെ തുടര്‍ന്ന് 2022ല്‍ റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധം തുടങ്ങി മൂന്നാം ദിവസമായിരുന്നു റഷ്യക്കെതിരെയുള്ള നടപടി.
Content Highlight: Turkey and professional Athletes coalition call on FIFA, UEFA to ban Israel Football Team